Advertisment

അമിത് ഷായുടെ ചാണക്യ നീക്കങ്ങൾക്ക് കുരുക്കിടുന്ന കെ സി വേണുഗോപാലിനെ ലക്‌ഷ്യം വച്ച് ബിജെപിയുടെ സൈബർ നീക്കം ! അതിലകപ്പെട്ട് കോൺഗ്രസ് അണികളും ! പ്രതിരോധം ശക്തമാകുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ അതിശക്തനായി മാറി വേണുഗോപാൽ !

author-image
ജെ സി ജോസഫ്
New Update

ഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസിന്റെ നിർണ്ണായക നീക്കങ്ങൾക്ക് ചുക്കാൻ പിടിയ്ക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ ലക്‌ഷ്യം വച്ച് ബി ജെ പിയുടെ സോഷ്യൽ മീഡിയ ഓപ്പറേഷൻ.

Advertisment

കർണ്ണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഒടുവിൽ ഇപ്പോൾ മഹാരാഷ്ട്രയിലും സർക്കാർ രൂപീകരിക്കാൻ ബി ജെ പിയും അമിത് ഷായും ഒരുക്കിയ രാഷ്ട്രീയ അട്ടിമറികൾ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്ത കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് കെ സി വേണുഗോപാലായിരുന്നു.

publive-image

കെ സി ജനറൽ സെക്രട്ടറി ആയ ശേഷമായിരുന്നു ബി ജെ പിയുടെ പ്രസ്റ്റിജ് സംസ്ഥാനങ്ങളായ ഇവ നാലും പിടിച്ചെടുക്കാൻ അമിത് ഷാ തന്ത്രങ്ങൾ ഒരുക്കിയത്. നാലും പരാജയപ്പെടുത്താൻ ചുക്കാൻ പിടിച്ചത് അന്ന് കോർ കമ്മിറ്റിയിലും ക്രൈസിസ് മാനേജ്‌മെന്റിലും അംഗമായിരുന്ന കെ സിയായിരുന്നു.

കർണ്ണാടകയിൽ മാത്രം ഒന്നര വർഷങ്ങൾക്ക് ശേഷം ബി ജെ പി ഭരണം പിടിച്ചു. അത് നിലനിർത്താൻ ഡി കെ ശിവകുമാറിന്റെ അറസ്റ്റും ഒതുക്കലും എം എൽ എമാരുടെ അയോഗ്യതാ ഉത്തരവിന്റെ അട്ടിമറിയും ഉൾപ്പെടെ പതിനെട്ടടവും പയറ്റുകയാണ് ബി ജെ പി.

കർണ്ണാടകയുടെ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ സി വേണുഗോപാൽ നിയോഗിക്കപ്പെട്ട ശേഷമായിരുന്നു കർണ്ണാടക നിയമസഭാ ഇലക്ഷൻ. ഇലക്ഷന് ഒരു വർഷം മുമ്പ് ചുമതലയേറ്റ വേണുഗോപാൽ സംസ്ഥാനത്ത് പാർട്ടിയെ അടിത്തട്ട് മുതൽ പുനരുജ്ജീവിപ്പിച്ചു.

ഒടുവിൽ കർണാടകയുടെ ചരിത്രത്തിലാദ്യമായി ഭരണത്തിലിരുന്ന പാർട്ടി തുടർ ഭരണത്തിൽ പങ്കാളികളായി. അതിനായി യെദ്യൂരപ്പയെ മുൻനിർത്തി അമിത് ഷാ നേരിട്ട് നടത്തിയ നീക്കങ്ങളും അതിനെ പ്രതിരോധിക്കാൻ അർദ്ധരാത്രി ബാംഗ്ലൂരിൽ പറന്നെത്തി കെ സി ഒരുക്കിയ മറുനീക്കങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ മുൾമുനയിൽ നിർത്തി.

പിന്നാലെയായിരുന്നു മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ്. ഫലം വന്നപ്പോൾ കേവല ഭൂരിപക്ഷത്തിനരികെ വരെ കഷ്ടിച്ചെത്താനേ കോൺഗ്രസിന് കഴിഞ്ഞുള്ളു. ഇരു സംസ്ഥാനങ്ങളിലും അട്ടിമറി നടത്താൻ ബി ജെ പിയ്ക്ക് അത് ധാരാളമായിരുന്നു.

publive-image

പക്ഷെ, രാഷ്ട്രീയ നീക്കങ്ങൾക്ക് നേരിട്ട് ചുക്കാൻ പിടിച്ച വേണുഗോപാൽ അതും പൊളിച്ചടുക്കി. പിന്നീട് കർണ്ണാടകയിൽ ഏതറ്റം വരെയും ജനാധിപത്യത്തെ കശാപ്പ് ചെയ്യാം എന്ന് തെളിയിച്ച നാടകങ്ങളിലൂടെ ബി ജെ പി ഭരണം പിടിച്ചു.

