Advertisment

അന്ന് ആം ആദ്മി ഒരു പ്രതിഭാസമായിരുന്നെങ്കിൽ ഇന്ന് കേജ്‌രിവാളിന്റെ മുന്നേറ്റം ! ബിജെപിയുടെ സകല തന്ത്രങ്ങളെയും പിഴുതെറിഞ്ഞ് ആം ആദ്മിയുടെ ഏകപക്ഷീയ മുന്നേറ്റം ! ഡൽഹി പോളിംഗ് ബൂത്തിലെത്താൻ മണിക്കൂറുകൾ ശേഷിക്കെ ചിത്രം ഇങ്ങനെ !

New Update

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ഡൽഹിയിൽ ആം ആദ്മി സർക്കാർ ഏകപക്ഷീയ മുന്നേറ്റം നടത്തുന്നതായി വിലയിരുത്തൽ. ഇതുവരെ പുറത്തുവന്ന അഭിപ്രായ സർവേകളും രാഷ്ട്രീയ വിശകലനങ്ങളും ആം ആദ്മി സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്.

Advertisment

publive-image

വർഗീയതയും പൗരത്വ കലാപവും നിർഭയ കൊലപാതകികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്‌ വരെയുള്ള കാര്യങ്ങൾ ഇലക്ഷൻ വിഷയമാക്കാൻ ബി ജെ പിയും കൂട്ടുകക്ഷികളും സകല തന്ത്രങ്ങളും പയറ്റിയെങ്കിലും സാധാരണ ജനത്തിന്റെ വിഷയം ഡൽഹി വികസനത്തിൽ തന്നെ നിലകൊള്ളുകയാണത്രെ.

സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളുടെ ഫലമായി തന്റെ കുടുംബത്തിലും സാമ്പത്തിക നേട്ടങ്ങളുണ്ടായെന്ന പൊതുവികാരമാണ് രാഷ്ട്രീയത്തിനതീതമായി ഡൽഹി നിവാസികൾ രേഖപ്പെടുത്തുന്നത്.

ഇതോടെ ഡൽഹിയിൽ രാഷ്ട്രീയത്തിനപ്പുറമായി മികച്ച സർക്കാരിന് വോട്ടെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാൻ അരവിന്ദ് കെജ്‌രിവാളിന് കഴിഞ്ഞു. ബി ജെ പി - കോൺഗ്രസ് വോട്ടുകളിൽ വലിയ വിള്ളൽ വീഴ്ത്താൻ ഇത് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കും കോൺഗ്രസിനും വോട്ട് ചെയ്ത ആ പാർട്ടികളുടെ പ്രവർത്തകർ പോലും നിയമസഭയിൽ കേജരിവാളിനെ പിന്തുണയ്ക്കുമെന്നതാണ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുമ്പുള്ള സാഹചര്യം.

മിടുക്കനായ സർക്കാർ സ്‌കൂൾ വിദ്യാർത്ഥിക്ക് സർക്കാർ ചെലവിൽ എൻട്രൻസ് പരിശീലനം

ഡൽഹിയിലെ സർക്കാർ സ്‌കൂളുകളെ ഹൈടെക് ആക്കി മാറ്റിയതാണ് ആം ആദ്മി സർക്കാരിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നത്. സ്‌കൂൾ കെട്ടിടവും ക്ലാസ് മുറികളും ഹൈടെക് ആയി.

നന്നായി പഠിക്കുന്ന വിദ്യാർത്ഥിക്ക് എൻട്രൻസ് പരിശീലനത്തിന് പ്രൈവറ്റായി ചേർന്നാലും ആ ഫീസ് സർക്കാർ കൊടുക്കും. വിദ്യാഭ്യാസ വായ്പകൾക്ക് സർക്കാർ ജാമ്യം നിന്നു. സർക്കാർ സ്‌കൂളുകളിൽ എല്ലാ കാര്യങ്ങളും മുറപോലെ നടത്താൻ നിർബന്ധിതരായി.

