കര്‍ണ്ണാടകയില്‍ യെദൂരപ്പയുടെ വെല്ലുവിളി നേരിടാന്‍ ഡി കെ ശിവകുമാറിനെ പാര്‍ട്ടി ഏല്‍പ്പിച്ച് പൂഴിക്കടകന്‍ പ്രയോഗത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി ! ശിവകുമാര്‍ മന്ത്രിപദമൊഴിഞ്ഞ്‌ പിസിസി അധ്യക്ഷനാകും. സഖ്യ സര്‍ക്കാരിനെതിരായ ബിജെപിയുടെ വെല്ലുവിളി ഡി കെയെ മുന്നില്‍ നിര്‍ത്തി തടയാന്‍ നീക്കം

കൈതയ്ക്കന്‍
Friday, June 7, 2019

ബാംഗ്ലൂര്‍:  ശക്തമായ ജനകീയ അടിത്തറയും പാര്‍ട്ടി അടിത്തറയുമുണ്ടായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പാരിഹാരക്രിയയുമായി ഹൈക്കമാന്റ്.  കര്‍ണ്ണാടകയില്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനും ഭരണം ശക്തിപ്പെടുത്താനുമായി മന്ത്രി ഡി കെ ശിവകുമാറിനെ രംഗത്തിറക്കി പൂഴിക്കടകന്‍ പ്രയോഗത്തിനാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം.

ഇതിന്റെ ഭാഗമായി ഇറിഗേഷന്‍ മന്ത്രിയായ ഡി കെ ശിവകുമാറിനെ പിന്‍വലിച്ച് അദ്ദേഹത്തെ കര്‍ണ്ണാടക പി സി സി അധ്യക്ഷനാക്കാനാണ് നീക്കം.  നിലവിലെ പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന് പദവി നഷ്ടമാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു.

കോണ്‍ – ജെ ഡി എസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ബി ജെ പി ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസില്‍ വിജയകരമായ ദൌത്യങ്ങളുടെ അപ്പസ്തോലനായ ഡി കെ ശിവകുമാറിനെ പാര്‍ട്ടിയെ നയിക്കാന്‍ ഏല്‍പ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്‌ഷ്യം. ഇതോടെ പാര്‍ട്ടിയും സഖ്യ സര്‍ക്കാരും ഭദ്രമാകുമെന്ന കാഴ്ചപ്പാടാണ് എ ഐ സി സിയ്ക്കുള്ളത്.

ആളനക്കമില്ലാതെ പി സി സി ഓഫീസ് ?

ദിനേശ് ഗുണ്ടറാവു പി സി സി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള പി സി സി ഓഫീസിന്റെ സ്ഥിതി ഏറെ ദയനീയമാണ്. ഭരണമുണ്ടായിട്ടുപോലും കോണ്‍ഗ്രസിന്റെ ഒരു ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തിരക്ക് പി സി സി ഓഫീസിലില്ല. പകരം മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, മന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുടെ വസതികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തകര്‍ ഒത്തുകൂടുന്നത്.

പി സി സി അധ്യക്ഷന്റെ ജനകീയതയും പ്രവര്‍ത്തക പിന്തുണയും ഇല്ലായ്മയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് ശക്തനായ പി സി സി അധ്യക്ഷനെ കൊണ്ടുവരാനുള്ള നീക്കം.

ദൗത്യങ്ങളില്‍ വിശ്വസ്തന്‍ ?

കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഏറ്റവും കൂറുള്ള നേതാവാണ്‌ ഡി കെ.  പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ദൗത്യങ്ങളും ഇതുവരെ വിജയകരമായി തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ നിന്നും അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ചത്, തുടങ്ങി യെദൂരപ്പയെ വെല്ലുവിളിച്ച് സഖ്യ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത് വരെ ശിവകുമാറിന്റെ ദൌത്യങ്ങളില്‍ ചിലത് മാത്രം.

സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ഡി കെയ്ക്കുള്ളത് ഉറച്ച ബന്ധമാണ്. പാര്‍ട്ടിയിലെ രണ്ട് അധികാര കേന്ദ്രങ്ങളാണെങ്കിലും മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഡി കെ ശിവകുമാറിനെ എതിര്‍ക്കില്ല. കാരണം ശിവകുമാറിന്റെ ശക്തിയിലും കഴിവിലും ആത്മാര്‍ഥതയിലും സിദ്ദരാമയ്യയ്ക്കും വിശ്വാസമുണ്ട്‌.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവരവ്, കര്‍ണ്ണാടകയിലെ ശക്തന്‍ !

കെ എസ് യു സംസ്ഥാന സെക്രട്ടറി പദവിയാണ്‌ സംസ്ഥാന രാഷ്ട്രീയത്തില്‍ ഡി കെ ആദ്യം വഹിക്കുന്ന പദവി.  പിന്നീടങ്ങോട്ട് ഡി കെയുടെ വളര്‍ച്ചയുടെ ഘട്ടമായിരുന്നു. 1990 ലെ ബംഗാരപ്പ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. പിന്നീട് 99 ലെ എസ് എം കൃഷ്ണ മന്ത്രിസഭയിലും അംഗമായി.

2014 ല്‍ സിദ്ദരാമയ്യ മന്ത്രിസഭയിലും പിന്നീട് ഇപ്പോഴത്തെ കുമാരസ്വാമി മന്ത്രിസഭയിലുമായി കഴിഞ്ഞ 6 വര്‍ഷമായി തുടര്‍ച്ചയായി മന്ത്രിസ്ഥാനത്തുണ്ട്.

ദിനേശ് പണ്ടേ ദുര്‍ബലന്‍

കര്‍ണ്ണാടക കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രിയായിരുന്നു ആര്‍ ഗുണ്ടറാവു. അദ്ദേഹത്തിന്റെ മകനാണ് പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു. പക്ഷെ, പിതാവിന്റെ കരുത്തും സംഘടനാ മികവും അതിന്റെ ഏഴയല്‍പക്കത്ത് പോലും ദിനേശിനില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

കഴിഞ്ഞ സിദ്ദരാമയ്യ സര്‍ക്കാരില്‍ നിന്നും കഴിവില്ലായ്മയുടെ പേരില്‍ ഒഴിവാക്കപ്പെട്ട മന്ത്രിയായിരുന്നു ദിനേശ്. അദ്ദേഹത്തെ പിടിച്ച് പി സി സി അധ്യക്ഷനാക്കിയപ്പോള്‍ തന്നെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയില്‍ നിന്നും നേരെ മുഖ്യമന്ത്രി പദത്തിലെത്തിയ പിതാവിന്റെ കരുത്തും സംഘടനാ മികവും മകനില്‍ പ്രതീക്ഷിച്ചവര്‍ ആകെ നിരാശരായിരുന്നു.

സമുദായ പിന്തുണയും ഡി കെയ്ക്ക് അനുകൂലം !

എക്കാലവും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സമുദായമാണ് ഒഖലിംഗ സമുദായം. അവര്‍ക്കിടയില്‍ നിന്നുള്ള ശക്തനായ നേതാവാണ്‌ ഡി കെ ശിവകുമാര്‍.  അതിനൊപ്പം ഇതര സമുദായ / വിഭാഗങ്ങളെയും ഒപ്പം നിര്‍ത്താനുള്ള മെയ് വഴക്കം ശിവകുമാറിനുണ്ട്.

ബെല്ലാരി മേഖല ഖനി രാജാക്കന്മാരില്‍ നിന്നും തിരിച്ചു പിടിച്ചത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഡി കെയ്ക്ക് ഈ മേഖലയുടെ ചുമതല നല്‍കിയപ്പോള്‍ മാത്രമായിരുന്നു. ആ കരുത്ത് തന്നെയാണ് ഇപ്പോള്‍ കര്‍ണ്ണാടക തിരിച്ചുപിടിക്കാനുള്ള ദൌത്യത്തിലൂടെ പി സി സി ഏല്‍പ്പിക്കുമ്പോള്‍ ഹൈക്കമാന്റ് ഡി കെയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

 

×