Advertisment

അധ്യക്ഷ പദവിയിലെ അരക്ഷിതാവസ്ഥ - കോണ്‍ഗ്രസ് നീങ്ങുന്നത് ഭീതിപ്പെടുത്തുന്ന പ്രതിസന്ധിയിലേക്ക്. മധ്യപ്രദേശിലും രാജസ്ഥാനിലും ഉള്‍പ്പെടെ യുവത്വത്തോട് കാണിച്ച 'ചതി'യില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ കാത്തിരിക്കുന്നത് പരാജയങ്ങളുടെ പടുകുഴി. രാഹുലിന്റെ രാജി സൃഷ്ടിച്ച അനിശ്ചിതത്വം കോണ്‍ഗ്രസില്‍ പരാജയങ്ങളെക്കാള്‍ ഭീകരമാകുന്നു

New Update

ഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച അനിശ്ചിതത്വ൦ തുടരുന്നതിനിടെ രാജ്യമാകെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അരക്ഷിതാവസ്ഥയിലേക്ക്.  തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ദേശീയ നേതൃത്വം സംബന്ധിച്ച് തുടരുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഊര്‍ജ്ജം ചോരുന്ന അവസ്ഥയിലാണ്.

Advertisment

publive-image

രാജസ്ഥാനിലും കര്‍ണ്ണാടകയിലും ഉള്‍പ്പടെ അണികള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന ഭീതിപ്പെടുത്തുന്ന വാര്‍ത്തകളാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണ്ണാടകയിലുമൊക്കെ എം എല്‍ എമാര്‍ ഉള്‍പ്പെടെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതും പാര്‍ട്ടിയില്‍ അസംതൃപ്തരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നതുമെല്ലാം തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷവും പാര്‍ട്ടി പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ്.

publive-image

പരാജയത്തേക്കാള്‍ 'ഫൗള്‍' അനിശ്ചിതത്വം

പാര്‍ട്ടി തിരിച്ചു വരും എന്ന സന്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കി പ്രവര്‍ത്തകരില്‍ പ്രതീക്ഷയും ആവേശവും തിരികെ നല്‍കാന്‍ നേതൃത്വം നല്‍കേണ്ട രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടി അധ്യക്ഷ പദവി രാജിവച്ച് മാറി നില്‍ക്കുകയും പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി രാജി നിരാകരിക്കുകയും ചെയ്ത പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെടാതെ ബാക്കി കിടക്കുന്നത് കോണ്‍ഗ്രസിനെ പരാജയങ്ങളെക്കാള്‍ കൂടുതല്‍ ക്ഷീണിപ്പിക്കുകയാണ്.

വലിയ പരാജയങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുകയും എന്നാല്‍ നിശ്ചിത കാലയളവിനുള്ളില്‍ ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെത്. വലിയ പരാജയങ്ങള്‍ക്ക് ശേഷം എല്ലാ കാലത്തും വര്‍ധിത വീര്യത്തോടെ ഉയര്‍ത്തെഴുന്നേറ്റ പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെത്.

പക്ഷെ, ഇത്തവണത്തെ പരാജയശേഷം നേതൃത്വം തന്നെ ഒളിച്ചോടുന്ന സമീപനം സ്വീകരിച്ചതോടെ ഏതാണ് പോംവഴി എന്ന് തിരിച്ചറിയാനാകാത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്.

publive-image

പ്രതീക്ഷ പ്രാദേശിക മുന്നേറ്റത്തില്‍ ?

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നടന്ന കര്‍ണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന കോണ്‍ഗ്രസിന് നല്‍കുന്ന ഭാവിയിലേക്കുള്ള വ്യക്തമായ സന്ദേശം കൂടിയാണ്. കോണ്‍ഗ്രസിനെ എഴുതിത്തള്ളാന്‍ തയാറല്ല ജനം എന്നതിന് തെളിവാണ് കര്‍ണ്ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മിന്നുന്ന വിജയം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ വിജയം നല്‍കിയ അതേ സമൂഹം തന്നെയാണ് ദിവസങ്ങള്‍ക്ക് ശേഷം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ നേരെ തിരിച്ച് കോണ്‍ഗ്രസിനെ വാരിപ്പുണര്‍ന്നിരിക്കുന്നത്.

publive-image

കര്‍ണ്ണാടക നല്‍കുന്ന പ്രതീക്ഷ !

പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിനെ ജനം വീണ്ടും നെഞ്ചേറ്റുന്നു എന്ന സന്ദേശം കര്‍ണ്ണാടക നല്‍കിക്കഴിഞ്ഞ സാഹചര്യത്തില്‍ വരാനിരിക്കുന്ന മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും പ്രതീക്ഷ അര്‍ഹിക്കാവുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. സംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസ് തിരികെ വന്നാല്‍ അത് രാജ്യസഭാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുവരുന്നതിന് കോണ്‍ഗ്രസിനെ സഹായിക്കും.

മാത്രമല്ല, കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുന്നതോടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മടങ്ങി വരവിനു തുടക്കമാകും.

publive-image

കാലഹരണപ്പെട്ട നേതൃത്വം !

അക്ഷരാര്‍ത്ഥത്തില്‍ കാലഹരണപ്പെട്ട നേതൃത്വം തന്നെയാണ് കോണ്‍ഗ്രസിന്റെ ശാപം.  യു പി എ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണ കാലത്ത് സര്‍ക്കാരിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളൊക്കെ 2014 ലെ തോല്‍വി കഴിഞ്ഞപ്പോള്‍ മാളത്തിലൊളിച്ചവരാണ്. അവര്‍ പിന്നീട് രംഗത്ത് വരുന്നത് മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തപ്പോള്‍ മാത്രമാണ്.  എന്നിട്ടുപോലും പ്രവര്‍ത്തനങ്ങള്‍ ചുരുക്ക൦ പത്രസമ്മേളനങ്ങളില്‍ ഒതുങ്ങി.

ഉച്ചവരെ ഉറക്കം ! രാത്രി നക്ഷത്ര ഹോട്ടലുകളില്‍ !

ഉച്ചയ്ക്ക് ഒരു മണിവരെ കിടന്നുറങ്ങുകയും പകല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ നില്‍ക്കാതെ സോണിയാ ഗാന്ധിയുടെ വസതിയ്ക്കും ചുറ്റും പാറി നടക്കുകയും ചെയ്ത ഈ നേതാക്കള്‍ പിന്നീട് രാത്രി വൈകും വരെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിഹരിക്കുക പതിവായിരുന്നു.

ഭരണത്തിലിരിക്കെ പാര്‍ട്ടിയുടെ ആനുകൂല്യം പറ്റുകയും അധികാരം പങ്കുവയ്ക്കുകയും ചെയ്യുന്ന ഇവര്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ സുപ്രീംകോടതി പ്രാക്ടീസും, തങ്ങളുടെ ബിസിനസ് സാമ്രാജ്യങ്ങളുമായി കഴിഞ്ഞുകൂടുന്നതാണ് പതിവ്.

ഇത്തരക്കാരെ പടിയിറക്കി പകരം രാപകല്‍ വിശ്രമമില്ലാതെ പാര്‍ട്ടിക്ക് വേണ്ടി ഓടിനടക്കുന്ന കെ സി വേണുഗോപാല്‍, മനീഷ് തിവാരി, ശശി തരൂര്‍, റണ്‍വീര്‍സിംഗ് സുര്‍ജേവാല പോലുള്ള യുവനിരയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്.

publive-image

യുവത്വത്തോട് കാണിച്ച 'ചതി' തിരിച്ചടിയായി !