ഒടുവിൽ മഹാരാഷ്ട്രയിൽ അർദ്ധരാത്രിയിലെ അട്ടിമറി നീക്കങ്ങളിലൂടെ ബി ജെ പി നൽകിയ പ്രഹരത്തിൽ ദേശീയ രാഷ്ട്രീയം തരിച്ചു നിന്നപ്പോൾ മണിക്കൂറുകൾക്കുള്ളിൽ കളം തിരിച്ചുപിടിക്കാൻ കെ സി വേണുഗോപാലും സംഘവും നടത്തിയ മറുനീക്കങ്ങളിൽ യഥാർത്ഥത്തിൽ പകച്ചത് അമിത് ഷാ തന്നെയായിരുന്നു.

അമിത് ഷായുടെ ചാണക്യ നീക്കങ്ങൾക്ക് അതെ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസിലൊരാൾ എന്നത് അമിത് ഷായെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ഇതോടെയാണ് കെ സിയെ ഒതുക്കാൻ ബദൽ നീക്കങ്ങളുമായി ബി ജെ പിയുടെ മുന്നൊരുക്കങ്ങൾ. മഹാരാഷ്ട്രയിൽ ശിവസേനയുമായി കൂട്ടുചേരാൻ കോൺഗ്രസ് ആലോചിച്ചപ്പോൾ മതേതരത്വം തുലയ്ക്കുന്നത് കെ സിയുടെ നേതൃത്വത്തിലെന്ന നിലയിൽ സോഷ്യൽ മീഡിയ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ബി ജെ പിയുടെയും ആർ എസ് എസിന്റെയും സോഷ്യൽ മീഡിയ ഗ്രൂപ്പുകളായിരുന്നു.

publive-image

ഗ്രൂപ്പും മറുഗ്രൂപ്പും നോക്കി നടക്കുന്ന ചില കോൺഗ്രസുകാരും അതിൽ വീണു. ഒടുവിൽ ശിവസേനാ സഖ്യം തകർത്ത് എൻ സി പിയുമായി ബി ജെ പി പോയെന്ന തോന്നലുണ്ടായപ്പോൾ തന്നെ ആദ്യം ബി ജെ പിയുടെ ആക്രമണം വേണുഗോപാലിനെതിരായിട്ടായിരുന്നു. അതിലും ചില കോൺഗ്രസ് അണികൾ വീണുപോയി. സി പി എം കേന്ദ്രങ്ങൾ അറിഞ്ഞോ അറിയാതെയോ അതേറ്റുപിടിക്കുകയും ചെയ്തു.

യഥാർത്ഥത്തിൽ മഹാരാഷ്ട്രയിലെ ശിവസേന സഖ്യത്തിന് ആദ്യം എതിരുനിന്നത് എ കെ ആന്റണിയും കെ സി വേണുഗോപാലും പി ടി ചാക്കോയും ഉമ്മൻചാണ്ടിയും ഉൾപ്പെട്ട എ ഐ സി സിയിലെ കേരളാ ലോബിയായിരുന്നു.

സോണിയാ ഗാന്ധിയുടെ പിന്തുണയും ഇവർക്കായിരുന്നു. പക്ഷെ, മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ശിവസേനാ , എൻ സി പി സഖ്യത്തെ അനുകൂലിച്ചു. അപ്പോൾ ദേശീയ നേതൃത്വം വിപരീത നിലപാട് കൈക്കൊണ്ടാൽ എം എൽ എമാർ പല വഴിക്കാകും എന്ന സാഹചര്യമായിരുന്നു മഹാരാഷ്ട്രയിലേത്.

അത് മഹാരാഷ്ട്രയിലും കോൺഗ്രസിന്റെ അന്ത്യം കുറിച്ചേക്കാം. അത് തിരിച്ചറിഞ്ഞാണ് ദേശീയ നേതൃത്വം സഖ്യ നീക്കവുമായി രംഗത്തെത്തിയത്.

പക്ഷെ, ഇപ്പോൾ കെ സി വേണുഗോപാലിനെതിരായ സോഷ്യൽ മീഡിയ ആക്രമണം നേരിടാൻ കോൺഗ്രസ് നേതൃനിര തന്നെ രംഗത്തെത്തുകയാണ്. ഡി സി സി പ്രസിഡന്റുമാർ, യുവ എം എൽ എമാർ, പാർട്ടിയുടെ സൈബർ പോരാളികൾ എന്നിവർ ഉൾപ്പെടെ വേണുഗോപാലിന് പിന്തുണയുമായി സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തെത്തി കഴിഞ്ഞു.

ഇതേസമയം വേണുഗോപാലിനെതിരായ സൈബർ നീക്കങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വം ജാഗ്രതയോടെ വീക്ഷിക്കുകയാണ്. ഇതിനിടയിലും കോൺഗ്രസിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷ നിരയിലും അതിശക്തനായ രാഷ്ട്രീയ ചാണക്യനായി മാറുകയാണ് കെ സി വേണുഗോപാൽ എന്ന മലയാളി നേതാവ്.

kc venugopal ele 2019
Advertisment