Advertisment

വാങ്ങാനാളില്ല. രാജ്യത്ത് കെട്ടിക്കിടക്കുന്നത് പ്രമുഖ കമ്പനികളുടെ മുപ്പത്തയ്യായിരം കോടി വിലവരുന്ന പുത്തന്‍ കാറുകള്‍. പ്രമുഖ കമ്പനികള്‍ ഉത്പാദനം തന്നെ നിര്‍ത്തുന്നു. തൊഴില്‍ നഷ്ടപ്പെടുന്നത് ആയിരക്കണക്കിന് യുവാക്കള്‍ക്ക്. മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇങ്ങനെ ..

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബാംഗ്ലൂര്‍:  രാജ്യത്തെ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ഏകദേശം മുപ്പത്തയ്യായിരം കോടി വിലവരുന്ന വിവിധ കമ്പനികളുടെ പുത്തന്‍ കാറുകള്‍ വില്‍ക്കപ്പെടാതെ കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. വാഹന വിപണിയില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ വരുമാനത്തെ ജൂണ്‍ 30 ന് അവസാനിച്ച കാലയളവിലെ കണക്കുകള്‍ പ്രകാരം 20 ശതമാനത്തിന്റെ കുറവ് ഉണ്ടായിരിക്കുന്നതാണ് കണക്കാക്കപ്പെടുന്നത്.

Advertisment

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ തെളിവായാണ് ഓട്ടോമോട്ടീവ് വിപണിയിലെ ഈ പ്രതിസന്ധി.  രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ ഡിമാന്റ് കുറയുകയും വില്പ്പന കുറയുകയും മൂലം പ്രമുഖ കമ്പനികളുടെ പതിനായിരക്കണക്കിന് കാറുകളാണ് വില്‍ക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. വാഹനം വാങ്ങാന്‍ ആളില്ലാതെ കാറുകള്‍ കെട്ടിക്കിടക്കുന്നത് മൂലം പ്രമുഖ കമ്പനികള്‍ പലതും ഉത്പാദനം നിര്‍ത്തിവയ്ക്കുകയാണ്.

publive-image

തൊഴില്‍ വളര്‍ച്ച മന്ദഗതിയിലായിരിക്കുന്നതും തൊഴിലില്ലായ്മയും ഇന്ധന വിലയിലെ വര്‍ധനവും ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയുമാണ് കാറുകളുടെവില്‍പ്പന കുറയുന്നതിന്റെ പ്രധാനകാരണമായി കണക്കാക്കുന്നത്.

ഇതു മൂലം രാജ്യത്തെ പല പ്രമുഖ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളുടെയും ഉല്‍പ്പാദനം ദീര്‍ഘകാലത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രമുഖ  ബ്രാന്‍ഡുകളായ മാരുതി സുസുക്കി, മഹിന്ദ്ര , ടാറ്റാ മോട്ടോഴ്‌സ് എന്നിവര്‍ ഉല്‍പ്പാദനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞു . മറ്റ് പ്രമുഖ കമ്പനികളും ഉല്‍പ്പാദനം നിര്‍ത്തുന്നതിനുള്ള ആലോചനയിലാണ്.

ഇതോടെ വാഹനവിപണിയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. ഇതോടെ ഉത്പാദന കമ്പനികളിലും സെയില്‍സ് ആന്‍ഡ് സര്‍വീസ് മേഖലകളിലും ജോലിയെടുത്തിരുന്ന ആയിരക്കണക്കിനു ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

2018 ന്റെ അവസാന ഘട്ടം മുതല്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ ഡിമാന്റ് കുറഞ്ഞുവരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.  കഴിഞ്ഞ 7 മാസമായാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുന്നത്.

കമ്പനി ഡീലര്‍മാര്‍ക്ക്  അവരുടെ സ്റ്റോക്ക് യാര്‍ഡിലെ വിറ്റുപോകാത്ത വാഹനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതാണ് നിലവിലെ സാഹചര്യം. അതുകൊണ്ട് തന്നെ മാരുതി സുസുക്കി, മഹിന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ മെയ് മാസം മുതല്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്നു.  മറ്റ് കമ്പനികളായ ഹോണ്ട, റെനോ നിസ്സാന്‍ , സ്‌കോഡ ഓട്ടോ തുടങ്ങിയ കമ്പനികളും ഉല്‍പ്പാദനം നിര്‍ത്തിവച്ചേക്കും.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന ക്രമാതീതമായി കുറയുന്നു. ഈ പ്രവണത സമീപഭാവിയിലും തുടരാനാണ് സാധ്യത. പ്രതിസന്ധി വ്യാപിച്ചിരിക്കുന്നത് കാര്‍ വില്‍പ്പനയെ മാത്രമെന്നതും ശരിയല്ല. പല ഇരുചക്ര നിര്‍മ്മാണ കമ്പനികളുടെ വില്‍പ്പനയെയും പ്രതിസന്ധി  സാരമായി ബാധിച്ചിട്ടുണ്ട്.

Advertisment