Advertisment

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം പാര്‍ട്ടി പുനസംഘടന കര്‍ണ്ണാടകത്തില്‍ തുടങ്ങാനൊരുങ്ങി രാഹുല്‍ ഗാന്ധി ! ഗ്രൂപ്പ് തടവറകളില്‍ നിന്നും മോചനം കാത്ത് പ്രവര്‍ത്തകര്‍ ! ജംബോ കമ്മിറ്റി ശുദ്ധീകരിച്ച് കര്‍ണ്ണാടകയില്‍ 'മോഡല്‍ പുനസംഘടനയ്ക്കൊരുങ്ങി' കെ സി വേണുഗോപാല്‍ !

New Update

ബാംഗ്ലൂര്‍:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം പരാജയത്തിന് ശേഷം ആദ്യ പി സി സി പുനസംഘടനയ്ക്കൊരുങ്ങി എ ഐ സി സി. പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ട കര്‍ണ്ണാടകയില്‍ നിന്നും പുനസംഘടനയ്ക്ക് തുടക്കം കുറിയ്ക്കാനാണ് എ ഐ സി സി ഒരുങ്ങുന്നത്.

Advertisment

അതേസമയം, നാല് ഗ്രൂപ്പുകളായി വിഭജിച്ച് നില്‍ക്കുന്ന കര്‍ണ്ണാടകയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തി പുനസംഘടന സാധ്യമാക്കുക എന്ന കനത്ത വെല്ലുവിളിയാണ് കര്‍ണ്ണാടക ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരിടുന്നത്. പ്രത്യേകിച്ച് സഖ്യ സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലായ സാഹചര്യത്തില്‍ ഏത് സമയത്തും തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ തക്കവിധം പാര്‍ട്ടിയെ സജ്ജമാക്കുകയാണ് പുതിയ പുനസംഘടനകൊണ്ട് ഉദ്ദേശിക്കുന്ന പ്രധാന ദൌത്യം !

publive-image

ഗ്രൂപ്പുകളുടെ ബലാബലങ്ങള്‍ 

കര്‍ണ്ണാടകയുടെ പ്രത്യേക പി സി സി എന്നതിനേക്കാള്‍ പ്രധാനം സിദ്ദരാമയ്യ, ഡി കെ ശിവകുമാര്‍, ജി പരമേശ്വര, ദിനേശ് ഗുണ്ടറാവു ഗ്രൂപ്പുകളുടെ ആധിപത്യമാണ്‌. ഇവരുടെ വസതികള്‍ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തകരുടെ വിന്യാസം പോലും.

കെ പി സി സി ഓഫീസില്‍ ആകെ ആളനക്കമുണ്ടാകുന്നത് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സ്ഥലത്തുള്ളപ്പോഴാണ്. ഈ ചേരി തിരിഞ്ഞുള്ള ഗ്രൂപ്പ് വിന്യാസങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ കെ പി സി സി ഓഫീസിലേക്ക് ഏകോപിപ്പിക്കുക എന്നതാണ്  പുനസംഘടന ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി.

350 ഓളം വരുന്ന ജംബോ കമ്മിറ്റി അഴിച്ചുപണിത് പാര്‍ട്ടി കൂറും ആഭിമുഖ്യവുമുള്ള ജനകീയ നേതാക്കളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കുന്നതിലൂടെ മാത്രമേ പാര്‍ട്ടിയുടെ തിരിച്ചുവരവ് സാധ്യമാകൂ എന്നാണു വിലയിരുത്തല്‍. അതിന് ഗ്രൂപ്പ് നേതാക്കളെ അതിജീവിക്കുന്ന അസാമാന്യ വിരുതുതന്നെ എ ഐ സി സി പുറത്തെടുക്കേണ്ടി വരും.

എ ഐ സി സിയോടും രാഹുല്‍ ഗാന്ധിയോടും കൂറുള്ള ഒരു പി സി സിയെ കര്‍ണ്ണാടകത്തില്‍ സജ്ജമാക്കുക എന്നതാണ് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള അവസാന പിടിവള്ളി.

publive-image

സമുദായ സമവാക്യങ്ങളുടെ ബലാബലം

കര്‍ണ്ണാടകയില്‍ ജാതി രാഷ്ട്രീയമാണ് പലപ്പോഴും നിര്‍ണ്ണായകമാകുന്നത്. ഏത് പുനസംഘടനയിലും ഈ സമവാക്യങ്ങളുടെ സന്തുലിതാവസ്ഥ നിര്‍ണ്ണായകമാണ്. പാര്‍ട്ടി കൂറും പ്രവര്‍ത്തന പാരമ്പര്യവും ജനകീയതയും എല്ലാം പരിഗണിക്കുമ്പോഴും ഈ സാമുദായിക സന്തുലിതാവസ്ഥ പാലിച്ചുകൊണ്ട് അത് നടപ്പിലാക്കിയെടുക്കുകയാണ് പ്രധാനം.

