Advertisment

ലോക്ഡൗ‍ൺ വന്നതോടെ ഷൂട്ടിങ്ങില്ല; ആറേഴു മാസമായി വരുമാനമൊന്നും ഇല്ലെങ്കിലും ജീവിതച്ചെലവിനു കുറവില്ലല്ലോ...; താടിയും മുടിയും നീട്ടി നന്ദു

author-image
ഫിലിം ഡസ്ക്
Updated On
New Update

ലോക്ഡൗണിനിടെ താടിയും മുടിയും നീട്ടിയ നന്ദുവിനെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവില്ല. നന്ദു ഒടുവിൽ സിനിമയിൽ അഭിനയിച്ചതു മാർച്ച് പത്തിനാണ്. ലോക്ഡൗ‍ൺ വന്നതോടെ ഷൂട്ടിങ്ങില്ല. ആറേഴു മാസമായി വരുമാനമൊന്നും ഇല്ലെങ്കിലും ജീവിതച്ചെലവിനു കുറവില്ലല്ലോ...

Advertisment

publive-image

നന്ദു പറയുന്നു:

മറ്റെല്ലാ മേഖലയിലുമുള്ളവർ ക്രമേണ ജോലിയിൽ മടങ്ങിയെത്തിയെങ്കിലും ചലച്ചിത്ര രംഗത്തുള്ളവർക്ക് അതിനു സാധിക്കുന്നില്ല. വായ്പ തിരിച്ചടയ്ക്കേണ്ടവർ അടച്ചേ പറ്റൂ. മലയാളത്തിലെ ഒരു നടി ലോക്ഡൗണിനു തൊട്ടു മുൻപു കാർ വാങ്ങാനുറച്ചു. മാസം 35,000 രൂപ വീതം വായ്പ അടയ്ക്കണം. സിനിമയില്ലാത്തതിനാൽ വരുമാനമില്ല. ലോക്ഡൗൺ സൂചന ലഭിച്ചപ്പോൾ ബാങ്കുകാരെ സമീപിച്ച് ഇപ്പോൾ വണ്ടി വേണ്ടെന്നു പറഞ്ഞു. എന്നാൽ, അവർ കാർ ഡീലർക്കു പണം കൈമാറിക്കഴിഞ്ഞിരുന്നു.

സിനിമയിലെ 2% പേർക്കു മാത്രമാണ് നല്ല സാമ്പത്തിക ശേഷിയുള്ളത്. വരുമാനം മുടങ്ങിയാലും 20% പേർക്കു കൂടി ജീവിക്കാം. സാധാരണ നടീനടന്മാർ, സാങ്കേതിക വിദഗ്ധർ, അസിസ്റ്റന്റുമാർ, ലൈറ്റ് ബോയ്സ്, മെസ് ജോലിക്കാർ, ഡ്രൈവർമാർ, ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങിയവർ കഷ്ടത്തിലാണ്. പലരെയും വ്യക്തിപരമായി സഹായിച്ചു. കൂടുതൽ സഹായിക്കാനാവാത്ത സ്ഥിതിയാണിപ്പോൾ. സെറ്റിൽ നമുക്കു ഭക്ഷണം വിളമ്പിയിരുന്നവർ പട്ടിണി കിടക്കുന്നതായി കേൾക്കുമ്പോൾ ദുഃഖമുണ്ട്.

താരസംഘടനയായ അമ്മ, സാമ്പത്തികശേഷിയുള്ളവരിൽനിന്നു പണം സമാഹരിച്ചു രണ്ടുതവണ സഹായം നൽകി. ഏറ്റവുമൊടുവിൽ ധനസമാഹരണം നടത്തിയപ്പോൾ പിരിവു നൽകാൻ നിവൃത്തിയില്ലെന്നു ഞാൻ ഇടവേള ബാബുവിനെ വിളിച്ചു പറഞ്ഞു. ലോക്ഡൗൺ മൂലം സ്വന്തം കാറുകളിലൊന്നു വിൽക്കേണ്ടി വന്നുവെന്നാണ് അപ്പോൾ ബാബു എന്നോടു പറഞ്ഞത്. ആറു മാസം വരുമാനം ഇല്ലാതാകുമെന്നു ഞങ്ങളാരും പ്രതീക്ഷിച്ചില്ല.

