ചില ഹെലികോപ്റ്റർ ചിന്തകൾ : ഇങ്ങനെ ഭരണ – പ്രതിപക്ഷ കക്ഷികൾ ജനനന്മയുടെ കാര്യത്തിൽ ഒരുമിച്ചു നിന്നാൽ നമുക്ക് ലോകത്ത് ഒന്നാമതെത്താം – പിണറായിക്കും ചെന്നിത്തലയ്ക്കും ലൈക്കടിച്ച് അന്താരാഷ്ട്ര വിദക്ദ്ധനായ ഡോ. മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി
Sunday, August 12, 2018

ഞാനും മുഖ്യമന്ത്രിയും തമ്മിൽ ഒരു അന്തർധാര ഉണ്ടെന്ന് കുറേ പേരെങ്കിലും ചിന്തിക്കുന്നുണ്ട്. ചിലരെങ്കിലും എന്നോട് ചോദിക്കുന്നുമുണ്ട്. ഇല്ല എന്ന് ഞാൻ ആരോടും പറയാറും ഇല്ല. നിങ്ങൾ ആരെന്നതിലും കൂടുതൽ നിങ്ങൾ ആരുടെ ആരാണെന്ന് നോക്കി നിങ്ങളെ വില വക്കുന്ന കാലത്ത് ചുമ്മാ കിട്ടുന്ന ക്രെഡിറ്റ് എന്തിനാണ് വെറുതെ വക്കുന്നത്. മുഖ്യമന്ത്രിയോട് ഇവരൊന്നും ഏതാണെങ്കിലും ചോദിക്കാൻ പോകുന്നില്ല.

അപ്പോൾ ഈ അന്തർധാര തെളിയിക്കാനുള്ള ഒരു ചാൻസ് കിട്ടുമ്പോൾ ഞാൻ വിടുമോ. നമ്മുടെ മുഖ്യമന്ത്രി തെക്കു തൊട്ടു വടക്ക് വരെ ഹെലികോപ്റ്ററിൽ ഒന്ന് യാത്ര ചെയ്യണം എന്ന് ഞാൻ ജൂലൈയിൽ ഒരു പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.

“ഇവിടെയാണ് നമ്മുടെ നയവും നിയമവും കൈകാര്യം ചെയ്യുന്നവർ ഒരു ഹെലികോപ്റ്ററിൽ കയറി കേരളം മുഴുവൻ സഞ്ചരിക്കേണ്ടതിന്റെ ആവശ്യം. ഓരോ ക്വാറിക്കും ലൈസൻസ് ഉണ്ടോ, ഓരോ ഗ്രാമവും പരിസ്ഥിതി ലോലമാണോ എന്നൊക്കെയുള്ള ചിന്തകൾ അപ്പോൾ മാറിക്കിട്ടും. കടലിനും മലക്കും ഇടക്ക് ഒരു ചെറിയ ചിന്ത് പോലെ മൊത്തം പരിസ്ഥിതി ലോലമായ ഒരു പ്രദേശമാണ് കേരളം.

ഇപ്പോൾ നമുക്കുള്ള നയങ്ങളും നിയമങ്ങളും നടപ്പിലാക്കി നാം കേരളം ഭരിച്ചാൽ തന്നെ നമ്മുടെ പരിസ്ഥിതി സന്തുലിതാവസ്ഥ നില നിർത്താൻ ബുദ്ധിമുട്ടാണ്. അപ്പോൾ നിയമം പാലിക്കാതിരുന്നാലുള്ള കാര്യം പറയാനുമില്ലലോ.

പക്ഷെ കേരളത്തെ മൊത്തം പരിസ്ഥിതി ലോലമായി കണ്ട്, പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും നമുക്ക് ഒറ്റയടിക്ക് ഉപയോഗിച്ച് തീർക്കാനുള്ളതല്ല നമ്മുടെ അടുത്ത തലമുറക്ക് കൈമാറാനുള്ളതാണ് എന്ന ചിന്തയോടെ നയങ്ങളും നിയമങ്ങളും ഉണ്ടാക്കിയാൽ മാത്രമേ കേരളത്തിന് പാരിസ്ഥിതികമായ ഒരു ഭാവി ഉള്ളൂ. പക്ഷെ തൽക്കാലം എങ്കിലും നമ്മുടെ നേതൃത്വവും ചിന്തയും തറനിരപ്പിൽ തന്നെ ആണ്, അവർ എന്നെങ്കിലും ഒക്കെ ഹെലികോപ്റ്ററിൽ കയറും എന്ന് നമുക്ക് ആഗ്രഹിക്കാം എന്ന് മാത്രം. ”

പറഞ്ഞിട്ട് ഒരു മാസം ആയില്ല, ഇന്നിതാ അതും നടന്നു!. സന്തോഷം..

കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു എന്നത് ഏറെ സന്തോഷം തരുന്നു. ലോക കേരള സഭയുടെ സമയത്തും പ്രതിപക്ഷ നേതാവ് മുഴുവൻ സമയവും വേദിയിൽ മുഖ്യമന്ത്രിയോട് ഒപ്പം ഉണ്ടായിരുന്നു. ലോകത്തെ മറ്റു പ്രദേശങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് കേരളം എന്ന എൻ്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണീ കാഴ്ച. സമാധാനകാലത്തും ദുരിത കാലത്തും നമ്മുടെ ഭരണ പ്രതിപക്ഷ കക്ഷികൾ ജനനന്മയുടെ കാര്യത്തിൽ ഒരുമിച്ചു നിന്നാൽ നമുക്ക് ഇന്ത്യയിലെ നമ്പർ വൺ സ്ഥാനത്തു നിന്നും ലോകത്ത് തന്നെ ഒന്നാമതെത്താം.

ഒരു ചെറിയ കാര്യം കൂടി പറയട്ടെ, ഇപ്പോൾ കേരളത്തിൽ നാം കാണുന്നത് ഒരു ദുരന്തമല്ലഐക്യരാഷ്ട്ര സഭയുടെ നിർവചനം അനുസരിച്ച് . ലഭ്യമായ വിഭവവും അറിവും വച്ച് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറത്തുള്ള സംഭവങ്ങളെ ആണ് ദുരന്തം എന്ന് പറയുന്നത് (A disaster is a serious disruption, occurring over a relatively short time, of the functioning of a community or a society involving widespread human, material, economic or environmental loss and impacts, which exceeds the ability of the affected community or society to cope using its own resources).

ഇപ്പോൾ കേരളത്തിൽ വലിയ മഴ ഉണ്ടായി, ഉരുൾ പൊട്ടൽ ഉണ്ടായി, വെള്ളപ്പൊക്കം ഉണ്ടായി. പക്ഷെ അതിനെ കൈകാര്യം ചെയ്യാനുള്ള അറിവും കഴിവും നമ്മുടെ സർക്കാരിനുണ്ട്. അതൊക്കെ സർക്കാർ വേണ്ട തരത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. അതിനാണ് മുഖ്യമന്ത്രി ചെയർമാനായി ദുരന്തനിവാരണ അതോറിറ്റി ഉള്ളത്, അവർ വേണ്ട തരത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട്. വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്കും വീട് നഷ്ടപ്പെട്ടവർക്കും ദുരിതം തീർച്ചയായും ഉണ്ട്, അവർക്ക് സമയബന്ധിതമായി ആശ്വാസം നൽകുകയാണ് പ്രധാനം.

രാഷ്ട്രീയത്തിനപ്പുറം ജനക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എന്‍റെ ആശംസകൾ..

(ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഹെലികോപ്റ്ററിൽ മുണ്ടുടുത്ത് കയറുന്നത് സുരക്ഷിതമല്ല, സാരിയുടെ കാര്യവും അങ്ങനെ തന്നെ. മിക്കവാറും സമയം ഹെലിക്കോപ്റ്ററിൽ പങ്ക ചലിപ്പിച്ച് തുടങ്ങിയിട്ടാണ് ആള് കയറുന്നത്, പങ്ക നിൽക്കുന്നതിന് മുൻപ് ആളിറങ്ങുകയും ചെയ്യും. മുണ്ട് പോലെ ലൂസ് ആയ വസ്ത്രം കാറ്റിൽ ദേഹത്ത് നിന്ന് പറന്നു പോകും.

സ്വാഭാവികമായി, റിഫ്ലക്സ്‌ ആക്ഷൻ വഴി അതിനെ പിടിക്കാൻ നമ്മൾ പുറകെ പോകും, പിറകിലെ പങ്കയിൽ പെട്ട് കബാബാകും. ഒരു തൊപ്പി പോലും വക്കാൻ സുരക്ഷാ സംവിധാനം ഞങ്ങളെ അനുവദിക്കാറില്ല. ഹെൽമെറ്റ് ഉണ്ടെങ്കിൽ അതിന്‍റെസ്ട്രാപ്പ് ഇട്ടേ ഹെലികോപ്ടറിന്റെ അടുത്ത് പോകാൻ പറ്റൂ. ഇത്തവണ കുഴപ്പം ഉണ്ടാകാതിരുന്നത് നല്ലത്, പക്ഷെ ഇനി ഒരു അവസരം ഉണ്ടായാൽ ഇക്കാര്യം മുണ്ടും സാരിയും ഷാളും ഒക്കെ ഉള്ളവർ ശ്രദ്ധിക്കണം).

[ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി . ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ച വിദഗ്ദ്ധന്‍. ഐക്യരാഷ്ടസംഘടനയിലെത്തും മുമ്പ് ഷെൽ ഗ്രൂപ്പിന്റെ എണ്ണക്കമ്പനികളിൽ പരിസ്ഥിതി ഉപദേശകനായിരുന്നു ]

×