Advertisment

മുംബൈയിലുള്ള വിമത എം എല്‍ എമാര്‍ക്ക് പുറംലോകവുമായുള്ള ആശയവിനിമയത്തിന് വിലക്ക്. ബന്ധുക്കളുമായി പോലും സംസാരത്തിന് അനുമതിയില്ല. കര്‍ണ്ണാടകയിലെ പ്രതിസന്ധിയില്‍ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ ബിജെ പിയുടെ രാഷ്ട്രീയ നാടകം പൊളിച്ചടുക്കിയത് കോണ്‍ഗ്രസ് നേതാക്കളെ മുംബൈയിലേക്കയച്ച എ ഐ സി സിയുടെ നീക്കം

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ നടക്കുന്ന വിമത നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ സ്വയം തകര്‍ച്ചയാണെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ബി ജെ പിയുടെ ഭാഷ്യം.  പക്ഷേ, ഇന്ന് പുലര്‍ച്ചെ നാലരയോടെ വിമത എം എല്‍ എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലെത്തിയ മന്ത്രിമാരായ ഡി കെ ശിവകുമാര്‍, ജി ടി ദേവഗൌഡ, ശിവലിംഗ ഗൌഡ എന്നിവരെ പോലീസ് ഹോട്ടലിനു പുറത്ത് തടഞ്ഞതോടെ തന്ത്രങ്ങള്‍ പൊളിഞ്ഞു.

Advertisment

സ്വന്തം സഹപ്രവര്‍ത്തകരെ കാണാന്‍ വന്ന കോണ്‍ഗ്രസ് നേതാക്കളെ ഹോട്ടലിനു പുറത്ത് തടഞ്ഞുനിര്‍ത്തുകയും ബി ജെ പിയുടെ കര്‍ണ്ണാടകയിലെ തന്നെ മുതിര്‍ന്ന നേതാക്കളായ ആര്‍ അശോക്‌, കെ ജി ബോപ്പയ്യ എന്നിവര്‍ അകത്തു കടക്കുകയും ചെയ്തതോടെ ബി ജെ പിയുടെ നാടകം പൊളിഞ്ഞു.

publive-image

ഇതോടെ കോണ്‍ഗ്രസ് വിമത എം എല്‍ എമാര്‍ ബി ജെ പിയുടെ ബന്ദികളായെന്ന പ്രചരണമാണ് കോണ്‍ഗ്രസ് അഴിച്ചുവിട്ടത്.  ഇത് വിജയിക്കുകയും ചെയ്തു. ഇതോടെ കര്‍ണ്ണാടകയിലെ ജനവികാരം ബി ജെ പിക്കെതിരായി. പ്രശ്നം ലോക്സഭയിലും രാജ്യസഭയിലും ഉന്നയിക്കുകവഴി ബി ജെ പി ജനാധിപത്യത്തെ എല്ലാ അര്‍ഥത്തിലും കുഴിച്ചുമൂടുകയാണെന്ന പ്രചരണം ദേശീയ തലത്തിലും ശക്തമായി.

വിമത എം എല്‍ എമാര്‍ തിരിച്ചുവരാന്‍ ഒരുക്കമാണെന്ന സന്ദേശം ലഭിച്ചതോടെയാണ് ഇവരുമായി സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയിലേക്ക് തിരിച്ചത്. തങ്ങളെ ബി ജെ പി നേതാക്കള്‍ പുറത്തുപോകാനോ ഫോണില്‍ സംസാരിക്കാനോ പോലും അനുവദിക്കുന്നില്ലെന്ന പരാതി ഇവര്‍ക്കുള്ളതായാണ് വിവരം. ഈ സാഹചര്യത്തില്‍ എം എല്‍ എമാരെ മോചിപ്പിക്കാന്‍ കൂടിയായിരുന്നു ശിവകുമാറും സംഘവും മുംബൈയിലെത്തിയത്.

publive-image

ശിവകുമാര്‍ അകത്ത് കടന്നാല്‍ നാടകം അവസാനിക്കുമെന്ന് കണ്ടതോടെയാണ് ഇവരെ തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. പോലീസ് ഹോട്ടലിന് മുന്നില്‍ തടഞ്ഞതോടെ നനഞ്ഞാണ് മന്ത്രിമാര്‍ പുറത്തുനിന്നത്. ഇത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായി. ഇതോടെ ബി ജെ പി കടുത്ത പ്രതിരോധത്തിലുമായി. എങ്കിലും എം എല്‍ എമാരെ പുറത്തുകടക്കാനോ കാണാനോ ബി ജെ പി ഒരുക്കമല്ല. എം എല്‍ എമാരെ അഴിച്ചുവിട്ടാല്‍ അട്ടിമറി നാടകം പൊളിയുമെന്നാണ് ബി ജെ പിയുടെ ഭയം.

മന്ത്രി ഡി കെ ശിവകുമാറും സംഘവും ഇന്നലെ മുംബൈയ്ക്ക് തിരിച്ചത് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. എം എല്‍ എമാരെ മുഖാമുഖം കണ്ട് സംസാരിക്കാനായാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്. പക്ഷെ, അവരെ ഹോട്ടലിന് പുറത്ത് തടഞ്ഞതോടെ രാഷ്ട്രീയമായി ഈ നാടകം ബി ജെ പിയ്ക്ക് തിരിച്ചടിയായി മാറും.

 

karnataka politics
Advertisment