പ്രിയങ്ക പണി തുടങ്ങുന്നു ! ലക്ഷ്യവും ദൗത്യവും യു പി ? ബിജെപിയുടേത് മാത്രമല്ല, എസ് പിയുടെയും ബി എസ് പിയുടെയും സീറ്റുകളും ചിതറിക്കാനുറച്ച് ആദ്യ ചുവടുവയ്പ്പ്. കോണ്‍ഗ്രസിന് വേണേല്‍ 2 സീറ്റ് നല്‍കാമെന്ന് പറഞ്ഞ അഖിലേഷിന്റെയും മായാവതിയുടെയും ധാര്‍ഷ്ട്യത്തില്‍ നിന്ന് തുടങ്ങാന്‍ പ്രിയങ്കയുടെ മാസ്റ്റര്‍ പ്ലാന്‍ 

ജെ സി ജോസഫ്
Tuesday, February 12, 2019

ഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസ് പുറത്തുവിട്ട പ്രിയങ്കയെന്ന തുറുപ്പ് ചീട്ട് ആദ്യമൊന്നും ബി ജെ പി കേന്ദ്രങ്ങളെയും പ്രതിപക്ഷത്തെ സഹപാര്‍ട്ടികളെയും അത്രയൊന്നും ആശങ്കപ്പെടുത്തിയിരുന്നില്ല. ‘ഇനി പ്രിയങ്ക വന്നിട്ട് എന്ത് ആകാനാ’ എന്നായിരുന്നു കോണ്‍ഗ്രസ് ഇതര കക്ഷികളുടെ ചോദ്യം !

പക്ഷേ, ഇന്നലെ ആദ്യമായി പ്രവര്‍ത്തകരുടെ ആരവങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന പ്രിയങ്കയ്ക്ക് ലക്നൌവില്‍ കിട്ടിയ വരവേല്‍പ്പ് അക്ഷരാര്‍ഥത്തില്‍ അവരെ ഞെട്ടിച്ചു; ബി ജെ പിയെയും എസ് പി – ബി എസ് പി കക്ഷികളെ പ്രത്യേകിച്ചും ! യു പിയിലെങ്കിലും പ്രിയങ്ക ഒരു തരംഗമായി മാറുകയാണോ എന്ന ആശങ്ക ഈ മൂന്ന്‍ പാര്‍ട്ടികള്‍ക്കുമുണ്ട്. അങ്ങനൊരു മുന്നേറ്റം ഉണ്ടായാല്‍ നഷ്ടം 3 പേര്‍ക്കും ഒരേപോലെയാണ്.

രണ്ടാഴ്ച മുമ്പ് വെറും 2 സീറ്റ് വേണേല്‍ തരാം എന്ന് കോണ്‍ഗ്രസിനോട് പറഞ്ഞ അഖിലേഷിനും മായാവതിക്കും ഇനിയും അങ്ങനൊരു വാക്ക് കോണ്‍ഗ്രസിനോട് പറയാന്‍ നാവ് പൊങ്ങുന്ന അവസ്ഥയിലല്ല. മറിച്ച് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയില്ലെങ്കില്‍ യു പിയിലെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ചിതറുമോ എന്ന ഭയം ഇരുകൂട്ടര്‍ക്കുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇതൊന്നും ശ്രദ്ധിക്കുന്നേയില്ലെന്ന നിലയില്‍ മുന്നോട്ട് പോകാനാണ് ആലോചിക്കുന്നത്.

യു പിയില്‍ വേറെ ആരെയും ഗൗനിക്കാതെ ഒറ്റയ്ക്ക് പൊരുതാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. ബി ജെ പി വോട്ട് ചിതറിയാല്‍ ചിതറട്ടെ, അതിന്റെ ഗുണം ബി ജെ പി നേടിയാല്‍ നേടട്ടെ എന്നതാണ് കോണ്‍ഗ്രസിന്റെ നയം. പ്രിയങ്കയുടെ നയമാണത്. തല്‍ക്കാലം കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നാണ് പ്രിയങ്കയുടെ നിലപാട്.

ഒറ്റയ്ക്ക് പൊരുതി 2009 ലെ 21 സീറ്റുകളെങ്കിലും നേടാനായാല്‍ അത് യു പിയില്‍ വീണ്ടും പൊരുതാനുള്ള ഊര്‍ജ്ജം തങ്ങള്‍ക്ക് നല്‍കുമെന്നാണ് പ്രിയങ്ക കരുതുന്നത്.  കോണ്‍ഗ്രസിന് 2 സീറ്റ് വച്ചുനീട്ടാന്‍ മാത്രം ധിക്കാര൦ പ്രകടിപ്പിക്കാന്‍ അഖിലേഷിനെയും മായാവതിയെയും പ്രേരിപ്പിച്ചിടത്ത് നിന്ന്‍ തുടങ്ങുക എന്നതാണ് പ്രിയങ്ക ലക്‌ഷ്യം വയ്ക്കുന്നത്.

മേലില്‍ ആ നിലവാരത്തില്‍ കോണ്‍ഗ്രസിനെ കാണാന്‍ അവര്‍ക്ക് ഇട നല്‍കരുതെന്ന് പ്രിയങ്ക കരുതുന്നു. ആ നിലയ്ക്ക് ചിലപ്പോള്‍ ബി ജെ പി അല്‍പ്പം നേട്ടം ഉണ്ടാക്കിയാലും പിന്നത്തെ തെരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസിന് നേട്ടമാക്കി മാറ്റാം എന്നാണ് പ്രിയങ്ക കരുതുന്നത്.

യു പിയില്‍ 80 ല്‍ 72 സീറ്റുകളാണ് ബി ജെ പിയ്ക്കുള്ളത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ ആ 72 നേടാനുള്ള കരുത്ത് എസ് പി – ബി എസ് പി – കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. ബി ജെ പി 8 ല്‍ ഒതുങ്ങും എന്നാണ് കണക്കുകൂട്ടല്‍.

നിലവിലെ അവസ്ഥയില്‍ പ്രതിപക്ഷം വിഘടിച്ചു നിന്നാല്‍ ബി ജെ പി 25 – 30 സീറ്റുകള്‍ വരെ നേടിയേക്കാം എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.  ബാക്കി 50 സീറ്റുകള്‍ എസ് പി – ബി എസ് പി – കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരേ നിലയില്‍ വീതിക്കുന്നതാണ് പ്രിയങ്കയുടെ ഉന്നം.

2009 ല്‍ കോണ്‍ഗ്രസും എസ് പിയും തമ്മില്‍ 3 സീറ്റുകളുടെ വ്യത്യാസ൦ മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിനെ നിര്‍ണ്ണായക ഘടകമായി കണക്കാക്കാന്‍ അഖിലേഷും മായാവതിയും നിര്‍ബന്ധിതരാകും. അതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് പ്രിയങ്കയുടെ ലക്‌ഷ്യം.

അവിടെ നിന്ന് പടയോട്ടം തുടങ്ങിയാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു പി പിടിയ്ക്കാം എന്നാണ് പ്രിയങ്ക കണക്കുകൂട്ടുന്നത്. യു പി പിടിച്ചാലേ കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ കരുതുന്നു. അതാണ്‌ പ്രിയങ്കയുടെ ലക്ഷ്യവും ദൌത്യവും !

×