ആന്ധ്രയില്‍ അതിവേഗം ഉമ്മന്‍ചാണ്ടി പായ്ക്കേജ്. മുന്‍ മന്ത്രിയും 4 മുന്‍ എംപിമാരുംകൂടി മടങ്ങിയെത്തുന്നു. 45000 ബൂത്ത് കമ്മിറ്റികളും 618 മണ്ഡലം കമ്മിറ്റികളും സെപ്റ്റംബര്‍ 30 നകം പുനസംഘടിപ്പിക്കാന്‍ നിര്‍ദ്ദേശം. ഒക്ടോബര്‍ 2 മുതല്‍ ഭവനസന്ദര്‍ശനത്തിനും തുടക്കമിടുന്നു. ആന്ധ്രയില്‍ വീണ്ടും കോണ്‍ഗ്രസ് ആവേശമാകുന്നു

ജെ സി ജോസഫ്
Saturday, July 14, 2018

വിജയവാഡ:  ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് ദൗത്യം അതിവേഗം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്.  പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയെ തിരികെയെത്തിച്ച ഉമ്മന്‍ചാണ്ടി മുന്‍ മന്ത്രിയും എം പിമാരുമായ 5 പ്രമുഖ നേതാക്കളെക്കൂടി കോണ്‍ഗ്രസിലേക്ക് തിരികെയെത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.

മുന്‍ മന്ത്രി കോനത്തല രാമകൃഷ്ണന്‍, മുന്‍ എം പിമാരായ എം വി മൈസൂര റെഡ്ഡി, ലഗതപതി രാജ്ഗോപാല്‍, ജി വി ഹര്‍ഷകുമാര്‍, ഗ്യാനേന്ദ്ര റെഡ്ഡി എന്നിവരെയാണ് ഉടന്‍ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ആരുടേയും പിന്തുണ തേടി നടക്കാതെ ജനങ്ങളെ ഒപ്പം കൂട്ടി ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജയിക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കണമെന്നാണ് ഉമ്മന്‍ചാണ്ടി സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ 45000 ബൂത്തുകമ്മിറ്റികളും 618 മണ്ഡലം കമ്മിറ്റികളും ഉടന്‍ പുനസംഘടിപ്പിക്കുകയോ ഇല്ലാത്തിടത്ത് പുതുതായി രൂപീകരിക്കുകയോ ചെയ്യാനാണ് നിര്‍ദ്ദേശം.

ആ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞെന്നതാണ് ശ്രദ്ധേയം. ഒന്നിനും നീണ്ട കാലാവധി അനുവദിച്ചു നല്‍കാതെ തീരുമാനം ഉണ്ടാകുന്ന ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനാണ് നിര്‍ദ്ദേശം. 175 നിയോജക മണ്ഡലങ്ങളിലും നിലവിലുള്ള കമ്മിറ്റികള്‍ക്ക് പുറമേ കോ – ഓര്‍ഡിനേഷന്‍ കമ്മറ്റികളുടെ രൂപീകരണവും തുടങ്ങിക്കഴിഞ്ഞു.

സെപ്റ്റംബര്‍ 30 നകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടിയെ സജ്ജമാക്കാനാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ 2 മുതല്‍ പ്രവര്‍ത്തകരോടും നേതാക്കളോടും ഗൃഹസന്ദര്‍ശന പരിപാടികളിലേക്ക് കടക്കാനാണ് നിര്‍ദ്ദേശം.

യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആദ്യ തീരുമാനം ആന്ധ്രയ്ക്ക് പ്രത്യേക പദവിയും പ്രത്യേക ധനസഹായ പായ്ക്കേജുമാണെന്നാണ് ഉമ്മന്‍ചാണ്ടി പാര്‍ട്ടിയ്ക്കും ജനങ്ങള്‍ക്കും നല്‍കിയിരിക്കുന്ന ഓഫര്‍.

അക്കാര്യം ജനങ്ങളെ അറിയിക്കാനും കോണ്‍ഗ്രസിന്റെ വികസന ആവശ്യങ്ങള്‍ ധരിപ്പിക്കാനുമാണ് നിര്‍ദ്ദേശം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശത്തിന് ആന്ധ്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത തന്നെയാണ് ലഭിച്ചിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ ആന്ധ്രയിലെ ജില്ലാതല പര്യടന പരിപാടികള്‍ രാത്രി 10 വരെയാണ് നീളുന്നത്. ജില്ലയിലെ നേതാക്കളുമായും 2 നിയോജക മണ്ഡലങ്ങളിലെ വീതം നേതാക്കളുമായുള്ള കൂടിക്കാഴ്ചകളാണ് ഉമ്മന്‍ചാണ്ടിയുടെ പര്യടനത്തിലെ പ്രധാന പരിപാടികള്‍.

ഈ പരിപാടികളില്‍ ഉടനീളം സജീവമായി പങ്കെടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ആവേശവും ഊര്‍ജ്ജസ്വലതയും നേതാക്കളെപ്പോലും ഏറെ സ്വാധീനിക്കുന്നുണ്ട്.  പ്രവര്‍ത്തകര്‍ രാത്രി വൈകിയും കൂട്ടത്തോടെ ഉമ്മന്‍ചാണ്ടിയെ കാണാനെത്തുന്നതും പാര്‍ട്ടിയുടെ തിരിച്ചുവരവിന്റെ സൂചനയായി കാണുന്നു.

പാര്‍ട്ടി വിട്ടവരും സജീവമാകാതെ മാറി നില്‍ക്കുന്നവരുമായി നൂറുകണക്കിന് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ദിവസവും മടങ്ങിയെത്തുന്നതും ഒരു പുത്തനുണര്‍വ്വ് സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. അതിനൊപ്പം വൈ എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി കൂടി കോണ്‍ഗ്രസിലേക്ക് മടങ്ങി വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  ഇതിനായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാമുഖ്യം ലഭിക്കുന്ന വിധമുള്ള പായ്ക്കേജാണ് ഒരുങ്ങുന്നത്. ഭൂരിപക്ഷം ലഭിച്ചാല്‍ ജഗനെ മുഖ്യമന്ത്രിയാക്കാമെന്നാണ് ധാരണ. അതേസമയം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്കാകും പ്രാമുഖ്യം.

×