Advertisment

കര്‍ണ്ണാടകയില്‍ യെദൂരപ്പയുടെ അപ്രഖ്യാപിത ഓപ്പറേഷന്‍ കമല വീണ്ടും പാളുന്നു ! 22 മന്ത്രിമാരെ രാജിവയ്പ്പിച്ച് വിമതര്‍ക്ക് വന്‍ പ്രലോഭനവുമായി കോണ്‍ഗ്രസ്. 6 പേര്‍ മടങ്ങിയെത്തിയതായി സൂചന ! ശനിയാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കെ സി വേണുഗോപാല്‍ നേരിട്ട് !

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബാംഗ്ലൂര്‍:  സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഏതവസരവും അക്ഷമയോടെ വിനിയോഗിക്കുന്ന ബി എസ് യെദൂരപ്പയുടെ അപ്രഖ്യാപിത ഓപ്പറേഷന്‍ കമല വീണ്ടും അനിശ്ചിതത്വത്തിലേക്ക്.  എന്ത് വിലകൊടുത്തും കുതിരക്കച്ചവടം നടത്തി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള യെദൂരപ്പയുടെ നീക്കം ഒരിക്കല്‍ കൂടി കടുത്ത പ്രതിരോധറ്റ്ത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് അവസാന മണിക്കൂറുകളില്‍ പുറത്തുവരുന്നത്.

Advertisment

publive-image

പരസ്പരം പൊരുതുന്ന കര്‍ണ്ണാടകയിലെ നേതാക്കളെ മാറ്റി നിര്‍ത്തി ഹൈക്കമാന്റ് നേരിട്ട് നടത്തുന്ന ഇടപെടലാണ് വീണ്ടും കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നത്. ഇതോടെ 14 എം എല്‍ എമാരെ രാജിവയ്പ്പിച്ച് സുരക്ഷിത താവളത്തിലേക്ക് മാറ്റിയ ബി ജെ പിയുടെ നീക്കത്തിനെതിരെ 22  കോണ്‍ഗ്രസ് മന്ത്രിമാരെ രാജിവയ്പ്പിച്ച് തന്ത്രപരമായ മറുനീക്കമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

ഇതോടെ തിരിച്ചുവരുന്ന മുഴുവന്‍ എം എല്‍ എമാരെയും മന്ത്രിമാരാക്കുമെന്ന വ്യക്തമായ സൂചനയാണ് കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നല്‍കുന്നത്. നിലവില്‍ മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള വിമത വിഭാഗം വേണുഗോപാലുമായി നിരന്തര സമ്മര്‍ദ്ദത്തിലാണ്.

publive-image

ശനിയാഴ്ച രാത്രി തന്നെ എം എല്‍ എമാരുടെ രാജിയറിഞ്ഞ് ബാംഗ്ലൂരിലെത്തിയ കെ സി വേണുഗോപാല്‍ എയര്‍പോര്‍ട്ടിലെ വി ഐ പി ലോഞ്ചില്‍ വച്ച് തന്നെ രാമലിംഗ റെഡ്ഡിയുടെ മകള്‍ സൌമ്യ റെഡ്ഡി എം എല്‍ എയുമായി ചര്‍ച്ച നടത്തിയിരുന്നു. സൗമ്യയും രാജി ഭീഷണി മുഴക്കിയിരുന്നെങ്കിലും രാജിയുണ്ടായില്ല. പകരം സൌമ്യയുമായി  സംസാരിച്ച കെ സി വേണുഗോപാല്‍ സൌമ്യ വഴി പിതാവ് രാമലിംഗ റെഡ്ഡിയുമായി ബന്ധപ്പെട്ടും ചര്‍ച്ച നടത്തി.

