Advertisment

ഗോവയിലും കര്‍ണ്ണാടകയിലും തന്ത്രങ്ങളൊരുക്കിയ കെസി വേണുഗോപാല്‍ രാജസ്ഥാനിലും മധ്യസ്ഥന്റെ റോളില്‍ ! രാഹുലിന്‍റെ കോണ്‍ഗ്രസില്‍ ട്രബിള്‍ ഷൂട്ടറായി ഇനി കെ സിയും !

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി:  സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തനാകുമ്പോള്‍ രാഹുലിന് പിന്നില്‍ കരുത്തുറ്റ പിന്‍ബലമായി മാറുകയാണ് കെ സി വേണുഗോപാല്‍ എം പി.

Advertisment

publive-image

പി വി നരസിംഗ റാവു കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന കാലത്ത് റാവുവിന് കരുണാകരന്‍ എന്ന പോലെ ഇപ്പോള്‍ രാഹുലിന് പിന്നില്‍ കോണ്‍ഗ്രസിലെ കരുത്തരുടെ നിലയില്‍ ഒന്നാമനായി മാറുകയാണ് കേരളത്തില്‍ നിന്നുള്ള ഈ കോണ്‍ഗ്രസ് നേതാവ്.

ചുമതലകളില്ലാതിരുന്നിട്ടും രാജസ്ഥാന്‍ ദൗത്യം - അപൂര്‍വ്വ നിയോഗം

അടുത്ത കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം നേരിട്ട എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പ്രശ്ന പരിഹാരകനായി രാഹുല്‍ തെരഞ്ഞെടുത്തത് കെ സി വേണുഗോപാലിനെയായിരുന്നു.  കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അമിത് ഷാ കരുക്കള്‍ നീക്കിയപ്പോള്‍ രാഹുലിന്‍റെ നിര്‍ദ്ദേശ പ്രകാരം കളം പിടിയ്ക്കാന്‍ നിയോഗിക്കപ്പെട്ടത് കെ സി ആയിരുന്നു.

അതേ കെ സിയെ തന്നെയാണ് കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രസ്റ്റീജ് സംസ്ഥാനമായ രാജസ്ഥാനിലെക്ക് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ നിയോഗിച്ചത്.  കേവല ഭൂരിപക്ഷം കിട്ടുമോ എന്നുറപ്പില്ലാത്ത സമയത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തന്നെ രാഹുല്‍ കെ സിയെ രാജസ്ഥാനിലേക്ക് നിയോഗിച്ചു.

publive-image

മറ്റൊരു സംസ്ഥാനത്ത് ചുമതലയുള്ള നേതാവിനെ വേറൊരു സംസ്ഥാനത്ത് തരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കുന്നത് അപൂര്‍വ്വമാണ്.

കേവലഭൂരിപക്ഷം കഷ്ടി, മുഖ്യമന്ത്രി പദവിക്ക് ഒരേപോലെ യോഗ്യരായ 2 നേതാക്കള്‍, ഇരുവരും ഹൈക്കമാന്റിന് ഒരേപോലെ പ്രിയങ്കരര്‍, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ വേറെയും . 2 ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷവും ഇരുകൂട്ടരും മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കങ്ങളില്‍ തുടരുകയാണ്.

തനിക്കേറ്റവും ഇഷ്ടപെട്ട നേതാക്കളെ പിണക്കാതെ എങ്ങനെയും രമ്യതയില്‍ കാര്യങ്ങള്‍ എത്തിക്കുകയെന്നതാണ് ഇപ്പോള്‍ കെ സിയെ രാഹുല്‍ ഏല്‍പ്പിച്ചിട്ടുള്ള ദൗത്യം. രാജസ്ഥാനിലും ഡല്‍ഹിയിലുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കെല്ലാം മദ്ധ്യസ്ഥന്റെ റോളില്‍ കെ സി തന്നെ. എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ചര്‍ച്ചകളുടെ ഗതി.

publive-image

ഗുലാംനബിയുടെയും പട്ടേലിന്റെയും സ്ഥാനത്ത് ഇനി കെ സി

ഇതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ സി വേണുഗോപാലിന്റെ പ്രസക്തി വര്‍ധിക്കുകയാണ്.  ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിക്കായി രംഗത്തിറക്കാവുന്ന ട്രബിള്‍ ഷൂട്ടറായി രാഹുല്‍ കാണുന്നത് ഇപ്പോള്‍ കെ സിയെയാണ്.

ഇതോടെ സോണിയാ ഗാന്ധി ഇത്തരം സാഹചര്യങ്ങളില്‍ നിര്‍ണ്ണായക ദൗത്യങ്ങള്‍ ഏല്‍പ്പിച്ച ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, ദ്വിഗ് വിജയ്‌ സിംഗ്  എന്നിവരുടെയൊക്കെ സ്ഥാനത്തേക്ക് രാഹുലിന്‍റെ കോണ്‍ഗ്രസില്‍ കെ സിയും മാറുകയാണ്.  വീണ്ടും കേരളത്തില്‍ നിന്നൊരു നേതാവ് ദേശീയ രാഷ്ട്രീയത്തില്‍ ശക്തനാകുകയാണ്.

publive-image

പദവികളെക്കാള്‍ വലുതായി രാഹുലിന്‍റെ വലം 'കൈ' !

