കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കരുണാനിധിയെ സന്ദര്‍ശിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, July 30, 2018

ചെന്നൈ:   ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.  കാവേരി ആശുപത്രി ഉച്ചയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയേക്കും. രാവിലെ ഒൻപതിനു ബുള്ളറ്റിനുണ്ടാകുമെന്നു നേരത്തെ സൂചന നൽകിയിരുന്നെങ്കിലും അതുണ്ടായില്ല.

ഇന്നലെ രാത്രി 9.50നാണ് ഒടുവിൽ ബുള്ളറ്റിൻ പുറത്തുവന്നത്. പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമായെങ്കിലും അടിയന്തര വൈദ്യസഹായം നൽകിയതോടെ സ്ഥിതി മെച്ചപ്പെട്ടുവെന്നായിരുന്നു ബുള്ളറ്റിന്റെ ഉള്ളടക്കം.

അദ്ദേഹത്തിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്നാണു ഡിഎംകെ വൃത്തങ്ങള്‍ നൽകുന്ന സൂചന. ആശങ്കയുടെ ആവശ്യമില്ലെന്നും അവർ പറയുന്നു.

ഇന്നു രാവിലെയും ആശുപത്രിക്കു മുന്നിൽ അണികൾ തടിച്ചുകൂടിയിട്ടുണ്ട്. കലൈജ്ഞരുടെ അപദാനങ്ങൾ ഉരുവിട്ടു കണ്ണീരുമായി സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനു ഡിഎംകെ അനുഭാവികളാണു ആശുപത്രി പരിസരത്തു കൂടിയിട്ടുള്ളത്.

പൊലീസ് സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പ്രമുഖരുടെ സന്ദർശനം ഇന്നും തുടരുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവർ രാവിലെ പത്തരയോടെ കരുണാനിധിയെ സന്ദർശിച്ചു.

×