സിദ്ദരാമയ്യ – യെദൂരപ്പ കൂടിക്കാഴ്ചയില്‍ ആശങ്കയോടെ കര്‍ണ്ണാടക രാഷ്ട്രീയം ! ഇരുവരും ചേര്‍ന്ന് അങ്ങോട്ടോ … ഇങ്ങോട്ടോ .. എന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍  !

കൈതയ്ക്കന്‍
Monday, February 25, 2019

ബാംഗ്ലൂര്‍:  കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ നടന്നത് നിര്‍ണ്ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍. രാവിലെ മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യയും ബി ജെ പി നേതാവ് ബി എസ് യെദൂരപ്പയും തമ്മില്‍ നടന്ന അരമണിക്കൂര്‍ കൂടിക്കാഴ്ചയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

കാലുമാറ്റങ്ങള്‍ക്ക് ഖ്യാതി കേട്ട കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ പരസ്പരം ബലാബലം പോരടിക്കുന്ന രണ്ടു നേതാക്കള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അത്ര നിസാരമായി കാണാന്‍ കഴിയില്ല.

സിദ്ദരാമയ്യ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദ രാഷ്ട്രീയത്തിന്റെ ആളായി അറിയപ്പെടുന്ന നേതാവാണ്‌. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തന്റെ ഗ്രൂപ്പിന് കൂടുതല്‍ പ്രാതിനിധ്യത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദ നീക്കമാണോ സിദ്ദരാമയ്യ നടത്തുന്നതെന്ന സംശയം ശക്തമാണ്.

യെദൂരപ്പയും ബി ജെ പിയില്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ആശാനാണ്.  ഓപ്പറേഷന്‍ കമലയോടെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി ആവോളം വാങ്ങിക്കൂട്ടിയ അദ്ദേഹത്തിന് സംസ്ഥാന നേതൃത്വത്തിലും എതിര്‍പ്പുകള്‍ ധാരാളമാണ്.  മാത്രമല്ല, ദേശീയ നേതൃത്വത്തോട് യെദൂരപ്പയ്ക്കും ഇപ്പോള്‍ വലിയ താല്പര്യമില്ല.

4 വര്‍ഷം എം പി ആയിരുന്നിട്ടും കേന്ദ്രമന്ത്രിയാക്കാതിരുന്നതിന്റെ നീരസം ശക്തമാണ്. അതിനാല്‍ ഒപ്പമുള്ള എം  എമാരുമായി ന്‍ഗ്രസുമായി ചേരാനാണോ യെദൂരപ്പയുടെ നീക്കമെന്ന് സംശയിക്കുന്നവരുണ്ട്‌.

അധികാരത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത നേതാവാണ്‌ യെദൂരപ്പ.  അതിനാല്‍ തന്നെ ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ അങ്ങോട്ടോ, ഇങ്ങോട്ടോ … എന്ന സംശയമാണ് ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇത് സൗഹൃദ കൂടിക്കാഴ്ച ആണെന്നും അതിന് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നുമാണ് സിദ്ദരാമയ്യ പ്രതികരിച്ചത്.

 

×