Advertisment

തകര്‍ന്നടിഞ്ഞത് കോണ്‍ഗ്രസ് മുക്തഭാരതം എന്ന മോഡി മുദ്രാവാക്യം ! സടകുടഞ്ഞെണീറ്റ് കോണ്‍ഗ്രസും ! തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നില്‍ ? 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഒറ്റ വാചകത്തില്‍ പറയാവുന്ന വിലയിരുത്തല്‍ ഇതാണ് - നരേന്ദ്ര മോഡി പ്രഖ്യാപിച്ച കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന സ്വപ്നം തകര്‍ന്നടിഞ്ഞിരിക്കുന്നു.

Advertisment

publive-image

ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തുന്നത്.  രാജസ്ഥാനില്‍ കഷ്ടിച്ചെങ്കിലും അധികാരത്തിലെത്തും എന്നുറപ്പിച്ചിരിക്കുന്നു.  മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോഴും നടക്കുന്നത്.  ആര് ഭരിക്കും എന്ന് ഇപ്പോഴും പറയാനാകില്ല.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്തെന്ന് ആ സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ക്കറിയാം. പിന്നെ ബി ജെ പിക്കും. കോണ്‍ഗ്രസിന് സംഘടനാ സംവിധാനം തീരെ ഇല്ലാത്ത സംസ്ഥാനമാണ് മധ്യപ്രദേശ്.

publive-image

എന്നിട്ടും അവിടെ ബി ജെ പിക്കൊപ്പം വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരിക്കുന്നു.  രാജ്യത്ത് തന്നെ ബി ജെ പിയുടെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയോടാണ് കോണ്‍ഗ്രസ് ഏറ്റുമുട്ടിയത്.

publive-image

രാജസ്ഥാനിലും കോണ്‍ഗ്രസിന്റെ സംഘടനാ ശേഷി മദ്ധ്യപ്രദേശിന്റെ അത്രയും ഇല്ലെങ്കിലും ദുര്‍ബലം തന്നെയാണ്. സച്ചിന്‍ പൈലറ്റ്‌ പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം നേരിയ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിലും ബി ജെ പിയെ നിലംപരിശാക്കി ഭരണം പിടിക്കാം എന്ന് പറയാനുള്ള കെല്‍പ്പ് ആ പാര്‍ട്ടിക്കില്ല.

എന്നിട്ടും കോണ്‍ഗ്രസിനെ ജനം തുണച്ചു. അവരെ എഴുതിത്തള്ളാന്‍ ജനം തയാറായില്ല എന്നതാണ് പ്രധാനം. അവസാനം തെരഞ്ഞെടുപ്പ് നടന്ന കര്‍ണ്ണാടകയിലും മുഖ്യമന്ത്രി അവരുടേതല്ലെങ്കിലും കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി.

publive-image

അതിനും മുമ്പ് പഞ്ചാബ് പിടിച്ചു. ഗുജറാത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.  ഈ സാഹചര്യങ്ങളൊക്കെ കോണ്‍ഗ്രസ് മടങ്ങി വരുന്നു എന്ന പ്രതീതി ഉയര്‍ത്തുന്നതാണ്. അതിലൊക്കെ ഉപരിയായി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2 ഡസന്‍ പാര്‍ട്ടികളെ ഒപ്പം കൂട്ടിയാണെങ്കിലും അധികാരത്തിലെത്തിയേക്കും എന്ന പ്രതീതി ജനിപ്പിക്കുന്നു എന്നതാണ്.

publive-image

മോഡി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച എന്ന പ്രതീതി നിലവിലില്ല.  ഹിന്ദിയുടെ ഹൃദയ ഭൂമികളൊക്കെ ബി ജെ പിക്ക് എതിരാണ്.  ഗുജറാത്ത് ഉള്‍പ്പെടെ. യു പിയില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളില്‍ പോലും ബി ജെ പി പരാജയപ്പെട്ടത് പല ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിനാണ്.

അതിനാല്‍ തന്നെ കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം മോഡിയ്ക്ക് ഇനി തല്ക്കാലത്തേക്കെങ്കിലും ഉപേക്ഷിക്കേണ്ടി വരും.

Advertisment