അഭിപ്രായമുണ്ടായിട്ടും വിവാദം വേണ്ടെന്നു കരുതി എല്ലാം ഉള്ളിലൊതുക്കി കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും. സൈനിക നടപടി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലാഭമാകുമെന്ന വങ്കത്തം വിളമ്പി ബിജെപി നേതാവ്. യെദൂരപ്പയുടെ അവകാശവാദത്തില്‍ രാജ്യവ്യാപകമായി വിമര്‍ശനപ്പെരുമഴ

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, February 28, 2019

ബാംഗ്ലൂര്‍:  രാജ്യത്തെ സൈനികര്‍ അതിര്‍ത്തിയില്‍ ജീവന്‍ ത്യജിച്ചും മരണത്തെ മുഖാമുഖം കണ്ടും നടത്തുന്ന പോരാട്ടം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുമെന്ന വ്യക്തമായ സൂചന നല്‍കി ബി ജെ പി ഉന്നത നേതാവും മുന്‍ കര്‍ണ്ണാടക മന്ത്രിയുമായ ബി എസ് യെദൂരപ്പ രംഗത്ത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പിക്ക് കര്‍ണ്ണാടകയില്‍ 22 ലോക്സഭാ സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് യെദൂരപ്പ ഇന്ന് ബാംഗ്ലൂരില്‍ അവകാശപ്പെട്ടത്.

പുല്‍വാമ ആക്രമണവും സി ആര്‍ പി എസ് ജവാന്മാരുടെ ജീവത്യാഗവും സംബന്ധിച്ച് കോണ്‍ഗ്രസിനും മറ്റ്‌ പല പ്രതിപക്ഷ കക്ഷികള്‍ക്കും വ്യക്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവാദങ്ങള്‍ വേണ്ടെന്നതാണ് നേതാക്കളുടെ നിലപാട്. അതിനാല്‍ തന്നെ പ്രതിപക്ഷ നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ക്ക് മുതിര്‍ന്നിരുന്നില്ല.

രണ്ടായിരത്തോളം സി ആര്‍ പി എഫ് സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിലേക്ക് 360 കിലോയോളം സ്ഫോടക വസ്തുക്കളുമായി ഭീകരരുടെ വാഹനം അതിക്രമിച്ചു കയറുകയും രാജ്യത്തിന്റെ അഭിമാനമായിരുന്ന ജവാന്മാര്‍ ജീവത്യാഗം ചെയ്യുകയും ചെയ്തിട്ടും ഇക്കാര്യങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ നേതാക്കള്‍ ഉള്ളിലൊതുക്കി.

എന്നാല്‍ അതുകൂടി മുതലെടുത്ത്‌ അതിര്‍ത്തിയിലെ സൈനിക നടപടിയെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാനാണ് ബി ജെ പി നീക്കമെന്നതിന്റെ വെളിപ്പെടുത്തലാണ് മുതിര്‍ന്ന നേതാവ് യെദൂരപ്പയുടെ പ്രതികരണം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

×