പറവൂർ ഉപജില്ല കലോത്സവത്തിനിടെ വിദ്യാർത്ഥികളെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, November 16, 2019

കോട്ടയം : പറവൂർ ഉപജില്ല കലോത്സവത്തിനിടെ 2 വിദ്യാർത്ഥികളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. വൈപ്പിൻ കുഴുപ്പള്ളി സ്വദേശി ശരത്താണ് പിടിയിലായത്. താമരശേരിയിൽ ഒളിവിൽ കഴിയവെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പറവൂർ ഉപജില്ല കലോത്സവം നടക്കുന്നതിനിടെയാണ് 9 ആം ക്ലാസ് വിദ്യാർത്ഥികളായ 2 കുട്ടികൾക്ക് കത്തിക്കുത്തേറ്റത്. സഹപാഠിയായ വിദ്യാർത്ഥിനിയോട് സംസാരിച്ച് കൊണ്ടിരുന്ന ഇവരെ ശരത്തും കൂട്ടാളികളും ആക്രമിക്കുകയായിരുന്നു.

വിദ്യാർത്ഥികൾ സഹപാഠിയോട് സംസാരിച്ചത് ശരത്തിന് ഇഷ്ട്ടമാകാതിരുന്നതാണ് ആക്രമണത്തിന് കാരണം. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശരത്ത് കുട്ടികളെ കുത്തി സാരമായി പരുക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥികളിൽ ഒരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റാരാൾ എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ശരത്തിനോടൊപ്പം ആക്രമണത്തിൽ പങ്കാളികളായിരുന്ന 3 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി

×