പഞ്ചാബ് നാഷനൽ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ച് സിബിഐ അടച്ചുപൂട്ടി

Monday, February 19, 2018

ന്യൂ‍ഡൽഹി:  പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) മുംബൈയിലെ ബ്രാഞ്ച് സിബിഐ അടച്ചുപൂട്ടി. വജ്ര വ്യാപാരി നീരവ് മോദിയുടെ 11,300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടന്ന മുംബൈയിലെ ബ്രാഡി റോഡ് ബ്രാഞ്ചാണു സീൽ ചെയ്തു പൂട്ടിയത്.

കേസിൽ ഇതുവരെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടുപേർ പിഎൻബിയിലെ ജീവനക്കാരാണ്. ബ്രാഡി റോഡിലെ ബ്രാഞ്ചിൽ ഞായറാഴ്ചമുതൽ സിബിഐ സംഘം തിരച്ചിൽ നടത്തിയിരുന്നു. നീരവ് മോദിയുടെ ഫയർ സ്റ്റാർ വജ്ര കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായ വിപുൽ അംബാനിയെയും സിബിഐ ചോദ്യം ചെയ്തു.

പിഎൻബിയുടെ മറ്റു രണ്ട് ജീവനക്കാരെയും നീരവ് മോദിയുടെ പ്രതിനിധിയായി ഒപ്പിടുന്നയാളെയും ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ജനറൽ മാനേജർ തസ്തികയിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചുപേരെയും സിബിഐ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ഏതുവഴിക്കാണ് പണം നഷ്ടപ്പെട്ടതെന്നും അഴിമതിയുടെ ആഴം കണ്ടെത്തുകയുമാണു ലക്ഷ്യമിടുന്നതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇതിനായി രേഖകളും ഡിജിറ്റൽ റെക്കോർഡുകളും പരിശോധിക്കുകയാണ്.

 

×