Advertisment

അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ട് ദിവസത്തെ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവു റദ്ദാക്കി; റദ്ദാക്കിയത് സ്ഥലംമാറ്റ ഉത്തരവുകള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ട് ദിവസത്തെ ഉത്തരവുകള്‍ റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്. ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവുവാണ് സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കിയത്.

പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയത്. തുടര്‍ന്നാണ് ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്. പ്രധാനമന്ത്രിയും ചീഫ്ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും തീരുമാനത്തോട് യോജിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ വിയോജിച്ചിരുന്നു.

വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ടത്. ഡയറക്ടര്‍ ഫയര്‍ സര്‍വ്വീസസ് ആന്റ് ഹോം ഗാര്‍ഡ്‌സ് ആയാണ് മാറ്റം. രണ്ടരമണിക്കൂര്‍ നീണ്ടു നിന്ന സെലക്ഷന്‍ സമിതി യോഗം കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചു. അഴിമതിക്ക് സാഹചര്യ തെളിവുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അലോക് വര്‍മ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാര്‍ജ്ജുന ഖര്‍ഗെ വാദിച്ചു. അലോക് വര്‍മ്മയെ ഉടന്‍ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖര്‍ഗെയുടെ വിയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു. റഫാല്‍ ഇടപാട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ രംഗത്തു വന്നു.

സെലക്ഷന്‍ കമ്മിറ്റി യോഗം തുടരുമ്പോള്‍ തന്നെ അലോക് വര്‍മ്മ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരുന്നു. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു വീണ്ടും ഈ ഉത്തരവുകള്‍ റദ്ദാക്കാനാണ് സാധ്യത. രാകേഷ് അസ്താനയ്‌ക്കെതിരായ കേസില്‍ ഡല്‍ഹി ഹൈക്കോടതി വെള്ളിയഴ്ച വിധി പറയുന്നതിനു തൊട്ടുമുമ്പാണ് അലോക് വര്‍മ്മയക്ക് സ്ഥാനം നഷ്ടമായത്. രണ്ടു ദിവസം മുമ്പ് സുപ്രീം കോടതിയില്‍ നിന്ന് കനത്ത പ്രഹരമേറ്റ സര്‍ക്കാര്‍ ഒരു സുപ്രീംകോടതി ജഡ്ജിയുടെ പിന്തുണ ഉറപ്പാക്കി തിരിച്ചടിച്ചിരിക്കുന്നു. റഫാല്‍ ഇടപാടില്‍ എന്തെങ്കിലും അന്വേഷണം ഈ സര്‍ക്കാരിന്റെ കാലത്ത് വരാനുള്ള സാധ്യത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തോടെ ഇല്ലാതായി.

അതേസമയം സിബിഐ തലപ്പത്തെ മാറ്റത്തോട് കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സിബിഐ ഡയറക്ടറെ മാറ്റി സ്വന്തം ഇഷ്ടക്കാരനെ അവിടെ നിയമിക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്ന ഭയം എന്താണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ആനന്ദ് ശര്‍മ്മ ചോദിച്ചു. പ്രധാനമന്ത്രിയെ നയിക്കുന്നത് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment