വയനാട് മുട്ടില്‍ മരംമുറി വിവാദത്തില്‍ ആരോപണ വിധേയനായ ചാനല്‍ മേധാവിയെ വിളിച്ചു വരുത്തി സര്‍ക്കാരിലെ ഉന്നതന്‍ ! മരംമുറി നടന്നാല്‍ വലിയ തുക ചാനലില്‍ നിക്ഷേപിക്കുമെന്ന് പ്രതികള്‍ ചാനല്‍ മേധാവിക്ക് ഉറപ്പു നല്‍കി. മുറിച്ച മരം ഒന്നിന് 100 രൂപ വീതം പിഴ നല്‍കി മരം കടത്താനും പ്രതികള്‍ നീക്കം നടത്തി. പ്രതികളെ വഴിവിട്ട് സഹായിച്ചത് മറ്റൊരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ ചാനലിന്റെ മലബാറിലെ മേധാവിയായ ഈ മാധ്യമപ്രവര്‍ത്തകനെ വിവാദമുണ്ടായതോടെ മാറ്റി നിര്‍ത്തി. പണ്ട് പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആരോപണമുയര്‍ന്ന ഈ മാധ്യമപ്രവര്‍ത്തകന്‍ മരംമുറി കേസിലെ മുഖ്യപ്രതികളെ മന്ത്രിയെ കാണിച്ചു കേസൊതുക്കാന്‍ നീക്കം നടത്തി

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, June 9, 2021

കൊച്ചി: വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ ചാനല്‍ മേധാവിയെ സര്‍ക്കാരിലെ ഉന്നതന്‍ വിളിച്ചു വരുത്തി. കഴിഞ്ഞ ദിവസമാണ് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഈ ചാനലിന്റെ മേധാവിയെ ഉന്നതന്‍ വിളിച്ചുവരുത്തിയത്. മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് ഇദ്ദേഹം ചാനല്‍ മേധാവിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

വയനാട് മുട്ടില്‍ 15 കോടിയിലധികം രൂപയുടെ മരങ്ങള്‍ വനഭൂമിയില്‍ നിന്നും അനധികൃതമായി വെട്ടിവില്‍ക്കാന്‍ ശ്രമിച്ച കേസിലാണ് ചാനല്‍ മേധാവി അനധികൃതമായി ഇടപെടാന്‍ നീക്കം നടത്തിയത്. വലിയ തട്ടിപ്പുകാരായ ഒരുസംഘത്തിന് വേണ്ടിയായിരുന്നു ഇദ്ദേഹം ഇടപെട്ടത്. ഈ ഇടപാട് നടന്നാല്‍ വലിയ തുക ചാനലില്‍ നിക്ഷേപിക്കുമെന്നു പറഞ്ഞായിരുന്നു ഇദ്ദേഹത്തെ ഇവര്‍ കൂടെ നിര്‍ത്തിയത്.

മരം മുറിക്കാന്‍ വനംവകുപ്പിന്റെ ഒത്താശയുണ്ടെന്നും മരമൊന്നിന് 100 രൂപ പിഴയൊടുക്കിയാല്‍ മതിയെന്നാണ് നിയമമെന്നും ഇവര്‍ ഇദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇടപെട്ടതെന്നും സര്‍ക്കാരിലെ ഉന്നതനോട് ഇദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്ന ഇവര്‍ തട്ടിപ്പുകാരല്ലെന്നാണ് ചാനല്‍ മേധാവിയുടെ വാദം.

എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ വലിയ വിവാദമുണ്ടായാല്‍ സംരക്ഷിക്കാന്‍ താനുണ്ടാകില്ലെന്നു ഉന്നതന്‍ ചാനല്‍ മേധാവിയോട് പറഞ്ഞിട്ടുണ്ട്. കേസ് നിലവില്‍ കൈവിട്ട സ്ഥിതിയിലാണെന്നും ഇദ്ദേഹം വ്യക്തമാക്കി. അതിനിടെ കേസുമായി ബന്ധപ്പെട്ട് അട്ടിമറിക്ക് നേതൃത്വം നല്‍കിയ മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ ആ സ്ഥാപനം താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയെന്നാണ് സൂചന.

ഒരു പ്രമുഖ സ്ഥാപനത്തിലെ മലബാര്‍ മേഖലയുടെ ചുമതലക്കാരനായ ഈ മാധ്യമ പ്രവര്‍ത്തകനാണ് മന്ത്രി എകെ ശശീന്ദ്രനെ പ്രതികള്‍ക്ക് ഒപ്പം സന്ദര്‍ശിച്ചത്. ഇതേ മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ് കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനുമായി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി മന്ത്രിയെ കണ്ടതും. എല്ലാം മുട്ടില്‍ കേസ് അട്ടിമറിക്കാനായിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുമായും മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായുമൊക്കെ വലിയ അടുപ്പമുണ്ടെന്നു അവകാശപ്പെടുന്നയാളാണ് ഈ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. മുമ്പ് പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്ന വിവാദത്തിലും ഇതേ മാധ്യമ പ്രവര്‍ത്തകന്‍ പെട്ടിരുന്നു.

×