Advertisment

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തന്നെ സോണിയാ ഗാന്ധി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചത് നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി. സീറ്റ് എണ്ണം കുറഞ്ഞാല്‍ ബിജെപിയുടെ മുതലെടുപ്പ് തടഞ്ഞ് ഒരുമുഴം മുമ്പേയെറിഞ്ഞ് കോണ്‍ഗ്രസ് നീക്കം. 120 സീറ്റുകളില്‍ താഴെയെങ്കില്‍ രാഹുല്‍ പ്രധാനമന്ത്രിയാകാനില്ല. 140 നു മുകളിലെത്തിയാല്‍ രാഹുല്‍ തന്നെ പ്രധാനമന്ത്രി - നിലപാടുകളിലുറച്ച് കോണ്‍ഗ്രസ് നീക്കം

New Update

publive-image

Advertisment

ന്യൂഡൽഹി:  തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഉടന്‍ കര്‍ണ്ണാടക മോഡലില്‍ നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഫലസൂചനകള്‍ പൂര്‍ത്തിയാകുംവരെ പോലും കാത്തുനില്‍ക്കാതെ ബിജെപിയുടെ മുതലെടുപ്പ് തടയുംവിധം ഘടകകക്ഷികളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കാനാണ് സോണിയാഗാന്ധി 23 നു പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിരിക്കുന്നത്.

ഫലസൂചനകള്‍ ബിജെപിയ്ക്ക് പ്രതികൂലമാകുകയും കോണ്‍ഗ്രസിന് നിര്‍ണ്ണായക സീറ്റുകള്‍ ലഭിക്കാതെ വരുകയും ചെയ്‌താല്‍ യുപിഎയ്ക്ക് പുറത്തുള്ള പ്രതിപക്ഷ കക്ഷികളെ ഒപ്പം നിര്‍ത്തി ആദ്യം തന്നെ ധാരണ രൂപീകരിക്കാനാണ് സോണിയാഗാന്ധിയുടെ നീക്കം.

publive-image

ഏത് വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നകറ്റുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ ഘടകകക്ഷികളെ എന്‍ഡിഎ റാഞ്ചരുത്. അതിനു ഒരു മുഴം മുന്‍പേ ഉള്ള ഏറാണ് ഫലസൂചനകള്‍ വന്നുതുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള തീരുമാനം .

എൻഡിഎയിലും യുപിഎയിലും നിലവിൽ ഇല്ലാത്ത മൂന്നാം കക്ഷികളെ ഒപ്പം നിർത്താനാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. ‘യുപിഎ പ്ലസ്’ എന്ന നിലയില്‍ വിശാല സഖ്യത്തിനാണ് നീക്കം . ഇരു മുന്നണികളിലുമില്ലാത്ത കക്ഷികളെ ബിജെപി വിരുദ്ധ ചേരിയിൽ ഉറപ്പിച്ചു നിർത്താൻ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തന്നെയാണ് നേരിട്ടു രംഗത്തിറങ്ങിയിരിക്കുന്നത് . ഇതോടെ പ്രധാനമന്ത്രി പദവിയല്ല തങ്ങളുടെ ഒന്നാം പരിഗണനയിലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുകയാണ്.

publive-image

പക്ഷെ അതിനൊരു പരിധി കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുണ്ട്. എത്ര സീറ്റ് വരെ കുറഞ്ഞുപോയാല്‍ പ്രധാനമന്ത്രി പദവി ഉപേക്ഷിക്കണം, എത്ര സീറ്റ് ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി പ്രതിപക്ഷ കക്ഷികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ ധാരണയുണ്ടെന്നാണ് സൂചന.

ഇതുപ്രകാരം, 115 - 120 സീറ്റുകളില്‍ താഴെയാണ് കോണ്‍ഗ്രസിന് ലഭിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി പദവി ഉപേക്ഷിക്കാന്‍ തയാറായേക്കും.  125 നും 130 നും സീറ്റുകള്‍ക്ക് മുകളിലാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ലഭിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് തന്നെ പ്രധാനമന്ത്രി പദവിക്ക് അവകാശവാദ൦ ഉന്നയിക്കും. കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 140 നു മുകളിലാണെങ്കില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല.

publive-image

അങ്ങനെ വന്നാല്‍ പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസിന്റെ മേധാവിത്വം അംഗീകരിക്കാന്‍ തന്നെയാണ് സാധ്യത.  കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണം കുറയുകയും പ്രതിപക്ഷ കക്ഷികളുടെ നേതാവിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന്റെ ആദ്യ പരിഗണന മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡയ്ക്കായിരിക്കും. രണ്ടാം പരിഗണന എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിന് ലഭിക്കും.

പ്രധാനമന്ത്രി പദവിയെ കോണ്‍ഗ്രസിന് സ്വസ്ഥമായി നിയന്ത്രിക്കാന്‍ കഴിവുള്ള അധികാര കേന്ദ്രം സൃഷ്ടിക്കാനായിരിക്കും പുതിയ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനാര്‍ജിയെയോ ബി എസ് പി അധ്യക്ഷ മായാവതിയെയോ ഈ നിലയില്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല.

publive-image

മാത്രമല്ല, തങ്ങളുടെ ഭൂരിപക്ഷമെന്നനിലയില്‍ പദവി നല്‍കി അങ്ങനൊരു പാര്‍ട്ടിയെ വളര്‍ത്താനും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അതിനു പകരമായിട്ടായിരിക്കും ഏറിയാല്‍ 10 സീറ്റുകള്‍ പോലും എത്താന്‍ സാധ്യതയില്ലാത്ത എച്ച് ഡി ദേവഗൌഡയെയും ശരത് പവാറിനെയും മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചിക്കും.

ഇവരെ മുന്നില്‍ നിര്‍ത്തി പിന്‍സീറ്റില്‍ ഇരുന്നു സര്‍ക്കാരിനെ നിയന്ത്രിക്കുകയാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ഈ ലക്‌ഷ്യം മുന്നില്‍ വച്ച് സോണിയാ ഗാന്ധി 23 ന് ഡല്‍ഹിയില്‍ വിളിച്ചിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ മീറ്റിങ്ങിലേക്ക് ഡി എം കെ, എസ് പി, ബി എസ് പി, തൃണമൂല്‍, ടി ഡി പി, ടി ആര്‍ എസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബി ജെ ഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചിരിക്കുന്നത്.

 

rahul gandhi ele 2019
Advertisment