അതിനുശേഷം റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച പുലര്‍ച്ചയ്ക്ക് മുമ്പ് തന്നെ രാമലിംഗ റെഡ്ഡി നിലവില്‍ ഒളിവില്‍ കഴിയുന്ന ചില വിമത എം എല്‍ എമാരുമായും സംസാരിക്കുകയായിരുന്നു. ഈ ചര്‍ച്ചകള്‍ ഊണും ഉറക്കവുമില്ലാതെ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി തുടരുകയാണ് കെ സി വേണുഗോപാലും സംഘവും.

publive-image

എന്ത് വിലകൊടുത്തും ബി ജെ പിയുടെ കുതിരക്കച്ചവടത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നാണ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനത്ത് സിദ്ദരാമയ്യ, ഡി കെ ശിവകുമാര്‍, പരമേശ്വരയ്യ തുടങ്ങിയ കരുത്തന്മാരെ അനുകൂലിക്കുന്ന ഗ്രൂപ്പുകള്‍ ശക്തമാണ്. നിലവില്‍ വിമതരായി മാറിനില്‍ക്കുന്ന എം എല്‍ എമാരില്‍ ഭൂരിപക്ഷവും സിദ്ദരാമയ്യയുടെ അടുപ്പക്കാരാണ്. അതിനാല്‍ തന്നെ ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുനയ നീക്കങ്ങള്‍ വേണ്ടത്ര ഫലം കാണുന്നില്ല.

ഇതോടെയാണ് പ്രതിരോധ തന്ത്രങ്ങളുടെ ചുക്കാന്‍ സംസ്ഥാന ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധി കെ സി വേണുഗോപാല്‍ ഏറ്റെടുത്തത്. ശനിയാഴ്ച അര്‍ത്ഥരാത്രി ബാംഗ്ലൂരില്‍ പറന്നിറങ്ങിയതുമുതല്‍ വിമാനത്താവള ലോഞ്ചില്‍ നിന്നും തുടങ്ങിയ ചര്‍ച്ചകള്‍ വേണുഗോപാല്‍ ഇപ്പോഴും നിരന്തരം തുടരുകയാണ്. ഇതോടെയാണ് യെദൂരപ്പയുടെ നീക്കങ്ങള്‍ പ്രതിരോധത്തിലായത്.

publive-image

കെ സി വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് സര്‍ക്കാരിന്റെ വീഴ്ച ഉറപ്പിക്കാനാകുമായിരുന്നു എന്നാണ് ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്. സംസ്ഥാന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ മടിക്കുന്ന വിമത എം എല്‍ എമാര്‍ വേണുഗോപാലിന് ചെവി കൊടുക്കുന്നതാണ് ബി ജെ പിയുടെ നീക്കങ്ങള്‍ക്ക്‌ തടസമായി മാറുന്നത്.

വിമത എം എല്‍ എമാര്‍ക്ക് ബി ജെ പിയുടെ കാവലുണ്ടായിട്ടും അവര്‍ ബന്ധുക്കളും സുഹൃത്തുക്കളും മുഖേന വേണുഗോപാലുമായി ബന്ധപ്പെടുന്നുണ്ട്. ഇതോടെ വിമതരുടെ അംഗസംഖ്യ 14 പേരുടെ രാജിയുണ്ടായിട്ടും 8 ല്‍ ഒതുങ്ങുന്നുവെന്നാണ് അഭ്യൂഹം.

publive-image

എന്ത് വിലകൊടുത്തും ഉടന്‍ മുഖ്യമന്ത്രിയാകാനുള്ള തത്രപ്പാടിലാണ് മുന്‍ മുഖ്യമന്ത്രി ബി എസ് യെദൂരപ്പ. 76 കാരനായ യെദൂരപ്പയുടെ ഭയം ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നയം അനുസരിച്ച് 75 തികഞ്ഞവര്‍ക്ക് സ്ഥാനം നിഷേധിക്കുമോ എന്നതാണ്. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് വന്നാല്‍ യെദൂരപ്പയ്ക്ക് സീറ്റ് പോലും ലഭിക്കില്ല.

ഈ സാഹചര്യത്തില്‍ തനിക്ക് എന്തെങ്കിലും ആകാനുള്ള അവസാന അവസരമാണ് നിലവിലുള്ളതെന്നാണ് യെദൂരപ്പ കണക്കുകൂട്ടുന്നത്. അതിന്റെ ഭാഗമാണ് തിടുക്കത്തിലുള്ള അട്ടിമറി നീക്കങ്ങള്‍ എന്നാണ് സംശയിക്കുന്നത്.

karnadaka ele
Advertisment