Advertisment

നാസയുടെ ബഹിരാകാശപേടകം ഡോണ്‍ പ്രവര്‍ത്തനരഹിതമായി; നീണ്ട പതിനൊന്നു വര്‍ഷത്തെ ദൗത്യത്തിന് അന്ത്യം

New Update

Advertisment

കുള്ളന്‍ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ നാസ വിക്ഷേപിച്ച ബഹിരാകാശപേടകം ഡോണ്‍ പ്രവര്‍ത്തനരഹിതമായി. നീണ്ട പതിനൊന്നു വര്‍ഷത്തെ സേവനങ്ങള്‍ക്കൊടുവിലാണ് ഡോണിന്റെ ചരിത്രപ്രസിദ്ധമായ സേവനം അവസാനിക്കുന്നത്.

നാസയുടെ ഡീപ് സ്‌പെയ്‌സ് നെറ്റ്‌വര്‍ക്കുമായുള്ള സമ്പര്‍ക്കം ഡോണിനു നഷ്ടപ്പെട്ടതായി നാസ സ്ഥിരീകരിച്ചു. ഡോണിന്റെ ഇന്ധനമായ ഹൈഡ്രാസിന്‍ തീര്‍ന്നു പോയതാകാം ഡോണ്‍ പ്രവര്‍ത്തനരഹിതമാവാനുള്ള കാരണമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍.

‘ഇന്ന് ഞങ്ങള്‍ ഡോണ്‍ മിഷന്റെ അന്ത്യം ആഘോഷിക്കുകയാണ്- അതിന്റെ അത്ഭുതകരമായ സാങ്കേതിക നേട്ടങ്ങള്‍, അത് നമുക്ക് തന്ന നിര്‍ണ്ണായകമായ ശാസ്ത്രസത്യങ്ങള്‍, ഈ കണ്ടുപിടുത്തങ്ങളൊക്കെ സാധ്യമാക്കിയ ഡോണ്‍ എന്ന പേടകം യാഥാര്‍ത്ഥ്യമാക്കിയ ശാസ്ത്രജ്ഞര്‍, ഇവരെയൊക്കെ ഞങ്ങളിന്ന് ആഘോഷിക്കുകയാണ്’- നാസ പറഞ്ഞു

കുള്ളന്‍ ഗ്രഹങ്ങളായ വെസ്റ്റയില്‍ നിന്നും സിറീസില്‍ നിന്നും ഡോണ്‍ അയച്ചു തന്ന ചിത്രങ്ങള്‍ ആകാശഗംഗയുടെ ചരിത്രവും പരിണാമവും മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായകമാണ് നാസ പറഞ്ഞു.

2007 ല്‍ വിക്ഷേപിച്ച പേടകം ഇതുവരെ 6.9 ബില്ല്യണ്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു. 2015ല്‍ സൗരയൂഥത്തില്‍ ചൊവ്വായ്ക്കും വ്യാഴത്തിനുമിടിയ്ക്കുള്ള ‘അസ്റ്ററോയ്ഡ് ബെല്‍റ്റി’ലെ കുള്ളന്‍ഗ്രഹത്തിലെത്തിയ ഡോണ്‍ അവിടെയെത്തുന്ന ആദ്യത്തെ മനുഷ്യനിര്‍മ്മിത പേടകമായി മാറി. 2011 മുതല്‍ 2012 വരെ ഡോണ്‍ പേടകം ക്ഷുദ്രഗ്രഹമായ വെസ്ത യെ ചുറ്റി നിരീക്ഷിച്ചിരുന്നു.

Advertisment