ജനങ്ങളിലേക്ക് മടങ്ങാന്‍ ആന്ധ്രയിലെ നേതാക്കളോട് ആഹ്വാനം ചെയ്ത് ഉമ്മന്‍ചാണ്ടി ! കേരള ശൈലിയില്‍ ബൈക്കിലും നടന്നും ഓട്ടോറിക്ഷയിലും സാധാരണക്കാര്‍ക്കൊപ്പം സഞ്ചരിച്ച് നേതാക്കള്‍ക്ക് മാതൃക കാട്ടി ഉമ്മന്‍ചാണ്ടി !

ന്യൂസ് ബ്യൂറോ, ആന്ധ്രാപ്രദേശ്‌
Thursday, July 12, 2018

വിജയവാഡ:  ജനങ്ങളിലേക്ക് മടങ്ങിച്ചെല്ലാന്‍ ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ ഉപദേശം. പാര്‍ട്ടിയുടെ തിരിച്ചുവരവിന് നിങ്ങള്‍ ജനങ്ങളിലേക്ക് തിരികെ പോകണമെന്ന നിര്‍ദ്ദേശമാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്.

മാത്രമല്ല, ദേശീയ നേതാവിന്റെ പരിവേഷം മാറ്റിവച്ചാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ആഡംബര വാഹനങ്ങള്‍ മാറ്റിവച്ച് ഓട്ടോറിക്ഷയിലും ബൈക്കിലും ചെറിയ ദൂരങ്ങളിലാണെങ്കില്‍ പ്രവര്‍ത്തകരെക്കൂട്ടി നടന്നുമാണ് ആന്ധ്രാപ്രദേശില്‍ ഉമ്മന്‍ചാണ്ടിയുടെ യാത്രകള്‍.

സാധാരണ യാത്രകള്‍ക്ക് തനിക്ക് ആഡംബര വാഹനങ്ങള്‍ ഒരുക്കരുതെന്ന്‍ അദ്ദേഹം എ പി സി സിയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്തായാലും ഉമ്മന്‍ചാണ്ടിയുടെ ശൈലി ആന്ധ്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ ആവേശമാണ് ജനിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടികളിലെ പ്രവര്‍ത്തക പങ്കാളിത്തം എ പി സി സി നേതാക്കളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

പാര്‍ട്ടിയില്‍ പുത്തനുണര്‍വ്വ് എന്ന പ്രതീതി ജനിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞെന്നതാണ് ശ്രദ്ധേയം. മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ പാര്‍ട്ടിയിലേക്കുള്ള മടക്കം ഇതിനുദാഹരണമാണ്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ആവേശമായിരുന്ന വൈ എസ് ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ജഗന്‍ മടങ്ങിയെത്തിയാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ അട്ടിമറിയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ജഗന്‍ മോഹന്റെ മടങ്ങി വരവിന്റെ കാര്യത്തില്‍ ധാരണ ആകുന്നതുവരെ തെലുങ്ക് ദേശം നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായുള്ള സഖ്യ ചര്‍ച്ചകള്‍ മാറ്റിവയ്ക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.

സ്വന്തം പാര്‍ട്ടിയിലൂടെ ഉണ്ടാകുന്നതിനേക്കാള്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതിലൂടെ സൃഷ്ടിക്കാന്‍ ജഗന്‍ മോഹന് കഴിയുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതീക്ഷ. ഇത് ജഗന്‍ മോഹനെ ധരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.

സംസ്ഥാനത്തിന്റെ ചുമതലയേറ്റെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയെ അടിമുടി ഇളക്കി മറിക്കാന്‍ കഴിഞ്ഞെന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് ആശ്വസിക്കാം.

×