Advertisment

നടുപ്പാറ എസ്‌റ്റേറ്റ് ഇരട്ട കൊലപാതകം:ബോബിന്‍ ലിസ്റ്റില്‍ കൊലപ്പെടാനായി ഒരാള്‍ കൂടിയുണ്ടായിരുന്നു ; മൃഗങ്ങളെ കൊല്ലുന്നതുപോലെ രണ്ടു മനുഷ്യരെ ഇല്ലാതാക്കി പ്രതി നടത്തിയത് നരനായാട്ട്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

രാജകുമാരി : കൊലപാതകങ്ങള്‍ നടത്തുന്നതിനു നാലു ദിവസം മുമ്പ് മാത്രമായിരുന്നു രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശിയായ ബോബിന്‍ ജേക്കബിന്റെ എസ്‌റ്റേറ്റില്‍ ജോലിക്കെത്തുന്നത്. എസ്റ്റേറ്റ് ജോലിക്കാരനായി എത്തുന്നതിനു മുമ്പുള്ള ബോബിന്റെ ജീവിതത്തെ കുറിച്ച് പലകഥകളുണ്ട്. കുട്ടിക്കാലം മുതല്‍ കുറ്റവാസന പ്രകടിപ്പിച്ചിരുന്നു ബോബിന്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോടുമായി അധികം ബന്ധമില്ല. വീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നില്ല. പിതാവിനെ പത്തുവര്‍ഷം മുമ്പ് കാണാതായതാണ്. അമ്മയും ഒരു സഹോദരനുമാണ് വീട്ടിലുള്ളത്. ബോബിന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഇയാള്‍ പല ജോലികളും നോക്കിയിരുന്നു.

Advertisment

publive-image

കശാപ്പ് ജോലിയും ചെയ്തിരുന്നുവെന്നു പറയുന്നു. ഒറ്റയ്ക്ക് നായാട്ടിനു പോകാന്‍ താത്പര്യം കാണിച്ചിരുന്ന ബോബിന് ഹൈറേഞ്ചിലെ കാടുകളെല്ലാം സുപരിചിതമായിരുന്നുവെന്നും പറയുന്നു. മൃഗങ്ങളെ വേട്ടായാടി പിടിക്കാനുള്ള വൈദഗ്ധ്യം തന്നെയാണ് രണ്ടു കൊലപാതകങ്ങള്‍ ഒറ്റയ്ക്ക് നടത്താനും ബോബിന് സഹായകമായത്. എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. മോഷണക്കേസുകളും ഇയാള്‍ക്ക് മേല്‍ പറയുന്നുണ്ട്. കണ്ണില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചത് ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ബോബിനെതിരേ മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

ബോബിന്‍ ഒരു കൊലപാതകത്തിനു കൂടി തയ്യാറെടുത്തിരുന്നു. മറ്റാരുമല്ല; ഇസ്രവേല്‍. കപിലയുമൊത്തുള്ള ജീവിതത്തിന് ഇസ്രവേല്‍ ഒരു തടസമാകും എന്നതായിരുന്നു ആ തയ്യാറെടുപ്പിനു പിന്നില്‍. ഇസ്രവേലിന്റെ ജീവന്‍ നഷ്ടപ്പെടാതിരുന്നതിന് ഒരുതരത്തില്‍ നന്ദി പറയേണ്ടത് ജേക്കബിനോടാണ്. തന്റെ കഴുത്തില്‍ കുത്തിയശേഷം വീണ്ടും കത്തി താഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ ജേക്കബ് ബോബിന്റെ കൈ തട്ടിമാറ്റിയാണ് ഓടിയത്. ജേക്കബിന്റെ ഈ പ്രതിരോധത്തില്‍ ബോബിന്റെ കൈയില്‍ മുറിവേറ്റു. ജേക്കബിനെ പിന്നീടയാള്‍ അവസാനിപ്പിച്ചെങ്കിലും മുറിവേറ്റതോടെ ഇസ്രവേലിനെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചു.

