Advertisment

തനിക്ക് ബാംഗ്ലൂര്‍ സെന്‍ട്രലും മകന് ശിവാജി നഗറും അനുവദിക്കണമെന്ന ആവശ്യം തള്ളിയത് കര്‍ണ്ണാടകയിലെ വിമതന്‍ റോഷന്‍ ബെയ്ഗിനെ പാര്‍ട്ടിക്കെതിരാക്കി. അധോലോക ബന്ധം ആരോപിക്കപ്പെട്ടതോടെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് കെ സി വേണുഗോപാലിനോടുള്ള പിണക്കത്തിനും കാരണമായി. കോണ്‍ഗ്രസില്‍ നിന്നും നേടാവുന്നതെല്ലാം നേടിയശേഷം ഇനി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി റോഷന്റെ നീക്കം

author-image
കൈതയ്ക്കന്‍
New Update

ബാംഗ്ലൂര്‍:  കെ സി വേണുഗോപാലിനും സിദ്ദരാമയ്യയ്ക്കും ദിനേശ് ഗുണ്ടറാവുവിനുമെതിരെ ആരോപണം ഉന്നയിച്ച കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എയുടെ പിണക്കത്തിന് കാരണം ലോക്സഭാ സീറ്റ് നിഷേധിച്ചത്. ബാംഗ്ലൂര്‍ സെന്‍ട്രലില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം ശിവാജി എം എല്‍ എയായ റോഷന്‍ ബെയ്ഗ് ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. സെന്‍ട്രലില്‍ താന്‍ വിജയിച്ചാല്‍ ശിവാജി ഉപതെരഞ്ഞെടുപ്പില്‍ മകനെ മത്സരിപ്പിക്കാനുമായിരുന്നു റോഷന്റെ പദ്ധതി.

Advertisment

publive-image

എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി സ്ഥിരതയില്ലാത്ത രാഷ്ട്രീയം കളിക്കുന്ന റോഷന് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്നായിരുന്നു ഹൈക്കമാന്റിന്റെ നിലപാട്. റോഷന്‍ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ വിജയിക്കില്ലെന്നതായിരുന്നു അതിന്റെ ഒന്നാമത്തെ കാരണം. മറ്റൊന്ന് അങ്ങനെ വിജയിച്ചാല്‍ തന്നെ ശിവാജി നഗറും ഉപതെരഞ്ഞെടുപ്പില്‍ ഇയാളുടെ മകന്‍ മത്സരിച്ചാലും വിജയിക്കില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അങ്ങനെ വന്നാല്‍ നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം നുണയേണ്ടി വരും. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ അത് ബാധിക്കും. ഉപതെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ മകനെയല്ലാതെ മറ്റാരെ മത്സരിപ്പിച്ചാലും റോഷന്‍ കാലുവാരി തോല്‍പ്പിക്കുകയും ചെയ്യും. അതിലും നല്ലത് എം എല്‍ എ ആയ റോഷനെ മത്സരിപ്പിക്കാതിരിക്കുന്നതായിരിക്കുമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ നിലപാട്. അതാണ്‌ റോഷന്‍ കെ സി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിക്കാന്‍ കാരണം.

publive-image

6 തവണ എം എല്‍ എ ആയ റോഷന്‍ 5 വര്‍ഷം മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ആകാവുന്നതൊക്കെ ആയശേഷമാണ് ഇപ്പോള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള റോഷന്റെ നീക്കങ്ങള്‍.  ബാംഗ്ലൂര്‍ നഗരത്തിലെ ഗുണ്ട, ക്വട്ടേഷന്‍ വിഭാഗങ്ങളുടെ സംരക്ഷകനായാണ് റോഷന്‍ അറിയപ്പെടുന്നത്.

അതിനാല്‍ തന്നെ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ മറ്റൊരാള്‍ എം പിയാകുന്നത് തന്റെ സാമ്രാജ്യത്തിന് വെല്ലുവിളിയാകുമെന്ന് റോഷന്‍ കരുതിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിസ്വാനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

കോണ്‍ഗ്രസിലെ സാമ്പത്തിക ശക്തികളെയും അധോലോകം സ്പോണ്‍സര്‍ ചെയ്യുന്ന നേതാക്കളെയും പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തിയത് കെ സി വേണുഗോപാല്‍ കര്‍ണ്ണാടക ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ ശേഷമായിരുന്നു.

publive-image

അധികാരവും ഭരണവും പണവും നോക്കി രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ 87 എം എല്‍ എമാരെ ഇത്രയെങ്കിലും ഒത്തൊരുമയോടെ മറുകണ്ടം ചാടാതെ പിടിച്ചുനിര്‍ത്തിയത് കെ സി വേണുഗോപാലിന്റെ തുടക്കം മുതലുള്ള ശക്തമായ നിലപാടുകളുടെ പേരിലായിരുന്നു.

അതിനാല്‍ തന്നെയാണ് ബാംഗ്ലൂരിലെ കച്ചവട രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കള്‍ വേണുഗോപാലിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇന്നലെ കെ പി സി സി റോഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും താനത് തുറന്നുനോക്കിയിട്ടുപോലുമില്ലെന്നായിരുന്നു ഇന്ന് രാവിലെ റോഷന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്നും നേടാവുന്നതോടെ നേടി, ഇനി ബി ജെ പിയില്‍ എന്നതാണ് ഇദ്ദേഹത്തിന്റെ പുതിയ നിലപാട്.

karnadaka ele
Advertisment