‘സ(൦)പൂജ്യരായ’ പിസിസികള്‍ പിരിച്ചുവിടണം ? ലൂട്ടിയന്‍സ് ബംഗ്ലാവു വാസികളായ നിര്‍ഗുണ നേതാക്കളെ പടിയിറക്കണം ! 13 കോടി കോണ്‍ഗ്രസ് അനുഭാവികളുടെ പ്രതീക്ഷ തകരാതിരിക്കാന്‍ രാഹുല്‍ ഗാന്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന വികാരം ശക്തിപ്പെടുത്തി കോണ്‍ഗ്രസ് ! 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, June 5, 2019

ഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ‘സ(൦)പൂജ്യരായ 17 പി സി സികള്‍ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായി. ഒപ്പം നിര്‍ഗുണരായ വയോധിക നേതൃത്വം ഉടച്ചുവാര്‍ക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അധികാരം ഏറ്റയുടന്‍ ബി ജെ പി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് പോലെ ബി ജെ പിക്കെതിരെ കടുത്ത പ്രതിരോധം തീര്‍ത്ത് തിരുത്തല്‍ നടപടികളും ഉടന്‍ ആരംഭിക്കണമെന്നാണ് ദേശവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

തിരുത്തല്‍ നടപടികളുടെ തുടക്കം കോണ്‍ഗ്രസിന് ‘0’ സീറ്റുകള്‍ ‘സമ്മാനിച്ച’ സംപൂജ്യ പി സി സികള്‍ പിരിച്ചുവിട്ടുകൊണ്ടാകണമെന്നാണ് നിര്‍ദ്ദേശം. രണ്ടാമത്തെ നീക്കം പാര്‍ട്ടിയിലെ നിര്‍ഗുണ നേതാക്കളുടെ ബംഗ്ലാവ് വാസം അവസാനിപ്പിച്ച് ഇവരെ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറക്കിവിടണമെന്നാണ്.

ബി ജെ പിയുടെ മികച്ച വിജയത്തിനുശേഷം പാര്‍ട്ടി എം പിമാരോടും നേതാക്കളോടും കേന്ദ്രമന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ട ആദ്യകാര്യം ആര്‍ഭാട ജീവിതം പാടില്ലെന്നാണ്. വിജയത്തില്‍ അഹങ്കാരവും അമിതാഹ്ലാദവും പാടില്ലെന്ന് പറഞ്ഞ മോദി നേതാക്കള്‍ നക്ഷത്ര ഹോട്ടലിലെ താമസവും ആഡംബര ജീവിതവും അവസാനിപ്പിക്കണമെന്നതാണ്.

സത്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടെ തനിക്ക് ചുറ്റും വിലസുന്ന നേതാക്കളോട് ആദ്യം പറയേണ്ടതും ഇത് തന്നെയാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം.

ഡല്‍ഹിയിലെ ലൂട്ടിയന്‍സ് മേഖലകളില്‍ ഒരേക്കറോളം വരുന്ന ആഡംബര വസതികളില്‍ അടയിരിക്കുന്ന നേതാക്കള്‍ പലരും ഈ ബംഗ്ലാവുകള്‍ ഒഴിയാന്‍ സന്നദ്ധരല്ല.  ഈ ബംഗ്ലാവുകളിലേക്ക് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്ക് പോലും സന്ദര്‍ശനാനുമതി നല്‍കാന്‍ ഇവര്‍ ഒരുക്കമല്ല. കാണാനെത്തുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ഈ മിക്ക നേതാക്കള്‍ക്കും ബംഗ്ളാവിന്റെ ഗെയ്റ്റും അടച്ചിടുകയാണ് പതിവ്.

അഥവാ അകത്ത് കയറുന്ന സാധാരണ നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതിയോ സമയമോ അനുവദിക്കാനും ഇവര്‍ തയാറല്ല. കാണാനെത്തുന്നവര്‍ എങ്ങനെയും അകത്ത് കടന്നാല്‍ അവരോട് അധികം സംസാരിക്കാതെ ‘സോണിയയുടെ വീട്ടിലേക്ക് പോകണം’ എന്നൊക്കെ പറഞ്ഞു പുറത്തേക്ക് പോകുകയാണ് ഇവരുടെ രീതി.

