കര്‍ണ്ണാടകയില്‍ വിമതര്‍ക്ക് തിരിച്ചടി: തീരുമാനം സ്പീക്കറുടെതെന്ന് സുപ്രീംകോടതി. സ്പീക്കറുടെ തീരുമാനത്തിന് സമയപരിധി നിശ്ചയിക്കാനാവില്ല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ഡല്‍ഹി: കര്‍ണ്ണാടകയില്‍ വിമത എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ അധികാരങ്ങള്‍ സമ്പൂര്‍ണ്ണമായി ശരിവച്ച്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് യഥേഷ്ടം തീരുമാനം കൈക്കൊള്ളാമെന്നും അതിന് സമയ പരിധി നിശ്ചയിക്കാനാവില്ലെന്നുമാണ് ഇന്നത്തെ സുപ്രീംകോടതി ഉത്തരവ്.

അതേസമയം, നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എം എല്‍ എമാരെ നിര്‍ബന്ധിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. എന്നാള്‍ എം എല്‍ എമാര്‍ വിപ്പ് ലംഘിച്ചാല്‍ അവര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സ്പീക്കറുടെ അധികാരം വിധിയിലൂടെ സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. ഇതോടെ കര്‍ണ്ണാടകത്തിലെ 15 വിമത എം എല്‍ എമാരും പ്രതിസന്ധിയിലായി.

വിധിയുടെ സംക്ഷിപ്തം ഇങ്ങനെ;

കർണാടകത്തിലെ വിമത എം എൽ എ മാർക്ക് നാളെ നടക്കുന്ന വിശ്വാസ വോട്ട് എടുപ്പിൽ പങ്കെടുക്കേണ്ട. വിമത എം എൽ എ മാരുടെ രാജി കാര്യത്തിൽ സ്പീക്കർ തീരുമാനം എടുക്കുന്നത് വരെ എം എൽ എ മാരെ സഭ നടപടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി.

വിമത എം എൽ എ മാരുടെ രാജി കാര്യത്തിൽ സ്‌പീക്കർക്ക് എപ്പോൾ വേണം എങ്കിലും തീരുമാനം എടുക്കാം. തീരുമാനം എടുക്കാൻ സ്‌പീക്കറോട് ഉത്തരവിടാൻ കഴിയില്ല എന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.

×