Advertisment

മാണി - യുഡിഎഫ് ബന്ധത്തില്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി തുടക്കത്തിലേ കല്ലുകടി ! രാഹുല്‍ ഗാന്ധിയോട് നിലപാട് ആവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി

author-image
ജെ സി ജോസഫ്
New Update

ഡല്‍ഹി:  രാജ്യസഭാ സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എം - കോണ്‍ഗ്രസ് ബന്ധത്തില്‍ തുടക്കത്തിലേ കല്ലുകടി. യു ഡി എഫിന് ആകെ ലഭിക്കുന്ന ഒരു രാജ്യസഭാ സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Advertisment

ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോണ്‍ഗ്രസിനോട് സഹകരിക്കണമെന്ന ആവശ്യം എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് ജോസ് കെ മാണിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ സീറ്റ് കേരളാ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. അതില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്.

publive-image

കേരളാ കോണ്‍ഗ്രസിന്റെ യു ഡി എഫിലേക്കുള്ള മടക്കയാത്ര രാജ്യസഭാ സീറ്റിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് വൈകിട്ട് 5 മണിക്ക് ജോസ് കെ മാണിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ഒരു ഘടക കക്ഷിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എ ഐ സി സിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത് യു ഡി എഫ് രാഷ്ട്രീയത്തില്‍ ആദ്യമാണ്. ഘടകകക്ഷി നേതാവുമായി എ ഐ സി സി അധ്യക്ഷന്‍ നേരിട്ട് ചര്‍ച്ച നടത്തുന്നതും ആദ്യമായിട്ടാണ്.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ യു ഡി എഫിലേക്ക് തിരികെയെത്തിക്കാന്‍ ഡല്‍ഹിയില്‍ പി കെ കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇന്ന് രാഹുല്‍ ഗാന്ധിയുമായി നടക്കുന്നത്. ഇതോടെ കേരളാ കോണ്‍ഗ്രസിന്റെ മടങ്ങി വരവിന് എ ഐ സി സി തന്നെ മുന്‍കൈയെടുത്തെന്നത് സംസ്ഥാനത്ത് ആദ്യമാണ്.

Advertisment