അതിനാല്‍ തന്നെ ഇവര്‍ക്കൊന്നും പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നതാണ് ദയനീയം. പതിറ്റാണ്ടുകള്‍ക്ക് ശേഷം എ ഐ സി സി ആസ്ഥാനത്ത് സാധാരണ പ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കുകയും കാണാനെത്തുമ്പോള്‍ അവര്‍ക്ക് ചായയും നല്‍കിയ ഏക സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആയിരുന്നു. കേരളത്തില്‍ താഴേത്തട്ടില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ പ്രവര്‍ത്തന പരിചയമാണ് കേരള നേതാക്കളുടെ ഈ ശൈലി.

ആന്ധ്രയില്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ആദ്യമായി ഒരു എ ഐ സി സി ജനറല്‍ സെക്രട്ടറി ഇറങ്ങിചെന്നത് ഉമ്മന്‍ചാണ്ടിയാണ്.

ലൂട്ടിയന്‍സ് രാഷ്ട്രീയം അവസാനിപ്പിച്ചത് മോദി ?

ഡല്‍ഹിയില്‍ ലൂട്ടിയന്‍ സായിപ്പിന്റെ കേന്ദ്രമായ ആഡംബര വസതികള്‍ സ്ഥിതി ചെയ്യുന്ന ഇവിടം കേന്ദ്രമാക്കിയായിരുന്നു കോണ്‍ഗ്രസിന്റെ ഭരണകാലത്ത് അധികാര കേന്ദ്രങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരുന്നത്. മാധ്യമ ഇടനിലക്കാരും മാധ്യമ സിന്‍ഡിക്കേറ്റും കോണ്‍ഗ്രസിലെ അധികാര കേന്ദ്രങ്ങളും ഇവിടെയായിരുന്നു. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇവരെ പടിയിറക്കി ലൂട്ടിയന്‍സ് മേഖല ശുദ്ധീകരിക്കാന്‍ മോദിയ്ക്ക് കഴിഞ്ഞു. അതാണ്‌ മോദിയുടെ വിജയം.

അവിടെ ഇനി അവശേഷിക്കുന്നത് പ്രവര്‍ത്തക സമിതിയിലും എ ഐ സി സിയിലും അടയിരിക്കുന്ന വയോധിക നേതൃത്വങ്ങളാണ്. അവരെ പടിയിറക്കേണ്ടത് കോണ്‍ഗ്രസ് ആണ്. അത് ചെയ്‌താല്‍ രാഹുല്‍ ഗാന്ധിയുടെ തിരുത്തല്‍ നടപടികള്‍ക്ക് ഭംഗിയായ തുടക്കമാകും.

മമതയുടെ തിരുത്തല്‍ കോണ്‍ഗ്രസും അനുകരിക്കണം !

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം ഉടനടിയാണ്‌ മമത ബംഗാളില്‍ തിരുത്തല്‍ നടപടികള്‍ തുടങ്ങിയത്. പാര്‍ട്ടി അടിമുടി ഉടച്ചുവാര്‍ക്കുന്ന തിരക്കിലാണ് മമത. ഓരോ പ്രദേശങ്ങളിലെയും ചുമതലക്കാരെ മാറ്റി നിയമിക്കുകയാണ്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ശൈലിയിലുമുള്ള തിരുത്തല്‍ നടപടികളും ഉടന്‍ തുടങ്ങും. അതേസമയം, കനത്ത പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. രാഹുല്‍ മനസ് തുറന്നിട്ടില്ല. പ്രവര്‍ത്തകരെ നിരാശരാക്കാതെ രാഹുല്‍ മുന്നിലേക്ക് വരണം എന്ന് തന്നെയാണ് ആവശ്യം. തെരഞ്ഞെടുപ്പ് തോല്‍വിയെ രാഹുലിന്റെ പരാജയമായി ആരും കാണുന്നുമില്ല.

13 കോടി കോണ്‍ഗ്രസുകാരുടെ പ്രതീക്ഷ രാഹുലില്‍ ?

കോണ്‍ഗ്രസിന് ഇത്തവണ വോട്ട് ചെയ്തത് 13 കോടി ആളുകളാണ്. കടുത്ത പരാജയത്തിലും ഇത്രയും അണികള്‍ കോണ്‍ഗ്രസില്‍ പ്രത്യാശ അര്‍പ്പിക്കുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷയും ആവേശവും. അവരെ നിരാശരാക്കാതെ ആവേശ ഭരിതനാക്കാനായാല്‍ രാജീവ് ഗാന്ധിയുടെ ആദ്യ വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. അതിനു നേരിട്ട് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്ന നടപടികളാണാവശ്യം.

അങ്ങനെയെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം കോണ്‍ഗ്രസിന് ഭാവിയിലും ആവര്‍ത്തിക്കാന്‍ കഴിയും !

×