വർഷങ്ങളായി സ്ഥിരപ്പെടാതെ നിന്ന അധ്യാപകരെ മുഴുവൻ അധികാരം ഏറ്റ ഉടൻ കേജ്‌രിവാൾ സ്ഥിരപ്പെടുത്തി. അവരോടു മികച്ച റിസൾട്ട് തരാൻ ആവശ്യപ്പെട്ടു. എല്ലാ മാസവും അധ്യാപക - രക്ഷാകർതൃ യോഗം നിർബന്ധമാക്കി.

പ്രൈവറ്റ് സ്‌കൂളുകളിൽ ഒരു ക്ലാസിൽ 50 വിദ്യാർത്ഥികളെ വരെ കുത്തിനിറച്ചിരുന്നത് 40 ആക്കാൻ നിർദ്ദേശം നൽകി. എല്ലാം കൂടി ആയപ്പോൾ ഡൽഹിയുടെ വിദ്യാഭ്യാസ നിലവാരം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കുത്തനെ ഉയർന്നു.

publive-image

ജലബോർഡിൽ നടന്നത് വിപ്ലവകരമായ മുന്നേറ്റം

കുത്തഴിഞ്ഞ സംവിധാനമായിരുന്നു ജലബോർഡ്‌. പരമാവധി ആളുകൾക്ക് കണക്ഷൻ നൽകില്ല. നൽകിയാൽ വെള്ളത്തിന് അമിത വില. അത് ജനം അടയ്ക്കുകയും ഇല്ല. ഈ സ്ഥിതി മാറ്റി ആഴ്ചകൾക്കുള്ളിലാണ് മുൻ സർക്കാരിന്റെ കാലത്ത് ഒരു കണക്ഷന് 65000 രൂപ വരെ ചോദിച്ചിരുന്നിടത്ത് 3000 രൂപ അടച്ച് കണക്ഷൻ നൽകാൻ ഉത്തരവിട്ടു.

55 യൂണിറ്റ് വരെ വെള്ളം സൗജന്യം. അത് തന്നെ 27500 ലിറ്റർ വെള്ളം വരും. ആ ലിമിറ്റ് കഴിഞ്ഞാൽ കനത്ത തുക ഈടാക്കും. എന്നിട്ടും വെള്ളക്കരം കുറച്ചു. അതോടെ കാര്യങ്ങൾ നേരെയായി. ജനം സൂക്ഷ്മതയോടെ വെള്ളം ഉപയോഗിക്കാനും പഠിച്ചു.

വൈദ്യുതി ചാർജ്ജ് കുറച്ചു, വെളിച്ചം മുടങ്ങാതെ !

അധികാരം ഏറ്റയുടൻ കെജ്‌രിവാൾ ചെയ്ത പ്രധാന കാര്യമാണ് വൈദ്യുതി ചാർജ്ജ് കുറച്ചത്. പിന്നീടിതുവരെ നിരക്ക് കൂട്ടിയില്ല. വെളിച്ചം മുടക്കിയതുമില്ല. മുമ്പ് വൈദ്യുതി മോഷ്ടിക്കാൻ അവസരം കൊടുത്ത് പിടികൂടുമ്പോൾ ഉപഭോക്താവും ഉദ്യോഗസ്ഥനും തമ്മിൽ വീതം വച്ച് പ്രശ്നം പരിഹരിക്കലായിരുന്നു പതിവ്. ആ ഏർപ്പാട് അവസാനിപ്പിച്ചു.

ജനത്തിന്റെ ആരോഗ്യം സർക്കാർ ബാധ്യതയായി ?

ആശുപത്രികളിൽ കഴിഞ്ഞ 5 വർഷങ്ങളിൽ ഉണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. സകല മരുന്നും ആശുപത്രിയിൽ ലഭ്യമാക്കി.

