Advertisment

ദൈവത്തിൽ അർപ്പിച്ചതു കൊണ്ടാണ് പതിനേഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയത് ;ഹിമാലയത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ (സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുമ്പ്) എല്ലാ ദിവസവും ഉണർന്ന് വെള്ളം ചൂടാക്കുക പോലും ചെയ്യാതെ കുളിക്കും: തന്റെ പൂര്‍വ്വകാല ജീവിതം വിവരിച്ച് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെറുപ്പകാലത്ത് താനൊരു ആത്മാന്വേഷിയായിരുന്നെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിലാണ് കൗമാരകാലത്തെ സന്യാസ സമാനമായ ജീവിതത്തെക്കുറിച്ച് മോദി വെളിപ്പെടുത്തൽ നടത്തിയത്. അക്കാലത്ത് തനിക്ക് കൗതുകം കൂടുതലും വ്യക്തത കുറവുമായിരുന്നെന്ന് മോദി അവകാശപ്പെട്ടു.

Advertisment

17 വയസ്സാണ് പ്രായം. അന്ന് ഹിമാലയസാനുക്കളിൽ വെച്ച് സൈനികരെ കാണാനിടയായി. ഇതാണ് രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം ഉള്ളിൽ വളർത്തിയത്. പട്ടാളക്കാരനാകണമെന്ന് ആഗ്രഹിച്ചു. പിന്നീട് സന്യാസികളുമായി താൻ ഏറെ ബൗദ്ധികവിചാരങ്ങൾ നടത്തി. ഈ ലോകത്ത് തനിക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടു.

publive-image

ദൈവത്തിൽ അർപ്പിച്ചതു കൊണ്ടാണ് താൻ പതിനേഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയതെന്ന് മോദി പറഞ്ഞു. അതെസമയം ഭാര്യയെക്കുറിച്ച് മോദി അഭിമുഖത്തിൽ നിശ്ശബ്ദത പാലിച്ചു. അമ്മ തന്നെ മധുരം നല്‍കിയും നെറ്റിയിൽ തിലകമണിയിച്ചുമാണ് ഹിമാലയത്തിലേക്ക് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹിമാലയത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ (സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുമ്പ്) എല്ലാ ദിവസവും ഉണർന്ന് വെള്ളം ചൂടാക്കുക പോലും ചെയ്യാതെ കുളിച്ചിരുന്നെന്ന വെളിപ്പെടുത്തലും പ്രധാനമന്ത്രി നടത്തി. മരവിപ്പിക്കുന്ന തണുപ്പാണ് വെള്ളത്തിനുണ്ടായിരുന്നതെങ്കിലും തനിക്കത് ഊഷ്മളമായ അനുഭൂതിയായിരുന്നു ഉണ്ടാക്കിയതെന്നും മോദി പറഞ്ഞു. പ്രപഞ്ചത്തിന്റെ താളവുമായി എങ്ങനെ കൂടിച്ചേരണമെന്ന് തന്നെ സന്യാസിമാർ പഠിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

പ്രപഞ്ചത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് താനെന്ന് സ്വയം തിരിച്ചറിഞ്ഞാൽ ഉള്ളിലെ എല്ലാ അഹമ്മതിയും ഇല്ലാതാകുമെന്ന് മോദി അഭിമുഖത്തിൽ പറഞ്ഞു. താൻ ലൈബ്രറിയിൽ പോകുമായിരുന്നെന്നും കൈയിൽ കിട്ടുന്നതെല്ലാം വായിക്കുമായിരുന്നെന്നും മോദി പറഞ്ഞു. എട്ടാം വയസ്സു മുതൽ ശാഖയിൽ പോയിത്തുടങ്ങി. ഒമ്പതാം വയസ്സിൽ ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ ഒരുല ഭക്ഷണകേന്ദ്രം ഒരുക്കുന്ന ജോലിയിലേർപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.

താൻ പിതാവിന്റെ ചായക്കടയിൽ സഹായിക്കാൻ നിന്നിരുന്ന കാര്യം ഈ അഭിമുഖത്തിലും മോദി ആവർത്തിച്ചു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് ഈ വർഷത്തെ രണ്ടാമത്തെ അഭിമുഖമാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി മാധ്യമങ്ങളോട് വിമുഖത കാണിക്കുന്നതിൽ വിമർശനങ്ങളുയർന്നതിന്റെ പശ്ചാത്തലം കൂടി ഈ അഭിമുഖങ്ങൾക്കുണ്ട്.

തന്റെ പൂർവ്വകാല ജീവിതത്തെക്കുറിച്ച് പറയുന്ന ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലുള്ള വിവരങ്ങളാണിവ. ആകെ അ‍ഞ്ച് ഭാഗങ്ങളുള്ളതിൽ ബാക്കി മൂന്ന് ഭാഗങ്ങൾ വരാനുണ്ട്.

Advertisment