Advertisment

ശിവസേന യു പി എയിലേക്ക് ! തീവ്ര ഹിന്ദുത്വം ഉപേക്ഷിച്ച്‌ മതേതര സഖ്യത്തിന്റെ ഭാഗമാകും. പകരം ആവശ്യപ്പെടുന്നത് 5 വർഷവും മുഖ്യമന്ത്രി സ്ഥാനം ! അന്തിമ തീരുമാനത്തിന് പവാർ - സോണിയ കൂടിക്കാഴ്ച ഞായറാഴ്ച !

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ബി ജെ പി - ആർ എസ് എസ് ബന്ധം പൂർണ്ണമായും വേർപെടുത്തി ശിവസേന യു പി എ ഘടകകക്ഷിയായേക്കും. എൻ ഡി എ വിടുന്ന ശിവസേന തീവ്ര ഹിന്ദുത്വ നിലപാടുകളും ഉപേക്ഷിക്കും.

Advertisment

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് മുമ്പുതന്നെ ശിവസേനയുടെ യു പി എ പ്രവേശനത്തിൽ ധാരണയിലെത്താനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.

ഇതിന്റെ ഭാഗമായി ഞായറാഴ്ച എൻ സി പി അധ്യക്ഷൻ ശരത് പവാർ ഡൽഹിയിൽ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ശിവസേന കോൺഗ്രസ് സഹകരണത്തിന് മധ്യസ്ഥത വഹിക്കുന്നത് പവാറാണ്.

publive-image

എൻ ഡി എയുടെ ആദ്യ ഘടകകക്ഷിയായ ശിവസേനയുടെ മുന്നണി മാറ്റം ബി ജെ പിക്ക് രാഷ്ട്രീയമായ തിരിച്ചടിയാകും. മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കളെയും മുന്നണികളിൽ നിന്ന് പാർട്ടികളെയും എൻ ഡി എയിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പ്രമുഖ ഘടകകക്ഷി തന്നെ വിട്ടുപോകുന്നത് ബി ജെ പി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്.

ശിവസേനയെ ഇണക്കി നിർത്തുന്നതിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സംസ്ഥാന ഘടകവും പരാജയപ്പെട്ടെന്ന പരാതിയും ദേശീയ നേതൃത്വത്തിനുണ്ട്.

എന്നാൽ ബി ജെ പി തങ്ങളെ ഇല്ലാതാക്കാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നതെന്നാണ് ശിവസേനയുടെ പരാതി. ബി ജെ പിയെ വിട്ട് ജനാധിപത്യ - മതേതര സഖ്യത്തിന്റെ ഭാഗമായി മാറുമ്പോൾ പാർട്ടി കൂടുതൽ ശക്തമായി മാറുമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടൽ. കോൺഗ്രസുമായുള്ള സഹകരണം ഭാവിയിൽ മെച്ചം ചെയ്യുമെന്ന് ഇവർ കണക്കുകൂട്ടുന്നു.

മാത്രമല്ല, ശിവസേന ഒരു മതാധിഷ്ടിത പാർട്ടിയാണെന്ന ധാരണ മാറ്റിയെടുക്കലും പുതിയ കാലഘട്ടത്തിൽ അനിവാര്യതയായി അവർ കണക്കുകൂട്ടുന്നു.

1978 ൽ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗുമായി സഹകരിച്ചതും ലീഗ് ദേശീയ അധ്യക്ഷനായിരുന്ന ജി എൻ ബനാത് വാലയും ബാൽ താക്കറെയും ഒന്നിച്ചു വേദി പങ്കിട്ടതും ശിവസേന ചൂണ്ടിക്കാട്ടുന്നു.

അടിയന്തരാവസ്ഥയെ കോൺഗ്രസിനൊപ്പം നിന്ന് പിന്തുണച്ച പാർട്ടിയാണ് ശിവസേന. 1980 ൽ മഹാരാഷ്ട്രയിൽ എ ആർ ആന്തുലെയും ഇന്ദിരാഗാന്ധിയും നേതൃത്വം നൽകിയ കോൺഗ്രസിനൊപ്പമായിരുന്നു ശിവസേന.

പിന്നീട് ബാൽ താക്കറെയും എൽ കെ അഡ്വാനിയും വാജ്‌പേയിയുമായുണ്ടായിരുന്ന വ്യക്തിപരമായ സൗഹൃദങ്ങളാണ് താക്കറെയെ ബി ജെ പി പാളയത്തിൽ എത്തിച്ചത്. വാജ്‌പേയ് - അഡ്വാനി കാലഘട്ടം മാറി മോഡി - അമിത് ഷാ കാലഘട്ടം എത്തിയപ്പോൾ മുതൽ ശിവസേനയും ബി ജെ പിയുമായി അത്ര ബന്ധത്തിലായിരുന്നില്ല.

മഹാരാഷ്ട്രയിൽ 2014 നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇരു പാർട്ടികളും തമ്മിൽ തെറ്റിയിരുന്നു. പിന്നീട് എൻ സി പിയെ ഒപ്പം നിർത്തിയാണ് ബി ജെ പി ശിവസേനയെ ഒതുക്കിയത്. പകരം ശരത് പവാറിനെ മുന്നിൽ നിർത്തി ശിവസേന ഇപ്പോൾ ബി ജെ പിയേയും ഒരുക്കുകയാണ്.

അതേസമയം, യു പി എ പ്രവേശനത്തിന് പകരമായി 5 വർഷവും മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് ശിവസേന പുതിയതായി മുന്നോട്ടു വയ്ക്കുന്നത്. ഇതംഗീകരിയ്ക്കാൻ എൻ സി പി തയാറാകുമോ എന്നതാണ് പ്രധാനം. ഇക്കാര്യത്തിൽ ഞായറാഴ്ചയിലെ സോണിയ - പവാർ ചർച്ചയിൽ തീരുമാനം ഉണ്ടായേക്കും.

Advertisment