ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തം: മരിച്ചത് മൂന്ന്‍ മലയാളികള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 12, 2019

ഡൽഹി:  ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മൂന്ന്‍ മലയാളികള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53), ജയശ്രീയുടെ അമ്മ നളിനിയമ്മ, വിദ്യാസാഗർ എന്നിവരാണ് മരിച്ചത്.

ഗാസിയാബാദിൽ വിവാഹച്ചടങ്ങിനായെത്തിയതായിരുന്നു 13 അംഗസംഘം. വിവാഹം കഴിഞ്ഞ് ഇന്നു മടങ്ങാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. 66 പേർക്കു പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്.

കരോൾബാഗിലെ അർപിത് പാലസ് ഹോട്ടലിൽ പുലർച്ചെയാണു തീപിടിത്തമുണ്ടായത്. സ്ത്രീയും കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. തീപിടിത്തം കണ്ട് ഭയപ്പെട്ട് താഴേക്കു ചാടിയതാണു രണ്ടു പേർ മരിക്കാൻ കാരണം.

ഹോട്ടലിന്റെ നാലാം നിലയിലാണ് തീ ആദ്യം കണ്ടതെന്ന് ഡൽഹി അഗ്നിശമനസേന ഡയറക്ടർ ജി.സി.മിശ്ര പറഞ്ഞു. രണ്ടാം നിലവരെയും തീ പടർന്നിരുന്നു. രാവിലെ ഏഴു മണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയിൽനിന്നും കനത്ത പുകയും തീയും ഉയർന്നിരുന്നു. ഇരുപതോളം ഫയർ എൻജിനുകൾ ഉപയോഗിച്ചാണ് തീയണച്ചത്.

×