നട്ടെല്ലിന് പകരം ഡാഷുള്ള എംഎല്‍എമാര്‍ !! കര്‍ണ്ണാടകയില്‍ എന്തു സംഭവിക്കുമെന്ന് നിശ്ചയമില്ലാതെ കോണ്‍ഗ്രസും ബിജെപിയും ! അനുനയപ്പെട്ടവരെ വിശ്വസിക്കാത്ത കോണ്‍ഗ്രസും പോയിട്ട് വീണ്ടും മടങ്ങിയെത്തിയവരെ വിശ്വാസത്തിലെടുക്കാതെ ബിജെപിയും ! 

കൈതയ്ക്കന്‍
Monday, July 15, 2019

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും പോലും നിശ്ചയമില്ലാത്തതാണ് സ്ഥിതി.  വിമതരില്‍ ചിലര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച  നടത്തുന്നു, മറ്റുള്ളവരെക്കൂടി തിരിച്ചുകൊണ്ടുവരാമെന്ന് പറയുന്നു, ഒടുവില്‍ അവര്‍ ബി ജെ പി ക്യാമ്പിലേക്ക് തന്നെ മടങ്ങുന്നു. ഇവര്‍ മടങ്ങി വന്നതാണോ, അതോ മറ്റുള്ളവരെക്കൂടി തിരിച്ചു കൊണ്ടുപോകാന്‍ വന്നതാണോ എന്നൊന്നും നിശ്ചയമില്ലാത്തതാണ് ബി ജെ പിയുടെ അവസ്ഥ.

അതിനിടെ അഞ്ചോളം എം എല്‍ എമാര്‍ ഒപ്പമുള്ള രാമലിംഗ റെഡ്ഡി കോണ്‍ഗ്രസുമായി ധാരണയിലെത്തിയെന്ന അഭ്യൂഹവും ശക്തമായി. കോണ്‍ഗ്രസിന്റെ അവസ്ഥയും ഇതുതന്നെയാണ്.  വന്നവര്‍ മടങ്ങിയെത്തിയതാണോ അതോ വീണ്ടും തിരിച്ചു പോയതാണോ എന്നൊന്നും നിശ്ചയമില്ലാത്ത അവസ്ഥ. കൃത്യമായ വിവരം അറിയാന്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ട് കഴിയുംവരെ കാത്തിരിക്കേണ്ടതാണ് സാഹചര്യം.

ഞായറാഴ്ച രാവിലെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ നാഗരാജ് എം എല്‍ എയെ ബി ജെ പി ഭീഷണിപ്പെടുത്തിയാണ് മടക്കിക്കൊണ്ടുപോയതെന്ന ആരോപണവും ഉയരുന്നുണ്ട്.  കര്‍ണ്ണാടക അസംബ്ലിയിലെ ഏറ്റവും ധനവാനായ എം എല്‍ എ ആണ് നാഗരാജ്. ആയിരംകോടിയിലേറെയാണ് ആസ്തി.  ഇതില്‍ കണക്കില്‍പ്പെടാത്ത അനധികൃത സമ്പാദ്യം ഉണ്ടെന്നും ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ഇത് തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ബി ജെ പി ഇദ്ദേഹത്തെ മടക്കിക്കൊണ്ടുപോയതെന്ന് പറയുന്നു.

ഇതിനിടെയാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രാമലിംഗ റെഡ്ഡി കോണ്‍ഗ്രസ് നേതാക്കളുമായി ആശയ വിനിമയം തുടരുന്നത്. ഇദ്ദേഹത്തോടൊപ്പം 5 എം എല്‍ എമാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ ഇദ്ദേഹത്തെ അനുനയിപ്പിക്കാനായാല്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വിശ്വാസം.

വിമത എം എല്‍ എമാരില്‍ വലിയൊരു വിഭാഗവുമായി അടുത്ത ബന്ധമുള്ള നേതാവാണ്‌ രാമലിംഗ റെഡ്ഡി ! എങ്കിലും അദ്ദേഹം ആര്‍ക്കൊപ്പമെന്നു ഇപ്പോഴും നിശ്ചയമില്ല.  വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് വിശ്വാസം.

 

×