4 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ രാജിവച്ചേക്കും. കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെതിരെ അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി. പുതിയ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബാംഗ്ലൂരില്‍

കൈതയ്ക്കന്‍
Tuesday, February 5, 2019

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യ സര്‍ക്കാരിനെതിരെ അറ്റകൈ പ്രയോഗവുമായി ബി ജെ പി വീണ്ടും രംഗത്ത്.  വിമതരായി മാറി നില്‍ക്കുന്ന 4 കോണ്‍ഗ്രസ് എം എല്‍ എമാരെ സംസ്ഥാന ബജറ്റിന് മുമ്പ് രാജിവയ്പ്പിക്കാനാണ് പുതിയ നീക്കം. ഇവരുടെ രാജി നാളെയുണ്ടാകുമെന്നാണ് സൂചന.

രമേശ്‌ ജാര്‍ക്കഗോളി, നരേന്ദ്ര, മഹേഷ്‌, ഉമേഷ്‌ യാദവ് എന്നീ എം എല്‍ എമാരാണ് രാജിക്കൊരുങ്ങുന്നത്.  ഇവര്‍ അടുത്തിടെ നടന്ന ഓപ്പറേഷന്‍ കമലയുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞ എം എല്‍ എമാരാണ്. അന്ന് ഇവരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് നടത്തിയെങ്കിലും അനുനയ നീക്കങ്ങളോട് ഇവര്‍ സഹകരിച്ചില്ല.

അതിനുശേഷം നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നതാണ്.  എന്നാല്‍ സി പി സി യോഗത്തിലും ഇവര്‍ ഹാജരായില്ല. ഇതോടെ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് കെ പി സി സി. ഈ എം എല്‍ എമാരെ രാജിവയ്പ്പിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയാണ് ഇപ്പോള്‍ ബി ജെ പി ലക്‌ഷ്യം വയ്ക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യ സര്‍ക്കാരിന്റെ ഭൂരിപക്ഷം കൂടുതല്‍ ദുര്‍ബലമായാല്‍ അത് സര്‍ക്കാര്‍ പക്ഷത്ത് നിന്നും കൂടുതല്‍ എം എല്‍ എമാരെ ചാക്കിട്ടുപിടിക്കാന്‍ സഹായകരമാകുമെന്നാണ് യെദൂരപ്പയും കൂട്ടരും കരുതുന്നത്.

ഇത്തരം നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന കര്‍ണ്ണാടകയുടെ ചുമതലയുള്ള ബി ജെ പി ജനറല്‍ സെക്രട്ടറി രാം ലാല്‍ ഇന്ന് ബാംഗ്ലൂരില്‍ എത്തിയിട്ടുണ്ട്. 4 കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിക്ക് മുന്നോടിയായാണ് രാംലാലിന്റെ ബാംഗ്ലൂര്‍ സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ട്. ബീഹാറില്‍ ലാലു പ്രസാദ് യാദവ് – നിധീഷ് കുമാര്‍ സഖ്യം പൊളിച്ചടുക്കി നിധീഷ് കുമാറിനെ എന്‍ ഡി എ പക്ഷത്ത് കൊണ്ടുവന്ന രാഷ്ട്രീയ ചാണക്യനാണ് രാംലാല്‍.

s

അതേസമയം, സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നു ആവര്‍ത്തിച്ച് പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് 30 കോടി രൂപ വരെ ബി ജെ പി നേതൃത്വം വാഗ്ദാനം ചെയ്തതായി ദിനേശ് ഗുണ്ടറാവു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാലും സര്‍ക്കാരിന് ഒന്നും സംഭവിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

അതേസമയം, 4 എം എല്‍ എമാര്‍ രാജിവചാലും സഖ്യ സര്‍ക്കാരിന് നിലവില്‍ ഭീഷണിയില്ല. ഒരു സ്വതന്ത്രന്‍ കൂടി അടുത്തിടെ കുമാരസ്വാമി സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ നിലവില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ച എം എല്‍ എമാരുടെ എണ്ണം അഞ്ചായി.

രാജി വയ്ക്കുന്ന എം എല്‍ എമാര്‍ വീണ്ടും ജനവിധി തേടേണ്ടി വരും. അതില്‍ രമേശ്‌ ജാര്‍ക്കഗോളിയുടെ സീറ്റ് ഒഴികെ ബാക്കി മൂന്നും ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിക്കാംഎന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

അതിനിടെ, എം എല്‍ എമാരുടെ രാജി സ്വീകരിക്കാതെ ഇവരെ നിയമസഭയില്‍ വിപ്പ് ലംഘിക്കാന്‍ പ്രേരിപ്പിക്കുക എന്ന തന്ത്രവും ഭരണകക്ഷി പയറ്റിയേക്കും.  വിപ്പ് ലംഘിച്ചാല്‍ എം എല്‍ എമാര്‍ അയോഗ്യരാകുകയും ഇവര്‍ക്ക് 6 വര്‍ഷം വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വരികയും ചെയ്യും.

×