ഐ പി എല്‍ വാതുവയ്പ്പില്‍ അഞ്ചു വർഷമായുണ്ട് – കുറ്റം സമ്മതിച്ച് അർബാസ് ഖാൻ

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, June 2, 2018

മുംബൈ:  ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതു വയ്പ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരവും നിർമാതാവുമായ അർബാസ് ഖാൻ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. സൽമാൻഖാന്റെ സഹോദരനാണ് അർബാസ്.

ഈ സീസണിലും വാതുവയ്പ് നടത്തിയതായി ചോദ്യം ചെയ്യലിൽ അർബാസ് ഖാൻ സമ്മതിച്ചെന്നാണു റിപ്പോർട്ട്. അഞ്ചു വർഷമായി വാതുവയ്പിലുണ്ടെന്നും അർബാസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ മഹാരാഷ്ട്രയിലെ താനെ പൊലീസ് അർബാസിനു സമൻസ് അയച്ചിരുന്നു.

നേരത്തേ അറസ്റ്റിലായ നാലു വാതുവയ്പുകാരുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിനാണ് അർബാസിനെ വിളിച്ചുവരുത്തിയതെന്നു ഡിസിപി (ക്രൈം) അഭിഷേക് ത്രിമുഖെ പറഞ്ഞു. സോനു ജലാൻ, സോനു മലാദ് എന്നിവരുൾപ്പെടെയുള്ള വാതുവയ്പുകാരാണ് അറസ്റ്റിലായത്.

രാജ്യത്തെ വലിയ വാതുവയ്പുകാരിലൊരാളും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളുമായ സോനു ജലാനാണ് പൊലീസിനോട് അർബാസിന്റെ പേരു പറ‍ഞ്ഞത്. വാതുവയ്പിൽ തോറ്റ അർബാസ് തനിക്ക് 2.80 കോടി രൂപ തരാനുണ്ടെന്നും അതു തരാതായതോടെ താരത്തെ ഭീഷണിപ്പെടുത്തിയെന്നും സോനു പറഞ്ഞിരുന്നു. അന്വേഷണത്തിൽ ഇവരുമായുള്ള ബന്ധം വ്യക്തമാകുകയും ചെയ്തു. സോനുവിന്റെ അറസ്റ്റിനു പിന്നാലെ, ചോദ്യംചെയ്യലിനു ഹാജരാകാൻ അർബാസിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

നിരവധി ബോളിവുഡ് താരങ്ങളുമായി സോനുവിനു ബന്ധമുണ്ടെന്നും ഇയാളുടെ സംഘത്തിന് വര്‍ഷത്തില്‍ 100 കോടിയിലേറെ രൂപയുടെ ലാഭമാണു വാതുവാതുവയ്പിലൂടെ ലഭിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ആരംഭകാലം മുതൽ വാതുവയ്പു വിവാദങ്ങളുടെ നിഴലിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ്.

×