എ ഐ സി സി ട്രഷറും പ്രവര്‍ത്തക സമിതി അംഗവും പാര്‍ട്ടിയുടെ 9 അംഗ കോര്‍ കമ്മിറ്റി അംഗവുമാണ് കെ സി. ഈ ഗണത്തില്‍ നേതാക്കള്‍ പലരുണ്ടെങ്കിലും  രാഹുല്‍ ഗാന്ധിയുടെ വലംകൈയ്യെന്നത് കെ സിയ്ക്ക് തുണയാകും.

2016 ല്‍ ഗോവ തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ കെ സി ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ചുമതലക്കാരുടെ ഇടയിലേക്ക് നടന്നുകയറുന്നത്. ഭരണം ബി ജെ പി അട്ടിമറിച്ചെങ്കിലും ഗോവയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മികച്ചതായിരുന്നു.

publive-image

അമിത് ഷായെ പിടിച്ചു കെട്ടിയ തന്ത്രജ്ഞത

പിന്നീടാണ് കര്‍ണ്ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിതനാകുന്നത്. ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാനായിരുന്നു കെ സിയുടെ ആദ്യ ശ്രദ്ധ. പകരം അവസാന വര്‍ഷം കര്‍ണ്ണാടക സര്‍ക്കാര്‍ തിളങ്ങി.

ബി ജെ പി കേന്ദ്ര ഭരണത്തിന്റെ തിളക്കത്തില്‍ പണവും തന്ത്രങ്ങളും ഒരുക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ മാമാങ്കമാക്കി മാറ്റിയെങ്കിലും ഒറ്റയ്ക്ക് നിന്ന് പൊരുതി കോണ്‍ഗ്രസ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി. പിന്നീടായിരുന്നു യഥാര്‍ത്ഥ രാഷ്ട്രീയ കര്‍ണ്ണാടകയില്‍ അരങ്ങേറിയത്.

ജനതാദളിന്റെ ഒപ്പം കൂട്ടി ഭരണം പിടിക്കാന്‍ അമിത് ഷാ നേരിട്ട് കരുക്കള്‍ നീക്കിയപ്പോള്‍ ഞൊടിയിടകൊണ്ട് ജനതാദളിനെ ഒപ്പം കൂട്ടി മുന്നണിയാക്കി മാറ്റി കെ സി ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. എന്നിട്ടും ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും സ്വന്തം പാളയത്തില്‍ ചോര്‍ച്ച ഉണ്ടാക്കാതെ എം എല്‍ എമാരെ ഒപ്പം നിര്‍ത്തി പൊരുതി യെദൂരപ്പ സര്‍ക്കാരിനെ വീഴ്ത്തിയ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും കെ സി തന്നെ.

publive-image

കര്‍ണ്ണാടകയില്‍ ഭരണം നിയന്ത്രിക്കാനും കെ സി

ഒടുവില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഖ്യകക്ഷി സര്‍ക്കാരുണ്ടായി.  സര്‍ക്കാരിനെ നിയന്ത്രിക്കുന്ന അഞ്ചംഗ പാര്‍ട്ടി - ഭരണ ഏകോപന സമിതിയില്‍ കന്നഡക്കാരനല്ലാത്ത ഏക നേതാവും മലയാളിയായ കെ സി വേണുഗോപാല്‍ തന്നെ. ഇതോടെ ചാണക്യ നീക്കങ്ങളില്‍ ഹൈക്കമാന്റിന്റെ പ്രിയങ്കരനായി വേണുഗോപാലും മാറി.

publive-image

ദേശീയ തലത്തില്‍ കിടപിടിക്കുന്ന പൊളിറ്റിക്കല്‍ ഗ്രാഫ് !

55 കാരനായ കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ഗ്രാഫ് രാജ്യത്തെ തന്നെ മറ്റേതൊരു രാഷ്ട്രീയ നേതാവിനോടും കിടപിടിക്കുന്നതാണ്. 5 വര്‍ഷം തുടര്‍ച്ചയായി കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍.

പിന്നീട് 5 വര്‍ഷം കെ എസ് യു പ്രസിഡന്റ്, അതുകഴിഞ്ഞ ഉടന്‍ 1992 മുതല്‍ 8 വര്‍ഷം തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ നേതാവിനും യുവജന സംഘടനാ തലപ്പത്ത് ഇത്രയധികം കാലയളവ് ലഭിച്ചിട്ടില്ല.

publive-image

നിയമസഭയില്‍ നിന്നും ലോക്സഭയിലേക്ക്

1996 മുതല്‍ 3 തവണ ആലപ്പുഴയില്‍ നിന്നും നിയമസഭയിലെത്തി, മന്ത്രിയായി. അവിടെ നിന്നും എം എല്‍ എ ആയിരിക്കെ രാജിവച്ച് 2009 ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു.  ആദ്യ അവസരത്തില്‍ തന്നെ 2011 ല്‍ കേന്ദ്രസഹമന്ത്രിയുമായി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു പി എയ്ക്ക് പ്രതിപക്ഷത്തെത്തിയപ്പോള്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പായി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനായി തന്ത്രങ്ങള്‍ മെനഞ്ഞതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുംവിധം വിഷയങ്ങള്‍ കൈകാര്യം ചെയ്തതും രാഹുലിനും പ്രിയങ്കരനാക്കി.

ഇതോടെയാണ് രാഹുല്‍ ഒപ്പം കൂട്ടിയത്. വരാനിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇനി കെ സി വേണുഗോപാലിന്റെ റോള്‍ എന്ത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ശക്തനായി തന്നെ വേണുഗോപാലും മുന്‍ നിരയിലുണ്ടാകും.

Advertisment