Advertisment

ഉപതെരഞ്ഞെടുപ്പ് വിജയപ്രതീക്ഷയിൽ കർണ്ണാടകയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി കോൺഗ്രസ് ! സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ആലോചന ! ജെ ഡി എസ് പിന്തുണ ഉറപ്പെന്ന് കോൺഗ്രസ് !

author-image
കൈതയ്ക്കന്‍
New Update

ബാംഗ്ലൂർ:  കർണ്ണാടകയിൽ സർക്കാരിന്റെ നിലനിൽപ്പ് തീരുമാനിക്കുന്ന 15 മണ്ഡലങ്ങളിലേക്കുള്ള നിർണ്ണായക ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെ സർക്കാർ രൂപീകരണത്തിനുള്ള ബദൽ നീക്കങ്ങൾ ചർച്ചയാക്കി കോൺഗ്രസ്.

Advertisment

ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ ജെ ഡി എസുമായി ചേർന്ന് സഖ്യകക്ഷി സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ സംബന്ധിച്ച് തുറഞ്ഞു പറഞ്ഞത് സംസ്ഥാന ചുമതലയുള്ള സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്.

publive-image

കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ഡി കെ ശിവകുമാർ മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ സന്ദർശിച്ചതും വാർത്തയായിരുന്നു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്നതിനാൽ കോൺഗ്രസിന്റെ വിജയ പ്രതീക്ഷ വാനോളമാണ്.

വിമത കോൺഗ്രസ് എം എൽ എമാർ രാജിവച്ച് ബി ജെ പിയിൽ ചേർന്നതോടെ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാജിവച്ച വിമതരിൽ 13 പേരും വീണ്ടും മത്സരിക്കുന്നുണ്ട്.

ഇവരിൽ 6 പേരെ വീണ്ടും വിജയിപ്പിക്കാനായാൽ മാത്രമേ യെദ്യൂരപ്പ സർക്കാരിന് ഭൂരിപക്ഷം നിലനിർത്താനാകൂ. അതല്ലെങ്കിൽ സർക്കാർ താഴെവീഴും. ഇതിൽ 10 സീറ്റുകളിൽ കോൺഗ്രസും 2 സീറ്റുകളിൽ ജെ ഡി എസും വിജയ പ്രതീക്ഷ വയ്ക്കുന്നുണ്ട്.

4 സീറ്റുകളുടെ കാര്യത്തിൽ മാത്രമേ ബി ജെ പിയ്ക്ക് ആത്മവിശ്വാസം ഉള്ളൂ എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അതേസമയം, ഭൂരിപക്ഷത്തിന് വേണ്ട 6 സീറ്റുകൾ പിടിച്ചെടുക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് സംശയമില്ല.

publive-image

എന്നാൽ കോൺഗ്രസിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന മട്ടിലാണ് കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനം.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളിൽ ബി ജെ പി ക്കുണ്ടായ തിരിച്ചടി, ഡി കെ ശിവകുമാറിന്റെ അറസ്റ്റ്, കർണ്ണാടകയിലെ അയോഗ്യരാക്കപ്പെട്ട മുൻ എം എൽ എമാർക്ക് വീണ്ടും മത്സരിക്കാൻ അനുവാദം ലഭിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ബി ജെ പിക്കെതിരെ ജനവികാരം തിരിച്ചുവിടാൻ കോൺഗ്രസ് ആയുധമാക്കുന്നുണ്ട്.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മട്ടിൽ യെദ്യൂരപ്പ സർക്കാർ രൂപീകരിച്ചതും അതേ തന്ത്രം മഹാരാഷ്ട്രയിൽ പരീക്ഷിക്കാനൊരുങ്ങി പരാജയപ്പെട്ടതും, രാജ്യത്തെ സാമ്പത്തിക മാന്ദ്യവുമൊക്കെ ചൂടുള്ള ചർച്ചകളാണ്.

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷപോലെ വിജയം ഉണ്ടായാൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി ജെ ഡി എസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

സിദ്ധരാമയ്യയെപ്പോലെ ശക്തനായ നേതാവ് സർക്കാരിനെ നയിച്ചില്ലെങ്കിൽ സ്ഥിരതയുള്ള ഗവണ്മെന്റ് ഉണ്ടാക്കാൻ കഴിയില്ലെന്നും യെദ്യൂരപ്പയുടെ വെല്ലുവിളി നേരിടാനാകില്ലെന്നുമാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

എന്തായാലും അഞ്ചാം തീയതിയിൽ ഉപതെരഞ്ഞെടുപ്പ് കർണ്ണാടകയിൽ അതിനിർണ്ണായകമായി മാറും.

karnadaka ele
Advertisment