എന്നാല്‍ തന്നെയും കൊല്ലാന്‍ ബോബിന് പദ്ധതിയുണ്ടായിരുന്നുവെന്ന് അറിയാതെ കൊലയാളിയെ സഹായിക്കാന്‍ ഇസ്രവേല്‍ ഒപ്പം നിന്നു എന്നതാണ് മറ്റൊരുകാര്യം. ഇരട്ട കൊലപാതകങ്ങള്‍ക്കുശേഷം ബോബിന്‍ ജേക്കബിന്റെ വണ്ടിയുമായി എത്തുന്നത് ഇസ്രവേലിന്റെയും കപിലയുടെയും വീട്ടിലേക്കാണ്. വണ്ടി ഉപേക്ഷിക്കാനും രക്ഷപ്പെട്ടു പോകാനും ബോബിനെ സഹായിച്ചത് ഇസ്രവേലായിരുന്നു. ഒപ്പം കപിലയും ഉണ്ടായിരുന്നവെങ്കിലും ഇസ്രവേലിന് ബോബിനും തന്റെ ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ബോബിനിലേക്കുള്ള അന്വേഷണത്തില്‍ പൊലീസ് ഇസ്രവേലിനെയും കപിലയേയും കണ്ടെത്തുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കൊലപാതകത്തിനു സഹായിച്ചതിന്റെ പേരില്‍ കേസ് നേരിടേണ്ട രണ്ടുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

ചിന്നക്കനാല്‍ നടുപ്പാറയിലെ ഏലത്തോട്ടത്തിലേക്ക് ക്രിസ്തുമസ് അവധിക്ക് വീട്ടില്‍ വന്നശേഷം പുതുവര്‍ഷ ദിനത്തിലാണ് ജേക്കബ് വര്‍ഗീസ് തിരിച്ചെത്തുന്നത്. എസ്‌റ്റേറ്റിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഔട്ട് ഹൗസില്‍ ഒറ്റയ്ക്കാണ് ഇവിടെയെത്തിക്കഴിഞ്ഞാലുള്ള ജേക്കബിന്റെ താമസം. ഏലം വിളപ്പെടുപ്പ് സമയമാകുമ്പോള്‍ മുത്തയ്യ വരും. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ജേക്കബ് കോട്ടയത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് വിളി ഉണ്ടായകാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതേ ഭയം തന്നെയായിരുന്നു മുത്തയ്യയുടെ വീട്ടുകാര്‍ക്കും. തോട്ടത്തിലേക്ക് പോയ ആളുടെ വിവരമൊന്നും ഇല്ലാതെ വന്നതോടെ ബന്ധുക്കള്‍ എസ്‌റ്റേറ്റില്‍ തിരക്കിയെത്തി. ആ വരവിലാണ് കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങളെ കുറിച്ച് പുറംലോകം അറിയുന്നത്.

ഇടുക്കി ചിന്നക്കനാലില്‍ ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍പ്പെട്ട നടുപ്പാറയില്‍ 40 ഏക്കറിലാണ് കോട്ടയം മാങ്ങാനം സ്വദേശിയായ ജേക്കബ് ജോര്‍ജ്(40) എന്ന രാജേഷിന് ഏലത്തോട്ടം ഉള്ളത്. വിദേശത്തായിരുന്ന ജേക്കബ് നാലുവര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഭാര്യയും മകളും ഉള്ള ജേക്കബ് ഏലത്തോട്ടത്തിലെ വീട്ടില്‍ പക്ഷേ ഒറ്റയ്ക്കായിരുന്നു താമസം. നടുപ്പാറയില്‍ തന്നെ റിഥംസ് ഓഫ് മൈന്‍ഡ് എന്നൊരു റിസോര്‍ട്ട് കൂടി ജേക്കബിനുണ്ട്.

ജേക്കബിന്റെയും മുത്തയ്യയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. ഏലത്തോട്ടത്തിലായിരുന്നു ജേക്കബിന്റെ മൃതദേഹം കണ്ടെത്തിയത്. സ്‌റ്റോറിനകത്ത് ചാക്കുകൊണ്ട് മൂടിയ നിലയിലായിരുന്നു മുത്തയ്യ. ജേക്കബ് മാരകമായ കുത്തേറ്റായിരുന്നു കൊല്ലപ്പെട്ടതെങ്കില്‍ മുത്തയ്യയെ തലയില്‍ കൂടം കൊണ്ട് അടിച്ച് കൊലപെടുത്തുകയായിരുന്നു.

