Advertisment

വിമതരെയും ബിജെപിയെയും കടത്തിവെട്ടി വിശ്വാസ വോട്ട് തേടാനുള്ള നീക്കം കോണ്‍ഗ്രസിന്റെ തന്ത്രപരമായ ചുവടുവയ്പ്. ലക്‌ഷ്യം വയ്ക്കുന്നത് ഉപതെരഞ്ഞെടുപ്പുകള്‍ തന്നെ. വിമതരെയല്ല, ഇനി ജനങ്ങളെ ഒപ്പം നിര്‍ത്തിയുള്ള കരുനീക്കങ്ങള്‍ മതിയെന്ന് നിര്‍ദ്ദേശിച്ചത് എഐസിസി. വെട്ടിലായി വിമതര്‍

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് തന്ത്രപരമായ നീക്കത്തിനൊരുങ്ങുന്നു.  കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടാനുള്ള നീക്കം ബി ജെ പിയെ ലക്‌ഷ്യംവച്ചുള്ളതാണ്. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് തന്നെ വേണം പ്രതിസന്ധി തരണം ചെയ്യാനെന്ന സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ തീരുമാനം.

Advertisment

ഇന്ന് രാവിലെ കര്‍ണ്ണാടകയിലെ മുതിര്‍ന്ന ഭരണകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ വേണുഗോപാല്‍ ബി ജെ പിയുടെ കുതിരക്കച്ചവടത്തിനെതിരെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍ദ്ദേശം നല്‍കിയത്.

publive-image

ഇത് പ്രകാരമാണ് അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല, വിശ്വാസ വോട്ട് തേടാന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിച്ചത്. ബി ജെ പിയുടെ നീക്കത്തെ ഒരുമുഴം മുമ്പേ കയറി അങ്ങോട്ട്‌ കയറി പ്രതിരോധിക്കുന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.

സര്‍ക്കാരിനെ താഴെയിറക്കാന്‍ എം എല്‍ എമാരെ ഒളിവില്‍ ബന്ദികളാക്കി വിലപേശുന്ന ബി ജെ പിക്കെതിരെ സര്‍ക്കാര്‍ അങ്ങോട്ട്‌ വിശ്വാസ വോട്ട് തേടാന്‍ അനുമതി ചോദിച്ചത് കൃത്യമായ ലക്ഷ്യങ്ങളോടെയാണ്.

publive-image

ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ എല്ലാം തീരുമാനിക്കും 

എം എല്‍ എമാര്‍ രാജിവയ്ക്കുന്ന ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് തന്നെയാണ് കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. വിമത എം എല്‍ എമാരുടെ രാജിയില്‍ സര്‍ക്കാര്‍ രാജി വയ്ക്കുകയെന്നാല്‍ കര്‍ണ്ണാടക അസംബ്ലിയെ സംബന്ധിച്ച് അത് താല്‍ക്കാലിക പ്രതിഭാസം മാത്രമായിരിക്കും. രാജി വയ്ക്കുന്ന എം എല്‍ എമാരുടെ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുകയെന്നതാണ് കര്‍ണ്ണാടക ഉറ്റുനോക്കുന്നത്. ആ ഉപതെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടുന്നവര്‍ കര്‍ണ്ണാടക ഭരിക്കും.

അതിനാല്‍ തന്നെ നിലവില്‍ എം എല്‍ എമാരെ രാജിവയ്പ്പിച്ച് അധികാരത്തിലെത്തിയാലും ഉപതെരഞ്ഞെടുപ്പുകളില്‍ 8 സീറ്റുകളില്‍ വിജയിക്കാനായില്ലെങ്കില്‍ യെദൂരപ്പയ്ക്ക് വീണ്ടും രാജിവയ്ക്കേണ്ടി വരും. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

publive-image

വിമതര്‍ വേണ്ട, കൂറുള്ളവര്‍ മതി !

കഴിഞ്ഞ തവണ പാര്‍ട്ടി പിന്നോട്ടുപോയ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളാണിവ. അതിനാല്‍ തന്നെ ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് മികച്ച സ്വാധീനമുണ്ട്. നിലവിലെ കുതിരക്കച്ചവടവും അട്ടിമറിയും ബി ജെ പിക്കെതിരായ വികാരം സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുണ്ട്. അതുംകൂടിയാകുമ്പോള്‍ വിമതര്‍ രാജിവച്ച മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

ഈ ലക്ഷ്യം വച്ചാണ് പുതിയ നീക്കം. എം എല്‍ എമാരെ തിരിച്ചുപിടിയ്ക്കാന്‍ കൈവിട്ട കളികള്‍ വേണ്ടെന്നാണ് ഹൈക്കമാന്റ് താല്പര്യ പ്രകാരം കെ സി വേണുഗോപാല്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന നീക്കങ്ങളെ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് എ ഐ സി സിയുടെ നിലപാട്.

publive-image

വിശ്വാസ വോട്ട് വിമതരെ തേടി !

ചൊവ്വാഴ്ച വരെ എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ തല്സ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. അതിനിടയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയാല്‍ എം എല്‍ എമാര്‍ക്ക് സഭയില്‍ ഹാജരായി വിപ്പ് പ്രകാരം പ്രവര്‍ത്തിക്കേണ്ടി വരും. വിപ്പ് ലംഘിച്ചാല്‍ എം എല്‍ എമാര്‍ അയോഗ്യരാകുകയും ചെയ്യും. ഫലത്തില്‍ വിമത എം എല്‍ എമാര്‍ക്കും അവരെ സ്പോണ്‍സര്‍ ചെയ്യുന്ന ബി ജെ പിയ്ക്കും പുതിയ നീക്കം തലവേദനയാകും.

സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ പോലും ജനവികാരം എതിരായാല്‍ ഉപതെരഞ്ഞെടുപ്പില്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ഭയം ബി ജെ പിക്കുണ്ട്.

karnadaka ele
Advertisment