കോവിഡ് ആണെങ്കിലും ഒട്ടേറെ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വിഡിയോയിൽ ആശംസകൾ ചിത്രീകരിച്ചു നൽകുന്നുണ്ട്. സ്വയം മേക്കപ്പിട്ടു സ്വന്തം മൊബൈലിൽ ചിത്രീകരിച്ച് അയച്ചുകൊടുക്കുകയാണു പതിവ്. മെസേജ് വേണ്ടവരുടെ തിരക്കു കൂടിയപ്പോൾ ഇനി 2500 രൂപ തന്നാലേ നൽകൂ എന്നു തമാശയായി സുഹൃത്തിനോടു പറഞ്ഞു. അക്കൗണ്ട് നമ്പർ കൊടുത്താൽ 2500 രൂപ ഇട്ടേക്കാമെന്ന് അയാൾ പറഞ്ഞതോടെ തമാശയാണെന്നു പറഞ്ഞു തലയൂരി.

കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ശുചീകരണത്തൊഴിലാളികളുടെ കഥ പറയുന്ന ‘ഒപ്പം’ എന്ന ഹ്രസ്വചിത്രത്തിൽ ഞാൻ സൗജന്യമായി അഭിനയിച്ചിരുന്നു. കളമശേരിയിലായിരുന്നു ചിത്രീകരണം. ശുചീകരണത്തൊഴിലാളിയായി പിപിഇ കിറ്റ് ധരിച്ച് അഭിനയിച്ചപ്പോഴാണ് അവർ അനുഭവിക്കുന്ന വിഷമം മനസ്സിലായത്.

കോവിഡ്കാലത്ത് പ്രിയപ്പെട്ട പലരും കടന്നുപോയി. എന്നെ സിനിമയിലെത്തിച്ച എം.ജി.രാധാകൃഷ്ണൻ ചേട്ടന്റെ ഭാര്യ പത്മജച്ചേച്ചി, രവി വള്ളത്തോൾ, അനിൽ മുരളി, ലൊക്കേഷൻ നിയന്ത്രിച്ചിരുന്ന ദാസ് എന്നിങ്ങനെ പലരും...

പ്രിയദർശന്റെ സ്റ്റിൽ ഫൊട്ടോഗ്രഫറായ രാമലിംഗത്തിന്റെ ഭാര്യ ചെന്നൈയിൽ കോവിഡ് ബാധിച്ചു മരിച്ചു. എഴുപതു വയസ്സുള്ള അദ്ദേഹത്തിനു ഭാര്യയുടെ മൃതദേഹം പോലും കാണാൻ സാധിച്ചില്ല. അക്കാര്യം പറഞ്ഞ് മിക്ക ദിവസവും അദ്ദേഹം ഫോണിൽ വിളിച്ചു പൊട്ടിക്കരയാറുണ്ട്.

കോവിഡ്കാലത്തു പാചകപരീക്ഷണമാണു പ്രധാന ജോലി. യുട്യൂബ് നോക്കി ചൈനീസ്, ഇറ്റാലിയൻ ഭക്ഷണമെല്ലാം ഉണ്ടാക്കും. വീടിനു പുറത്തിറങ്ങാനാകാതെ മാനസികപ്രശ്നത്തിലായ മുതിർന്ന പൗരന്മാരെ ഫോണിലൂടെ ആശ്വസിപ്പിക്കാറുണ്ട്. നമ്മളെക്കാൾ വിഷമിക്കുന്നവരെക്കുറിച്ച് അറിയുമ്പോഴാണ് നമുക്കു വലിയ പ്രശ്നമൊന്നും ഇല്ലല്ലോ എന്ന തോന്നൽ ഉണ്ടാകുന്നത്.

film news
Advertisment