182 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന് ആത്മവിശ്വാസത്തോടെ രാഹുല്‍. കണക്കുകള്‍ സ്വകാര്യ ഏജന്‍സിയുടെ സര്‍വേയുടെ അടിസ്ഥാനത്തില്‍. ജയസാധ്യതയുടെ പേരില്‍ മണ്ഡലങ്ങളെ തരംതിരിച്ച് കണക്കെടുപ്പ് ! രാഹുലിന്റെ വിലയിരുത്തല്‍ ആധികാരികമാകുന്നത് ഇങ്ങനെ ..

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 13, 2019

ഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബി ജെ പിയെ കടത്തിവെട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ ആഭ്യന്തര ടീമില്‍ നടത്തിയ അവലോകനത്തില്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കാമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചത്.

രാജ്യമാകെയുള്ള മണ്ഡലങ്ങളിലെ ദൈനംദിന കാര്യങ്ങള്‍ വിലയിരുത്താന്‍ എ ഐ സി സി നിയോഗിച്ച 15 അംഗ ടീമില്‍ നടത്തിയ അവലോകനത്തിലായിരുന്നു രാഹുലിന്റെ വിലയിരുത്തല്‍. ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ A+, A, B+, B, C+ എന്നിങ്ങനെ മണ്ഡലങ്ങളെ തരംതിരിച്ചാണ് സ്വകാര്യ ഏജന്‍സിയുടെ അവലോകനം.

മണ്ഡലങ്ങളുടെ തരംതിരിക്കല്‍ ഇങ്ങനെ

ഇതില്‍ ആദ്യഘട്ടത്തില്‍ A+ വിഭാഗത്തില്‍ 88 മണ്ഡലങ്ങളും A വിഭാഗത്തില്‍ 100 മണ്ഡലങ്ങളുമാണ് 7 ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ A+ വിഭാഗത്തില്‍ 117 മണ്ഡലങ്ങളും A വിഭാഗത്തില്‍ 130 മണ്ഡലങ്ങളുമെന്ന നിലയിലാണ്. ജയം 100 %ഉറപ്പുള്ള മണ്ഡലങ്ങളാണ് A+ വിഭാഗം.

കേരളത്തില്‍ നിന്ന് 8 സീറ്റുകളാണ് ഈ വിഭാഗത്തിലുള്ളത്. യു പിയില്‍ 3 സീറ്റുകളും.  ജയസാധ്യത നിലനില്‍ക്കുന്ന, എന്നാല്‍ മാറ്റം മറിച്ചിലുകള്‍ ഉണ്ടായേക്കാം എന്ന നിലയിലുള്ള മണ്ഡലങ്ങളാണ് A വിഭാഗം. 50 % ജയസാധ്യത കാണുന്ന മണ്ഡലങ്ങളാണ് B+ വിഭാഗം. അട്ടിമറികളോ തരംഗങ്ങളോ പ്രത്യേക സാഹചര്യങ്ങളോ മുഖേന വിജയത്തിലേക്ക് വന്നേക്കാമെന്ന മണ്ഡലങ്ങളാണ് B. ഉറപ്പായും വിജയിക്കില്ലെന്ന മണ്ഡലങ്ങളാണ് C+.

ഒറ്റയ്ക്ക് 182 സീറ്റുകള്‍

ഈ കണക്കുകൂട്ടലുകള്‍ പ്രകാരം ഏറ്റവും അവസാനഘട്ടത്തിലെ വിലയിരുത്തലുകള്‍ പ്രകാരം 182 സീറ്റുകള്‍ വരെ നേടിയേക്കാം എന്നതാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ആദ്യഘട്ടത്തില്‍ ഇത് 125 ആയിരുന്നു പരമാവധി.

182 ന്റെ കണക്ക് ഇങ്ങനെ

A+ വിഭാഗത്തിലെ 117 ഉം A വിഭാഗത്തിലെ 130 ല്‍ പകുതിയായ 65 ഉം ചേര്‍ത്താണ് 182 സീറ്റുകള്‍ കണക്കാക്കിയിരിക്കുന്നത്. അതായത്, 182 ല്‍ വലിയ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ ബി ജെ പിയുടെ സീറ്റ് നില 175 ലേക്ക് താഴാമെന്നുമാണ് വിലയിരുത്തല്‍.

അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാല്‍ പോലും B + ഗ്രൂപ്പില്‍ നിന്ന് ആ കുറവ് നികത്തപ്പെട്ടെക്കാം എന്നും കണക്കുകൂട്ടുന്നു. മധ്യപ്രദേശ്‌, ഗുജറാത്ത്, ചത്തീസ്ഗഡ്, കേരളം എന്നിവിടങ്ങളില്‍ വ്യക്തമായ മുന്നേറ്റം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. രാജസ്ഥാനില്‍ പകുതിയ്ക്കടുത്ത് സീറ്റുകളാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ആദ്യഘട്ടത്തില്‍ യു പിയില്‍ നിന്നും 3 സീറ്റുകളാണ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 7 – 10 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയില്‍ നേട്ടമുണ്ടാക്കാം എന്നാണ് കണക്കാക്കുന്നത്. കര്‍ണ്ണാടകയിലും മോശമല്ലാത്ത അവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്.

പ്രതീക്ഷയോടെ കോണ്‍ഗ്രസ്, പ്രതീക്ഷ കൈവിടാതെ ബി ജെ പി

ഇതോടെ കേന്ദ്രത്തില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാം എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബി ജെ പി കേന്ദ്രങ്ങളില്‍ ഉണ്ടായിട്ടുള്ള ആത്മവിശ്വാസക്കുറവും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പില്‍ കാര്യമായ തിരിച്ചടി ഉണ്ടാകുമെങ്കിലും കൂടുതല്‍ ഘടകകക്ഷികളുമായി ചേര്‍ന്ന്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴും മോഡി – അമിത് ഷാ ക്യാമ്പിനുണ്ട്.

എന്നാല്‍ രാജ്നാഥ്‌ സിംഗ്, നിധിന്‍ ഗദ്കരി, സുഷ്മാ സ്വരാജ് തുടങ്ങിയ മോഡി ഭക്തരല്ലാത്ത മുതിര്‍ന്ന നേതാക്കളില്‍ ഈ ആത്മവിശ്വാസം തീരെയില്ലത്രേ.

×