അടുത്തിടെ യുവനേതൃത്വത്തിന് പാര്‍ട്ടിയുടെ ചുക്കാന്‍ കൈമാറിയിടത്തൊക്കെ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തി. മുന്‍പും അങ്ങനെയായിരുന്നു. 50 വയസില്‍ താഴെ പ്രായത്തില്‍ കെ പി സി സി അധ്യക്ഷനായിരുന്ന രമേശ്‌ ചെന്നിത്തലയുടെ 9 വര്‍ഷ കാലയളവില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയങ്ങളുടെ തുടര്‍ക്കഥകള്‍ രചിച്ചു.

പിന്നീട് രമേശ്‌ മാറി സുധീരന്‍ വന്നതോടെ കേരളത്തില്‍ പാര്‍ട്ടിയുടെ ശനിദശയും തുടങ്ങി. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്‌ പി സി സി അധ്യക്ഷനായതോടെയാണ് കോണ്‍ഗ്രസിന്റെ മടങ്ങിവരവ്. പക്ഷെ, ഭരണം കിട്ടിയപ്പോള്‍ സച്ചിനെ ഒതുക്കി മുതിര്‍ന്ന നേതാവ് അശോക്‌ ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കി. അതോടെ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങി.

മധ്യപ്രദേശില്‍ പി സി സി അധ്യക്ഷന്‍ കമല്‍നാഥ്‌ ആയിരുന്നെങ്കിലും പ്രചരണ വിഭാഗം തലവനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് ജനം വോട്ട് ചെയ്തത്. പക്ഷേ, ഭരണം കിട്ടിയപ്പോള്‍ സിന്ധ്യ പുറത്തും മുതിര്‍ന്ന നേതാവ് കമല്‍ നാഥ്‌ മുഖ്യമന്ത്രിയുമായി. തുടര്‍ന്ന്‍ വന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം അതിനും മറുപടി നല്‍കി.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആയിരുന്നു 80 കടന്ന ഷീലാ ദീക്ഷിതിനെ പി സി സി അധ്യക്ഷയാക്കിയത്. അതോടെ ആകെയുള്ള 7 ല്‍ 7 ഉം ബി ജെ പി കൊണ്ടുപോയി.

publive-image

വയോധികരെ പടിയിറക്കണം ?

മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും ആന്ധ്രയിലും ഡല്‍ഹിയിലും കേരളത്തില്‍ പോലും നിലവിലുള്ള വയോധിക നേതൃത്വങ്ങള്‍ പൊളിച്ചുപണിയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ നിരാശ ആവര്‍ത്തിക്കുകയാവും ഫലം.

ആലസ്യംവിട്ട് പാര്‍ട്ടി സടകുടഞ്ഞ് എഴുന്നേല്‍ക്കണമെങ്കില്‍ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും യുവനിരയെ കൊണ്ടുവരണം. സംഘടനാ ചുമതലയിലേക്ക് കെ സി വേണുഗോപാലിനെ കൊണ്ടുവന്ന രാഹുലിന്റെ തീരുമാനം കുറച്ചുകൂടി നേരത്തെ ആയിരുന്നെങ്കില്‍ ഇത്രയും തിരിച്ചടി ഉണ്ടാകുമായിരുന്നില്ല.

ഗുലാംനബി, കപില്‍ സിബല്‍, ജയറാം രമേശ്‌, മല്ലികാര്‍ജ്ജുന ഗാര്‍ഖെ, മനു അഭിഷേക് സിംഗ്വി, ദ്വിഗ് വിജയ്‌ സിംഗ് എന്നിങ്ങനെയൊക്കെയുള്ള ബാധ്യതകള്‍ ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധി തയാറായാല്‍ കോണ്‍ഗ്രസ് പകുതി രക്ഷപെട്ടു.

പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത രാഹുല്‍ ഗാന്ധിയല്ല സ്ഥാനത്യാഗം ചെയ്യേണ്ടതെന്നതാണ് പ്രവര്‍ത്തകരുടെ വികാരം. അത് മനസിലാക്കാതെ നേതൃത്വത്തിലെ പ്രതിസന്ധി തുടരാന്‍ അനുവദിച്ചാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അത് ആത്മഹത്യാപരമായിരിക്കും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

rahul gandhi ele 2019
Advertisment