എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ എംഎല്‍എമാരുടെ കൂട്ടരാജി ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ് ! രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളുടെ അട്ടിമറി തടയാന്‍ കര്‍ശന നിലപാടുകളിലേക്ക്‌ കോണ്‍ഗ്രസ് 

കൈതയ്ക്കന്‍
Wednesday, July 17, 2019

ന്യൂഡല്‍ഹി:   കോണ്‍ഗ്രസ്, കേന്ദ്ര പ്രതിപക്ഷ കക്ഷികളുടെ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ബി ജെ പി നീക്കത്തെ എം എല്‍ എമാരുടെ കൂട്ടരാജിയിലൂടെ പ്രതിരോധിക്കാനൊരുങ്ങി കോണ്‍ഗ്രസ്.  കര്‍ണ്ണാടകയില്‍ ഉള്‍പ്പെടെ ജനാധിപത്യത്തെ അട്ടിമറിയ്ക്കാനായി നടത്തുന്ന നീക്കങ്ങളെ മുഴുവന്‍ എം എല്‍ എമാരുടെയും രാജിയിലൂടെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

കര്‍ണ്ണാടകയില്‍ 15 വിമത എം എല്‍ എമാരുടെ നിലപാട് മൂലം സര്‍ക്കാര്‍ താഴെ വീണാല്‍ കോണ്‍ഗ്രസിന്റെയും ജെ ഡി എസിന്റെയും മുഴുവന്‍ എം എല്‍ എമാരും രാജിവയ്ക്കാനാണ് നീക്കം.  അങ്ങനെ വന്നാല്‍ ഏകദേശം പകുതിയോളം എം എല്‍ എമാര്‍ സഭയിലില്ലാതെ വന്നാല്‍ അട്ടിമറിയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തടയാനാകും.

മാത്രമല്ല, അവശേഷിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ബി ജെ പി നീക്കങ്ങള്‍ക്ക് മുന്‍കൂട്ടി തടയിടാനും കഴിയും.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ എം എല്‍ എമാരെ ചാക്കിട്ട് പിടിച്ച് അട്ടിമറിയ്ക്കാനുള്ള നീക്കം ഏത് വിധേനയും തടയണമെന്ന വികാരമാണ് കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കുമുള്ളത്. മാത്രമല്ല, തെലുങ്കാനയില്‍ ബി ജെ പിയുടെ ചുവടുപിടിച്ച് ടി ആര്‍ എസും ഇതേ രീതി അവലംബിച്ചിരുന്നു.

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെതിരെയും എം എല്‍ എമാരെ അട്ടിമറി നീക്കത്തിലൂടെ സ്വന്തം പക്ഷത്താക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കടുത്ത നടപടികളിലൂടെ ബി ജെ പി നീക്കങ്ങളെ പ്രതിരോധിക്കണമെന്ന വികാരമാണ് പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്. അതിന് എം എല്‍ എമാരുടെ കൂട്ടരാജിയിലൂടെ ബദല്‍ സര്‍ക്കാര്‍ നീക്കങ്ങളെ തടയുകയെന്നത് മാത്രമാണ് പരിഹാരമെന്നു പ്രതിപക്ഷം കരുതുന്നു. അങ്ങനെ വന്നാല്‍ അത്തരം നീക്കങ്ങളില്‍ നിന്നും ബി ജെ പി പിന്നോക്കം പോകുമെന്ന് ഇവര്‍ കരുതുന്നു.

 

 

×