സമയം രാത്രി പന്ത്രണ്ടരയോട് അടുത്തിരുന്നു. മുത്തയ്യ ഉറക്കത്തിലായിരുന്നു. ഏലക്ക സൂക്ഷിച്ചിരിക്കുന്ന മുറിയുടെ പുറത്തായിട്ടായിരുന്നു മുത്തയ്യ കിടന്നിരുന്നത്. ആ ഉറക്കില്‍ തന്നെയാണ് കൊലയാളി ഭാരമേറിയ ചുറ്റിക അമ്പതുകാരനായ മുത്തയ്യയുടെ തലയില്‍ ആഞ്ഞടിക്കുന്നത്. ഒരു തവണയല്ല, നാലു തവണ. മരണം ഉറപ്പാക്കി കഴിഞ്ഞ് മൃതദേഹം വലിച്ചുകൊണ്ട് സ്റ്റോറിനുള്ളില്‍ ഇട്ടു. ഒരു ചാക്കിട്ട് മൂടി. പിന്നീട് സ്റ്റോര്‍ റൂം പുറത്തു നിന്നു പൂട്ടി.

ജേക്കബിന്റെ കഴുത്തില്‍ ആദ്യം കുത്തുകയായിരുന്നു. വീണ്ടും കൊലയാളിയുടെ കത്തി തന്റെ നേര്‍ക്കുയര്‍ന്നപ്പോള്‍ അത് തട്ടി മാറ്റിയോടാന്‍ ജേക്കബിനു കഴിഞ്ഞു. പക്ഷേ, അയാളില്‍ നിന്നുണ്ടായ നിലവിളി ആ തോട്ടത്തില്‍ തന്നെ ഒടുങ്ങി. ഒരുപാട് ദൂരമൊന്നും രക്ഷപ്പെട്ട് ഓടാന്‍ ജേക്കബിനു കഴിഞ്ഞില്ല. ഔട്ട് ഹാസിന്റെ പുറത്തായി വീണു. തളര്‍ന്നു വീണ ജേക്കബിന്റെ നെഞ്ചിലേക്ക് വീണ്ടും കത്തി കുത്തിയിറക്കി. മരിച്ചെന്ന് ഉറപ്പായപ്പോള്‍ ശരീരം വലിച്ചിഴച്ച് ഏലക്കാട്ടില്‍ ഉപേക്ഷിച്ചു.

കാമുകിയുമൊത്ത് ജീവിക്കുന്നതിന് പണം ഒപ്പിക്കാന്‍ ബോബിന്‍ കണ്ടെത്തിയ വഴിയാണ് രണ്ടു പേരുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. ഏലയ്ക്ക മോഷ്ടിക്കുകയായിരുന്നു ബോബിന്റെ പ്രധാനലക്ഷ്യം. ഏലയ്ക്ക സൂക്ഷിച്ചിരിക്കുന്ന മുറിക്ക് കാവലായി മുത്തയ്യ കിടന്നപ്പോള്‍ അയാളെ ഇല്ലാതാക്കി. അതിനുശേഷം ഏലയ്ക്ക എടുത്തു. ഇതുമായി പോകുന്നതിന് എസ്‌റ്റേറ്റ് വക വാഹനം എടുക്കാനാണ് തോട്ടത്തിലെ സൂപ്പര്‍വൈസര്‍ കൂടിയായ ബോബിന്‍ ജേക്കബ് താമസിക്കുന്ന ഔട്ട്ഹൗസില്‍ എത്തുന്നത്. താക്കോല്‍ ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്നതോടെ കൈയില്‍ കരുതിയിരുന്ന കത്തി ബോബിന്‍ ജേക്കബിന്റെ കഴുത്തില്‍ കുത്തി. ശബ്ദം പുറത്തു വരരുതെന്ന ഉദ്ദേശമായിരുന്നു കഴുത്തില്‍ കുത്തിയതിനു പിന്നില്‍. രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ നെഞ്ചില്‍ കുത്തി ആളെ തീര്‍ത്തു. തുടര്‍ന്ന് വാഹനം എടുത്തു പോയി.

Advertisment