Advertisment

'നർക്കോട്ടിക് ജിഹാദ്' ആരോപണം പാലാ ബിഷപ്പ് വെറുതെയങ്ങ് പറഞ്ഞതല്ല ! ബിഷപ്പിൻ്റെ പരാമർശം സഭാ സിനഡും അറിഞ്ഞുതന്നെ. മാര്‍ കല്ലറങ്ങാടിന്‍റെ പ്രസംഗത്തിലെ 'പൊളിറ്റിക്കല്‍ ഫോക്കസ്' ചില വിദൂര ലക്ഷ്യങ്ങളോടെയെന്നും വിലയിരുത്തല്‍ ! സഭാ സ്ഥാപനങ്ങൾക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ ആക്രമണവും ബിഷപ്പിനെ ചൊടിപ്പിച്ചു. ബിഷപ്പിന്‍റെ വാക്കുകള്‍ നേരിടാനൊരുങ്ങി മുസ്ലിം സംഘടനകളും. പാലാ ബിഷപ്പിനെതിരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പോലീസിൽ പരാതി നൽകും ! ഒടുവില്‍ 'നർക്കോട്ടിക് ജിഹാദി'ല്‍ കേന്ദ്ര ഏജന്‍സികള്‍ കൈവച്ചാല്‍ സംഭവം 'സീരിയസ്' ആയും മാറും ..?

New Update

കോട്ടയം: 'നർക്കോട്ടിന് ഹിജാദ്' എന്ന ഗുരുതര ആരോപണം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് സഭ ഒന്നടങ്കം വ്യക്തമായി മുൻകൂട്ടി തീരുമാനിച്ചതിൻ പ്രകാരം.

Advertisment

publive-image

സഭാ സിനഡ് അവസാനിച്ചു ദിവസങ്ങൾ മാത്രം കഴിയുന്നതിനിടെ ബിഷപ്പിൻ്റെ പ്രസ്താവന വന്നത് ചില വിദൂര ലക്ഷ്യങ്ങളോടെയാണെന്ന വിലയിരുത്തല്‍ ശക്തമാണ്. ഒരു തിരുന്നാൾ ദിനത്തിലെ സ്വാഭാവിക പ്രസംഗം എന്നു മാത്രമായി ഇതിനെ വിലയിരുത്താന്‍ ആകില്ലെന്നാണ് സൂചനകള്‍. മാര്‍ കല്ലറങാടന്‍റെ ആരോപണങ്ങളില്‍ കത്തോലിക്കാ സഭയുടെ ഭാവി 'പൊളിറ്റിക്കല്‍ ഫോക്കസ്' ഒളിഞ്ഞിരിപ്പുണ്ടോ എന്ന സംശയം സാമൂഹിക നിരീക്ഷകര്‍ ഉന്നയിച്ചു കഴിഞ്ഞു.

കഴിഞ്ഞ മാസം നടന്ന സിറോ മലബാർ സഭാ സിനഡിനിടെയാണ് നർക്കോട്ടിക് ജിഹാദെന്ന വിഷയം സഭ ഗൗരവമായി ചർച്ച ചെയ്തത്. നേരത്തെ കേരളത്തിലേക്ക് മയക്കുമരുന്നുകൾ എത്തുന്നതിൽ വലിയ ആശങ്ക പല മെത്രാൻമാരും പങ്കുവച്ചിരുന്നു. ഇതിൻ്റെ കൂടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ചർച്ചയായത്.

റേവ് പാർട്ടികളിലടക്കം സംഘാടകരായി ഒരു സമുദായത്തിലെ അംഗങ്ങളാകുന്നതും പങ്കെടുക്കുന്നവരെല്ലാം മറ്റു സമുദായങ്ങളിൽ പെട്ടവരായതും സഭാ നേതൃത്വത്തിൽ ആശങ്ക കൂട്ടി. ഇതു കൂടി പരിഗണിച്ചാണ് നർകോട്ടിക് ജിഹാദ് പുറം ലോകത്തെ അറിയിക്കാൻ സഭ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ പാലാ ബിഷപ്പിൻ്റേത് ഒറ്റപ്പെട്ട ശബ്ദമാകില്ല.