ലിംഗായത്ത്, കുറുബ, ഒഖലിഗ, എസ് സി, ഓ ബി സി, ന്യൂനപക്ഷ സമുദായങ്ങളാണ് കര്‍ണ്ണാടകയില്‍ പ്രധാനം. ഇതില്‍ 28% ന്യൂനപക്ഷങ്ങളാണ്. പിന്നോക്ക വിഭാഗം 19.5 ശതമാനമുണ്ട്. ഓബിസി 20 ശതമാനവും. 14 ശതമാനം വരുന്ന ലിംഗായത്ത് സമുദായവും 7 ശതമാനം വരുന്ന കുറുബയും 11 ശതമാനം വരുന്ന ഒഖലിഗയും കോണ്‍ഗ്രസിന് പരിഗണിക്കപ്പെടെണ്ട വിഭാഗങ്ങള്‍ തന്നെ.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4 ശതമാനം വരുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളെ അവഗണിച്ചപ്പോള്‍ തന്നെ അതിന്റെ പ്രത്യാഘാതങ്ങള്‍  ഗുരുതരമായിരുന്നു. മാര്‍ഗരറ്റ് ആല്‍വയും ഓസ്കര്‍ ഫെര്‍ണാണ്ടസും മുതല്‍ മലയാളികളായ കെ ജി ജോര്‍ജ്ജ്, ടി ജോണ്‍, ജെ അലക്സാണ്ടര്‍ എന്നീ ക്രിസ്ത്യന്‍ നേതാക്കളൊക്കെ ഒരേ സമയത്ത് കോണ്‍ഗ്രസില്‍ ശക്തരായി നിന്നപ്പോള്‍ ക്രിസ്ത്യന്‍ സമുദായവും ആ ബലാബലത്തിന് ഒപ്പം നിന്നു.

എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ അപ്പാടെ തഴയുകയായിരുന്നു. മാത്രമല്ല, ഈ വിഭാഗത്തില്‍ നിന്നും രണ്ടാംനിര നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയതും അതിനേക്കാള്‍ തിരിച്ചടിയായി.  പാര്‍ട്ടി പുനസംഘടിപ്പിക്കുമ്പോള്‍ ഇത്തരം പ്രാതിനിധ്യങ്ങള്‍ ഒരുമിപ്പിച്ച് കൊണ്ടുപോരാനായാല്‍ മാത്രമേ പുനസംഘടനയുടെ ഫലം തെരഞ്ഞെടുപ്പുകളെ അതിജീവിക്കുന്നതായി മാറുകയുള്ളൂ.

publive-image

ഗ്രൂപ്പുകള്‍ക്കതീതമായ നേതൃത്വം

പാര്‍ട്ടിയിലെ നാല്‍വര്‍ ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍ നിന്നും പാര്‍ട്ടിയെ മോചിപ്പിച്ച് എ ഐ സി സിയോട് കൂറും പ്രതിബദ്ധതയുമുള്ള നേതൃനിരയെ സൃഷ്ടിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.  ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെയാണ് നേതൃനിരയിലേക്ക് കൊണ്ടുവരേണ്ടതെന്ന അഭിപ്രായത്തിനാണ് മുന്‍‌തൂക്കം.

സമീപകാലത്ത് കാലുമാറിയും അധികാരം മോഹിച്ചും പാര്‍ട്ടിയില്‍ കയറിപ്പറ്റിയവരെ സമവായത്തിന്റെ പേരില്‍ കമ്മിറ്റികളില്‍ പ്രതിഷ്ടിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നാണ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഇതിനെയെല്ലാം അതിജീവിച്ച് രാജ്യം ഉറ്റുനോക്കുന്ന ആദ്യ പി സി സി പുനസംഘടനയെ മോഡല്‍ പുനസംഘടനയാക്കി മാറ്റാന്‍ എ ഐ സി സിക്ക് കഴിഞ്ഞാല്‍ അത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് നല്‍കുന്ന പുതിയൊരു സന്ദേശം കൂടിയായി മാറും. രണ്ടാഴ്ചകളില്‍ പൂര്‍ത്തിയാകുന്ന പുനസംഘടനയിലൂടെ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്.

 

 

karnadaka ele
Advertisment