Advertisment

പൂഞ്ഞാര്‍ സീറ്റിനായി അവകാശവാദമുന്നയിച്ച് മുസ്ലീംലീഗ് ! ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റില്‍ നിന്നും പിന്മാറിയത് നിയമസഭയിലേക്ക് പരിഗണിക്കുമെന്ന ഉറപ്പിലെന്നു ലീഗ്. ലീഗ് ജില്ലാ കമ്മറ്റിയുടെ അവകാശവാദം സംസ്ഥാന കമ്മറ്റിയുടെ പിന്തുണയോടെ. ജോസഫിന് അര്‍ഹിക്കാത്ത സീറ്റുകള്‍ നല്‍കിയ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പൂഞ്ഞാറിലും പതിവു തുടരുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ചില നേതാക്കളില്‍ നിന്നും പണം വാങ്ങി സീറ്റുകള്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ശക്തം

New Update

publive-image

Advertisment

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഒരു സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്ലീംലീഗ് നേതൃത്വം. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട പശ്ചാത്തലത്തില്‍ അവര്‍ മത്സരിച്ചിരുന്ന സീറ്റുകളിലൊന്ന് വേണമെന്നാണ് ലീഗിന്റെ ആവശ്യം.

പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി വേണമെന്നാണ് ലീഗ് നിര്‍ബന്ധം പിടിക്കുന്നത്. മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിന്റെ പേരാണ് കോട്ടയം ജില്ലയില്‍ പരിഗണിക്കുന്നത്. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് ഒരു സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു.

അന്നു എരുമേലി ഡിവിഷനാണ് ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതു വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് മൂന്നു ഡിവിഷനുകളില്‍ മത്സരിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നു ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ആവശ്യം പരിഗണിക്കാമെന്ന വാഗ്ദാനം അന്നു നേതാക്കള്‍ നല്‍കിയിരുന്നുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂഞ്ഞാര്‍ സീറ്റ് ലീഗ് ലക്ഷ്യമിടുന്നത്.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ മുസ്ലീം വിഭാഗങ്ങള്‍ കൂടുതലുണ്ടെന്നും അതുകൊണ്ടുതന്നെ ഒരു സീറ്റ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നുമാണ് ലീഗിന്റെ വിലയിരുത്തല്‍. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും ഇതിനുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ലീഗിന്റെ സാന്നിധ്യം വര്‍ധിപ്പിക്കണമെന്നത് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമായിരുന്നു.

അതേസമയം ലീഗിന്റേത്‌ അംഗീകരിക്കാനാവാത്ത നിലപാടാണെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ജോസഫ് വിഭാഗത്തിന് തന്നെ അര്‍ഹിച്ചതിലേറെ പ്രാധാന്യം നല്‍കിയ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ചില നേതാക്കളില്‍ നിന്നും പണം വാങ്ങി സീറ്റുകള്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.

നേരത്തെ ചങ്ങനാശേരിയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച ജില്ലയിലെ ഒരു പ്രമുഖ നേതാവ് ജോസഫ് വിഭാഗത്തിന് വഴിവിട്ട സഹായം ചെയ്തു നല്‍കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജോസഫ് വിഭാഗം ചോദിച്ച സീറ്റുകള്‍ മുഴുവന്‍ നല്‍കി അവരെ ജയിപ്പിക്കാന്‍ ഈ നേതാവ് നടക്കുകയായിരുന്നുവെന്നാണ് പരാതി.

ജില്ലയിലെ ഉന്നതനായ ഈ നേതാവ് തന്നെ പണം വാങ്ങിയാണോ ലീഗ് നേതാക്കളെ സീറ്റിനായി ഇളക്കിവിടുന്നതെന്നും ചില നേതാക്കള്‍ സംശയിക്കുന്നുണ്ട്. അതിനിടെ ലീഗിന്റെ ആവശ്യം സമ്മര്‍ദ്ദമാണെന്നും മലബാറില്‍ അധിക സീറ്റുകിട്ടാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും കോണ്‍ഗ്രസ് നേതൃത്വം സംശയിക്കുന്നുണ്ട്.

Advertisment