Advertisment

പ്രവാസി മലയാളി നോമ്പുകാലത്ത് എഴുതിയ പെരുന്നാള്‍ പാട്ട്; ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

New Update

publive-image

Advertisment

പാലക്കാട്: നോമ്പുകാലത്തിന്‍റെ നോവും നിനവുമായി പ്രവാസി മലയാളി എഴുതിയ പെരുന്നാള്‍ പാട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ഈ പെരുന്നാളിന് എല്ലാ മലയാളികള്‍ക്കും അര്‍പ്പിച്ചുകൊണ്ടെഴുതിയ ഗാനമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

ദീര്‍ഘകാലമായി ദുബായില്‍ സ്ഥിര താമസമാക്കിയ അബ്ദുള്‍ ഗഫൂര്‍ അയത്തില്‍ എഴുതി കൂറ്റുവേലി ബാലചന്ദ്രന്‍ ഈണം നല്‍കി ആലപിച്ച ഖുര്‍ ആന്‍റെ വചനങ്ങള്‍ എന്ന ഗാനമാണ് ഇപ്പോള്‍ പ്രവാസികളുടെ പ്രിയഗാനമായി മാറിയിരിക്കുന്നത്.

മനുഷ്യസ്നേഹവും സാഹോദര്യവും വിളിച്ചോതുന്നതാണ് പാട്ടിലെ വരികള്‍. എല്ലാ മനുഷ്യര്‍ക്കും വെളിച്ചം പകരുന്ന ഖുര്‍ ആന്‍റെ സന്ദേശം കൂടി ഈ ഗാനത്തിലുണ്ട്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ അബ്ദുള്‍ ഗഫൂര്‍ ഒട്ടേറെ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. നാടിന്‍റെ നന്മ വിളിച്ചോതുന്നതാണ് ഒട്ടുമിക്ക പാട്ടുകളും.

ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും ഒക്കെ അദ്ദേഹം രചിച്ചിട്ടുണ്ട്.മാനവ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമുയര്‍ത്തുന്ന ആ പാട്ടുകളെല്ലാം തന്നെ ഏറെ ശ്രദ്ധേയമായിരുന്നു.അവയെല്ലാം തന്നെ പ്രവാസികള്‍ക്കിടയില്‍ പ്രിയപ്പെട്ട പാട്ടുകളായിരുന്നു.

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകര്‍ വിദ്യാധരന്‍ മാസ്റ്റര്‍,ഹിഷാം അബ്ദുള്‍ വഹാബ് എന്നിവരും അബ്ദുള്‍ ഗഫൂര്‍ അയത്തിലിന്‍റെ പാട്ടുകള്‍ക്ക് സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിട്ടുണ്ട്.

ശബരിമല ശാസ്താവിനെയും പമ്പാനദിയെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഗാനം ആലപിച്ചിട്ടുള്ളത് വിദ്യാധരന്‍ മാസ്റ്ററായിരുന്നു.ചുരുക്കം ഗാനങ്ങളേ രചിച്ചിട്ടുള്ളെങ്കിലും അവയെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയ പാട്ടുകളായിരുന്നു.

ദീര്‍ഘകാലമായി തുടരുന്ന പ്രവാസ ജീവിതത്തിനിടയിലും നാട്ടിന്‍പുറത്തിന്‍റെ നന്മകളും നാടിനെക്കുറിച്ചുള്ള ഓര്‍മ്മകളുമൊക്കെയാണ് ഈ പ്രവാസിയെ കവിതകളിലേക്കും പാട്ടുകളിലേക്കും അടുപ്പിക്കുന്നത്.

പ്രവാസ ജീവിതത്തിനിടയില്‍ പല തരത്തിലുള്ള ജോലികള്‍ ചെയ്തിട്ടുള്ള അബ്ദുള്‍ ഗഫൂര്‍ വര്‍ഷങ്ങളോളം കപ്പലിലായിരുന്നു.അക്കാലത്തെ ജീവിതത്തിലെ ഏകാന്തതകളില്‍ നിന്നാണ് പലപ്പോഴും കവിതകളും പാട്ടുകളും പിറവിയെടുത്തതെന്ന് അദ്ദേഹം പറയുന്നു.പിതാവ് ഒരു നിമിഷകവിയായിരുന്നു.

അദ്ദേഹത്തിന്‍റെ കാവ്യാംശങ്ങള്‍ തന്നിലും പകര്‍ന്നിട്ടുണ്ടാകാം. കുറെ പാട്ടുകളും കവിതകളും എഴുതുന്നതിനേക്കാള്‍ സ്നേഹവും സാഹോദര്യവും ജീവിതമൂല്യങ്ങളും ഉയര്‍ത്തിക്കാട്ടുന്ന പാട്ടുകള്‍ രചിക്കാനാണ് തനിക്ക് താല്പര്യമെന്ന് അബ്ദുള്‍ ഗഫൂര്‍ പറയുന്നു.

ദുബായിലെ സാംസ്ക്കാരിക-സാഹിത്യ രംഗത്തെ സജീവ സാന്നിധ്യം കൂടിയാണ് ഈ എഴുത്തുകാരന്‍.

-പി.ആർ സുമേരൻ (പിആർഒ)

palakkad news
Advertisment