ഒപ്പം അടുത്ത കാലത്ത് സഭയുടെ ആതുരസേവന രംഗത്തെയടക്കം ഒരു വിഭാഗം ആളുകൾ ആക്രമിച്ചതും പാലാ ബിഷപ്പിനെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഈ ഉദ്യമം മാർ ജോസഫ് കല്ലറങ്ങാട്ട് ഏറ്റെടുത്തതെന്നാണ് സൂചന. ബിഷപ്പിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഒറ്റക്കെട്ടായി നേരിടാനാണ് സിറോ മലബാർ സഭയുടെ തീരുമാനം.

അതേസമയം ബിഷപ്പിനെതിരായ നടപടികൾ വാക്കുകളിൽ ഒതുക്കാൻ മുസ്ലിം സംഘടനകളും തയ്യാറാകില്ല. ബിഷപ്പിനെതിരെ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ കേസു കൊടുക്കാനാണ് ഇവരുടെ നീക്കം. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം തൃശൂരിൽ ഒരു മുസ്ലിം സംഘടനാ നേതാവ് പരാതി നൽകിയിട്ടുണ്ട്.

ഒരു സമുദായത്തിലെ ഒന്നോ രണ്ടോ പേരൊ, ചില തീവ്രസ്വഭാവമുള്ള സംഘടനകളോ സ്വീകരിക്കുന്ന നിലപാടിൽ ആ മതത്തെയൊന്നാകെ ആക്ഷേപിക്കണമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. 'ലവ് ജിഹാദ്' എന്നത് വൈകാരികപരമായ ചില ചോദ്യങ്ങൾ മാത്രമാണ് ഉയർത്തുന്നത്.

എന്നാൽ നർക്കോട്ടിക് ജിഹാദെന്ന ആരോപണത്തിൻ്റെ മാനം വ്യത്യസ്തമാണ്. മയക്കുമരുന്ന് നൽകി സ്വാധിനിച്ച് മതം മാറ്റുന്നു എന്ന ആരോപണം ഗൗരവതരമാണ്. ദേശദ്രോഹ കുറ്റമാണ് മയക്കുമരുന്ന് കച്ചവടം.

ഇതിനുള്ള തെളിവില്ലാതെ വെറുമൊരു ആരോപണം പൊതുമധ്യത്തിൽ ഉന്നയിച്ചാൽ അതുണ്ടാക്കുന്ന സാമൂഹിക അസ്വസ്ഥത ചില്ലറയല്ല. അതുകൊണ്ടു തന്നെ തൻ്റെ ആരോപണത്തിനുള്ള തെളിവുകൾ കൈമാറേണ്ടത് ബിഷപ്പിൻ്റെ കടമയായി മാറും. ഇല്ലെങ്കിൽ വാദി പ്രതിയാകുന്ന സ്ഥിതിയാകും ഉണ്ടാകുക.

അതേസമയം ബിഷപ്പിന്‍റെ ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ കണ്ണു വച്ചാല്‍ സംഭവം 'സീരിയസ്' ആയും മാറും. അത് മാര്‍ കല്ലറങ്ങാട് ചൂണ്ടിക്കാണിച്ച ഒറ്റപ്പെട്ട ചില സംഭവങ്ങളില്‍ അന്വേഷണമായി മാറിയാല്‍ നിലവിലെ കളികള്‍ കാര്യമായി മാറും. വെറുതെ കാടടച്ചു വെടി വയ്ക്കുന്നവരല്ല കത്തോലിക്കാ സമുദായം എന്നതും ശ്രദ്ധേയമാണ്.

narcotic jihad
Advertisment