ജാതിയുടെ പേരിൽ പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, April 19, 2021

ചെന്നൈ: തമിഴ്നാട്ടിൽ ജാതിയുടെ പേരിൽ പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ കാമുകനും സുഹൃത്തും സഹോദരനും ചേർന്ന് കഴുത്തു ഞെരിച്ചു കൊന്നു. കള്ളകുറിച്ചി ജില്ലയിലെ ഉളന്തൂർ പെട്ടിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കാമുകനെ പോലീസ് ഹൈദരാബാദിൽ വച്ചു പിടികൂടി.

ഇരുപത്തിയൊന്നു കാരനായ രംഗസാമിയും നഴ്സിങ് വിദ്യാർത്ഥിയായ 18 വയസുള്ള സരസ്വതിയും കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിൽ ആയിരുന്നു. ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെങ്കിലും ചെന്നൈയിൽ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിൽ ആകുന്നതും.

പ്രണയം വീട്ടിൽ അറിഞ്ഞതോടെ സരസ്വതിയുടെ മാതാപിതാക്കൾ എതിർത്തു. രംഗസാമി ദളിത്‌ വിഭാഗത്തിൽ പെട്ടയാളാണെന്നതായിരുന്നു എതിർപ്പിന് കാരണം. മാതാപിതാക്കളുടെ നിർബന്ധത്തെ തുടർന്നു സ്വരസ്വതി സ്വന്തം ജാതിയായ വണ്ണിയ സമുദായത്തിലെ ഒരാളെ വിവാഹം കഴിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ഇക്കാര്യം സംസാരിക്കാനാണ് രംഗസാമി പുലർച്ചെ സ്വരസതിയുടെ വീടിനു സമീപം എത്തിയത്. ഒളിച്ചോടാൻ നിർബന്ധിച്ചെങ്കിലും പെൺകുട്ടി തയ്യാറായില്ല. കോപാകുലനായ രംഗസ്വാമി ദുപ്പട്ട ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തു മുറുക്കി.

മരണം ഉറപ്പയതോടെ സുഹൃത്തായ രവീന്ദ്രന്റെയും 16 വയസുള്ള സഹോദരന്റെയും സഹായത്തോടെ സമീപത്തെ പൊതു ശുചിമുറിയിൽ കൊണ്ടിട്ടു രക്ഷപെട്ടു. നേരം വെളുത്തപ്പോഴാണ് പെണ്കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.

പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് രംഗസാമിയെ പോലീസ് നിരീക്ഷിച്ചത്. പെൺകുട്ടിയുടെ മൊബൈൽ ഫോണും ഇയാൾ കൈക്കലാക്കിയിരുന്നു.

ഇതിന്റെ സിഗ്നൽ പിന്തുടർന്ന് ഹൈദരാബാദിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി കൊല്ലപ്പെട്ടതോടെ പേടിച്ചു പോയ രവീന്ദ്രനും രംഗസാമിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനും കള്ളകുറിച്ചിയിലെ ഒരു പാലത്തിനു അടിയിൽ ഒളിച്ചു താമസിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കൊലയാളികൾക്കെതിരെ ഗുണ്ട നിയമം ചുമത്തണമെന്നു പാട്ടാളി മക്കൾ കക്ഷി ആവശ്യപ്പെട്ടു രംഗത്ത് എത്തിയതോടെ വണ്ണിയ ദളിത്‌ സംഘർഷമായി സംഭവം മാറുമെന്ന ആശങ്ക ശക്തമാണ്. കല്ലാകുറിച്ചിയിൽ വൻ പോലീസിനെ വിന്യസിച്ചിട്ടുണ്ട് .

×