ഒരു രോഗിക്ക് ചികിത്സക്കിടെ ഓപ്പറേഷൻ അടിയന്തിരമായി വരികയും എന്നാൽ സർക്കാർ ആശുപത്രിയിൽ ഡേറ്റ് കിട്ടാതെ വരികയും ചെയ്‌താൽ നേരെ ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയിൽ പോയി ഓപ്പറേഷൻ നടത്തി ആ ബിൽ കൊണ്ടുവന്ന് സർക്കാരിന് കൊടുത്താൽ സർക്കാർ ആ തുക അടയ്ക്കും.

എന്തുകൊണ്ട് ആ രോഗിക്ക് സമയത്ത് ഓപ്പറേഷൻ നടത്താൻ കഴിയാതെ വന്നതെന്ന് ഡോക്ടർ വിശദീകരണം കൊടുക്കണം. അതോടെ രോഗികളെ ആവശ്യമില്ലാതെ കയ്യൊഴിയുന്ന ഏർപ്പാടും നിന്നു.

publive-image

അപകട കേസുകളിൽ അകപ്പെട്ടാൽ തൊട്ടടുത്ത് കാണുന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കാം, ചികിൽസിക്കാം. ആ പണവും സർക്കാർ നൽകും. ഇതോടെ തങ്ങളുടെ ആരോഗ്യം സർക്കാർ സംരക്ഷിക്കും എന്ന അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു.

ഇതിനെല്ലാം പണം എവിടുന്നെന്ന് ചോദിച്ചാൽ ഉത്തരമുണ്ട്. അഴിമതി ഇല്ലാതാക്കി. ധൂർത്തുമില്ല. അഴിമതി കുറച്ചപ്പോൾ ഖജനാവ് സമൃദ്ധമായി.

അധികാരം ഏറ്റയുടൻ കെജ്‌രിവാൾ നൽകിയ നിർദ്ദേശമായിരുന്നു വ്യാപാര സ്ഥാപനങ്ങളിലെ റെയ്ഡ് ഒഴിവാക്കാൻ. ഒരു വ്യാപാരി റെയ്ഡിൽ കുടുങ്ങി 10000 രൂപയ്ക്ക് പിടിക്കപ്പെട്ടാൽ പിന്നെ ഉദ്യോഗസ്ഥനുമായി ഒത്തുതീർപ്പിലെത്തും. സർക്കാരിന് 1000 കൊടുക്കുക, ഉദ്യോഗസ്ഥന് 4000 കൊടുക്കുക, വ്യാപാരിക്ക് ബാക്കി 5000 ലാഭം.

അതിനാലാണ് കെജ്‌രിവാൾ റെയ്ഡ് ഒഴിവാക്കിയത്. ഇതോടെ 10000 അടയ്ക്കാനുള്ള വ്യാപാരി 5000 എങ്കിലും അടയ്ക്കാൻ തുടങ്ങി. അതും അടച്ചില്ലെങ്കിൽ എന്നെങ്കിലും പിടിക്കപ്പെട്ടാൽ കുടുങ്ങും എന്ന ചിന്ത അവരെ മര്യാദക്കാരനാക്കി. അപ്പോൾ സർക്കാരിന് ലാഭം അഞ്ചിരട്ടി. വ്യാപാരി പീഡനം എന്ന പരാതിയുമില്ല.

കെജ്‌രിവാൾ അധികാരത്തിൽ എത്തും മുമ്പ് ആർ ടി ഓ ഓഫീസുകളിൽ വൻ തിരക്കായിരുന്നു. ഏജന്റുമാർക്കായിരുന്നു ഓഫീസ് നിയന്ത്രണം. ഇപ്പോൾ അപേക്ഷകൾ ഓൺലൈനിലാണ്. ഡ്രൈവിങ് ടെസ്റ്റിന് ചേർന്നാൽ മതി. ലൈസൻസ് വീട്ടിലെത്തും. ആർ ടി ഓ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അതുപോലെയാക്കി.

ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, വൈദ്യുതി, ആശുപത്രി, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ഡൽഹി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അത്ഭുതകരമായി മാറി. ആ മാറ്റം ജനത്തിന് ബോധ്യമായി. അതാകും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക.

kejriwal
Advertisment