Advertisment

നാല് വിമതര്‍ ബിജെപി കൂടാരത്തില്‍ നിന്നും പുറത്തുചാടുന്നതായി അഭ്യൂഹം ! രാമലിംഗ റെഡ്ഡിയും കോണ്‍ഗ്രസുമായി ധാരണയിലേക്ക് ! നാഗരാജും മുനിയപ്പയും കോണ്‍ഗ്രസ് ക്യാമ്പിലേയ്ക്ക് ! 3 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും അഭ്യൂഹം ! ഓപ്പറേഷന്‍ കമല വീണ്ടും ത്രിശങ്കുവില്‍ ! 

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  വിമത എം എല്‍ എമാരെ ബന്ദികളെപ്പോലെ താമസിപ്പിച്ച് വിലപേശിയ ബി ജെ പിയെ സമ്മര്‍ദ്ദത്തിലാക്കി കോണ്‍ഗ്രസിന്റെ പുതിയ നീക്കം.  വിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ കുമാരസ്വാമി സര്‍ക്കാരിന്റെ നീക്കത്തില്‍ അങ്കലാപ്പിലായ ബി ജെ പി പക്ഷത്ത് നിന്നു വിമത എം എല്‍ എമാരുടെ ചോര്‍ച്ച തുടങ്ങിയതായാണ് അഭ്യൂഹം.

Advertisment

രാജി പിന്‍വലിക്കുമെന്ന് ഒരു വിമത എം എല്‍ എ പരസ്യ പ്രകടനം നടത്തിയതും 4 വിമത എം എല്‍ എമാര്‍ മുംബൈയിലെ ഹോട്ടലില്‍ നിന്നും പുറത്തുകടന്നതായുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ വിമതരുടെ പ്രമുഖന്‍ രംഗലിംഗ റെഡ്ഡി എം എല്‍ എ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെ യെദൂരപ്പ പക്ഷത്ത് ആത്മവിശ്വാസം ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.

publive-image

16 എം എല്‍ എമാരുടെ രാജിപ്രഖ്യാപനത്തോടെ അംഗസംഖ്യ 101 ആയി ചുരുങ്ങിയ ഭരണകക്ഷിയ്ക്ക് 6 എം എല്‍ എമാരെ തിരിച്ചുകൊണ്ടുവരാനായാല്‍ അധികാരം നിലനിര്‍ത്താനാകും. അതിനുള്ള ചരടുവലികളാണ് കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ നിലവില്‍ നടന്നുവരുന്നത്.

വിമതര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയാറായത് തന്നെ ശുഭസൂചകമായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.  കഴിഞ്ഞ ഒരാഴ്ചയായി ബാംഗ്ലൂരില്‍ തങ്ങുന്ന സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരിട്ടാണ് സര്‍ക്കാര്‍ പക്ഷത്ത് നിന്നുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്.  മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പലതവണ കെ സി വേണുഗോപാലിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.

publive-image

ബി ജെ പി അവിശ്വാസ നീക്കവുമായി രംഗത്ത് വരുന്നത് കടത്തിവെട്ടി സര്‍ക്കാര്‍ തന്ത്രപരമായ നീക്കത്തിലൂടെ വിശ്വാസ പ്രമേയം അവതരിപ്പിച്ചതാണ് ബി ജെ പി നീക്കങ്ങളെ വെട്ടിലാക്കിയത്.  ഇതോടെ വിമത എം എല്‍ എമാരും വെട്ടിലായി. സ്പീക്കര്‍ എം എല്‍ എമാരുടെ രാജി പിന്‍വലിക്കാതിരുന്നതും അതിനിടയില്‍ സര്‍ക്കാരിന്റെ വിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് വരികയും ചെയ്തതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിമതര്‍.

വിപ്പ് ലംഘിക്കപ്പെട്ടാല്‍ എം എല്‍ എമാര്‍ അയോഗ്യരാകുകയും 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കപ്പെടുകയും ചെയ്യും. നിലവില്‍ വിമത എം എല്‍ എമാരില്‍ ഭൂരിപക്ഷവും 60 വയസ് പിന്നിട്ടവരാണ്.  അതിനാല്‍ തന്നെ അയോഗ്യത കല്‍പ്പിക്കപ്പെടുന്ന സാഹചര്യം വിമതര്‍ ഇഷ്ടപ്പെടുന്നില്ല.

publive-image

ഇതിനിടെ ബി ജെ പി പക്ഷത്തുള്ള മൂന്ന് എം എല്‍ എമാരും കോണ്‍ഗ്രസ് പക്ഷത്തേക്ക് ചുവടുമാറുകയും രാജി വയ്ക്കുകയും ചെയ്യുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. ഇവരുമായി കോണ്‍ഗ്രസ് നേതൃത്വം ദിവസങ്ങള്‍ക്ക് മുമ്പേ ധാരണയായതായാണ് ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതും ബി ജെ പി പക്ഷത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

 

karnataka politics
Advertisment