എത്ര വിശാലമായി കണക്കാക്കിയാലും എന്‍ഡിഎയുടെ സീറ്റ് നില 336 ല്‍ നിന്ന് 220 ലേക്ക് പതിക്കുമെന്ന് ഐബി റിപ്പോര്‍ട്ട് ! ബിജെപിയുടെ പ്രചരണ തന്ത്രങ്ങളോരോന്നും പാളുന്നു, മാറിമാറി പരീക്ഷിക്കുന്നു ! എന്നിട്ടും ആത്മവിശ്വാസം ചോര്‍ന്ന്‍ മോഡിയും അമിത് ഷായും 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, May 9, 2019

ഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ 2 ഘട്ടങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലെന്നു വിലയിരുത്തല്‍. ബി ജെ പിയുടെ പതിവ് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊക്കെ മാറ്റിവച്ച് ഇപ്പോള്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കുന്ന തലത്തിലേക്ക് ബി ജെ പി നേതൃത്വം മാറിയിരിക്കുന്നത് വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടും ബി ജെ പിക്ക് അനുകൂലമല്ലന്നാണ് റിപ്പോര്‍ട്ട്. 2 ഘട്ടങ്ങളിലായി 118 സീറ്റുകളിലേക്ക് കൂടി വോട്ടെടുപ്പ് നടക്കാനിരിക്കെ ഇതുവരെ വോട്ടെടുപ്പ് കഴിഞ്ഞ മണ്ഡലങ്ങളില്‍ എന്‍ ഡി എയേക്കാള്‍ 30 സീറ്റുകളെങ്കിലും യു പി എ അധികം നേടുമെന്നാണ് ഐബി റിപ്പോര്‍ട്ട്.

നടക്കാനിരിക്കുന്ന 118 സീറ്റുകളിലും ബി ജെ പി നില ഭദ്രമായിരിക്കില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. ബി ജെ പി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളാണിത്.  ബി ജെ പി നേതൃത്വത്തിന്റെയും ആര്‍ എസ് എസിന്റെയും വിലയിരുത്തലുകളിലും കാര്യങ്ങള്‍ ഭദ്രമല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നാണു സൂചന.

ഇതോടെയാണ് പോര്‍ക്കളത്തില്‍ യുദ്ധതന്ത്രങ്ങള്‍ മാറി മാറി പരീക്ഷിക്കാന്‍ മോഡിയും അമിത് ഷായും നിര്‍ബന്ധിതരായത്. തുടക്കത്തില്‍ മോഡി തരംഗത്തിലായിരുന്ന ബി ജെ പിയുടെ പ്രചരണമെങ്കില്‍ ഇപ്പോള്‍ അങ്ങനൊരു വാക്ക് ബി ജെ പി നേതാക്കള്‍ പ്രയോഗിക്കുന്നേയില്ല.  പിന്നീട് ഹിന്ദുത്വ അജണ്ടയും രാജ്യസുരക്ഷയും പ്രയോഗിച്ചെങ്കിലും കഴിഞ്ഞുപോയ 6 ഘട്ടങ്ങളിലും അതൊന്നും ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍.

അതോടെയാണ് കഴിഞ്ഞ ഘട്ടം മുതല്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ആക്രമിക്കുന്നതിലേക്ക് പ്രചരണ തന്ത്രം മാറ്റിയത്. രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൌരത്വം, രാജീവ് ഗാന്ധിയുടെ ബൊഫേഴ്സ് അഴിമതി, സിഖ് കലാപം എന്നീ വിഷയങ്ങളിലാണ് ഇപ്പോള്‍ ബി ജെ പിയുടെ പ്രചരണ വിഷയമാക്കുമ്പോള്‍ സ്വീകരിക്കേണ്ട കരുതലുകളൊന്നും ഇല്ലാതെയായിരുന്നു മോഡി രാജീവിനെ കടന്നാക്രമിച്ചതെന്നതും വ്യക്തം. അതിനാല്‍ തന്നെ അവസാന ഘട്ടത്തിലും ബി ജെ പിയുടെ ആയുധങ്ങളോരോന്നും തകര്‍ന്നുവീഴുകയാണ്.

രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൌരത്വ വിഷയത്തില്‍ ഇന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടായ തിരിച്ചടി ഉള്‍പ്പെടെ ബി ജെ പിയെ ക്ഷീണിപ്പിക്കുകയാണ്. ഒടുവില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതില്‍ നിന്നും രാഹുലിനെയും കോണ്‍ഗ്രസിനെയും പ്രതിരോധിക്കുന്ന തരത്തിലേക്ക് മോഡിയും ബി ജെ പിയും മാറുകയാണ്. അതിനിടെ കോണ്‍ഗ്രസും ഘടകകക്ഷികളും കൂടുതല്‍ ആത്മവിശ്വാസത്തിലേക്ക് മാറുന്നതും ശ്രദ്ധേയമാണ്.

ഏത് തരത്തില്‍ കണക്കുകൂട്ടിയാലും എന്‍ ഡി എയ്ക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 110 മുതല്‍ 140 വരെ സീറ്റുകള്‍ നഷ്ടമാകുമെന്ന വിലയിരുത്തലുകളാണ് ശക്തം. നിലവില്‍ 336 സീറ്റുകളുള്ള എന്‍ ഡി എയുടെ നില ഇതോടെ 200 കളിലേക്ക് താഴും. ഏറിയാല്‍ 220 വരെയാണ് ഐ ബിയുടെ കണക്ക്. അതിനാലാണ് മായാവതിയെയും ജഗന്‍മോഹന്‍ റെഡ്ഡിയെയും ചാക്കിലാക്കാന്‍ ഇപ്പോഴേ ബി ജെ പി തന്ത്രങ്ങള്‍ ഒരുക്കി തുടങ്ങിയത്.

×