ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടി പണി തുടങ്ങി ! ജഗന്‍ മോഹന്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് ? കിരണ്‍ കുമാര്‍ റെഡ്ഡിയുടെ മടക്കം നാളെ. ജഗന്‍ മോഹന്‍ കോണ്‍ഗ്രസ് ലയന പായ്ക്കേജില്‍ ചര്‍ച്ച തുടങ്ങി. ആന്ധ്രയിലും ജനങ്ങള്‍ക്കിടയില്‍ താരമായി ഉമ്മന്‍ചാണ്ടി

ജെ സി ജോസഫ്
Monday, July 9, 2018

ന്യൂഡല്‍ഹി:  ഉമ്മന്‍ചാണ്ടി ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയായി ചുമതലയേറ്റതോടെ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുത്തനുണര്‍വ്.

വൈ എസ് രാജശേഖര റെഡ്ഡിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിയാവുകയും പിന്നീട് ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടുകയും ചെയ്ത കിരണ്‍ കുമാര്‍ റെഡ്ഡി നാളെ പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്നതിനു പുറമേ വിട്ടുപോയ നേതാക്കളുടെ വന്‍ കുത്തൊഴുക്ക് തന്നെയാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് കാത്തിരിക്കുന്നത്.

അതില്‍ പറഞ്ഞുകേള്‍ക്കുന്ന പേരുകളില്‍ ഏറ്റവും പ്രമുഖമായത് വൈ എസ് ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടേത് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗന്‍ മോഹന്റെ വൈ എസ് ആര്‍ കോണ്‍ഗ്രസിനെ അപ്പാടെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ്‌ സൂചന.

കോണ്‍ഗ്രസുമായി യാതൊരു ബന്ധവും സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്ന ജഗന്‍ മോഹന്‍ ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ച ലയന പായ്ക്കേജിനോട് അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന. സംസ്ഥാന രാഷ്ട്രീയത്തില്‍ ജഗന്‍ മോഹന് പ്രാമുഖം ലഭിക്കുന്നവിധേനയുള്ള പായ്ക്കേജാണ് ഉമ്മന്‍ചാണ്ടി മുന്നോട്ട് വച്ചിരിക്കുന്നത്.

അതേസമയം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എ ഐ സി സിയുടെ നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കു൦ പ്രാമുഖ്യം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ ജഗന്‍മോഹനെ മുഖ്യമന്ത്രിയാക്കുന്നതിന് എ ഐ സി സി നേതൃത്വം സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എ ഐ സി സിയിലും ജഗന്‍ മോഹന് പ്രാമുഖ്യം ലഭിക്കും.

വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ക്ക് മേധാവിത്വം ലഭിക്കുന്ന വിധേനയായിരിക്കും എ പി സി സിയുടെ പുനസംഘടന നടക്കുക. ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരുന്ന കിരണ്‍ കുമാര്‍ റെഡ്ഡിയെ ലോക്സഭയില്‍ മത്സരിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരും.

ഉമ്മന്‍ചാണ്ടി ചുമതലയേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ജ്ജീവമായി കിടന്ന ഘടകങ്ങള്‍ ആന്ധ്രയില്‍ വന്‍ ഉണര്‍വ്വാണ് കാണിക്കുന്നത്. പ്രവര്‍ത്തകരില്‍ ഉള്‍പ്പെടെ വലിയ പ്രതീക്ഷയും ആവേശവും ഉണര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ ഈ ഉണര്‍വ്വ് തന്നെയാണ് കിരണ്‍ കുമാര്‍ റെഡ്ഡിയെയും ഇപ്പോള്‍ ജഗന്‍മോഹനെയും മടങ്ങി വരവിന് പ്രേരിപ്പിക്കുന്നത്.

മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ്‌ സിംഗ് കഴിഞ്ഞ രണ്ടു വര്‍ഷം നിരന്തരം ശ്രമിച്ചിട്ടും ഒരു ജില്ലാ നേതാവിനെപ്പോലും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. കിരണ്‍ കുമാര്‍ റെഡ്ഡി ചര്‍ച്ചയ്ക്ക് പോലും തയാറല്ലായിരുന്നു. ജഗന്‍ മോഹന്‍ ദ്വിഗ് വിജയ്‌ സിംഗ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വത്തോട് അവഞ്ജയോടെയായിരുന്നു പ്രതികരിച്ചത്.

ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിന്റെ ചുമതലയിലെത്തുന്നത്. അതിനുശേഷം ദിവസങ്ങള്‍ക്കുള്ളിലുണ്ടായ ഈ മുന്നേറ്റം ആന്ധ്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമാണ്. മാത്രമല്ല, ഉമ്മന്‍ചാണ്ടിക്ക് കേരളത്തിലെന്നപോലെ ആന്ധ്രയിലും വന്‍ ജനകീയത ലഭിക്കുന്നുവെന്നതാണ് മറ്റൊരു കൌതുകം.

സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാക്കളെപ്പോലെ ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

×