സഖ്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഓപ്പറേഷന്‍ കമല പൊളിച്ചടുക്കാനുള്ള ആയുധങ്ങള്‍ തന്റെ പക്കലുണ്ട്. കാലുമാറാന്‍ കാത്തിരിക്കുന്നവരുടെ ലിസ്റ്റ് റെഡി. ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ ഇവരുടെ ഫ്യൂസൂരും. കര്‍ണ്ണാടക സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി കുമാരസ്വാമി. കോണ്‍ഗ്രസ് – ജെഡിഎസ് ഭിന്നത പരിഹരിക്കാനുള്ള രാഹുല്‍ – വേണുഗോപാല്‍ ടീമിന്റെ ഇടപെടല്‍ ഫലം കണ്ടു

കൈതയ്ക്കന്‍
Monday, February 4, 2019

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ സഖ്യ സര്‍ക്കാരിനെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള കര്‍മ്മ പദ്ധതിയ്ക്ക് എ ഐ സി സി നേതൃത്വം ഇടപെട്ട് രൂപം നല്‍കിയതായി സൂചന.  കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്‍ കുമാരസ്വാമി കോണ്‍ഗ്രസിനെ വിട്ട് ബി ജെ പിയുമായി ചേര്‍ന്ന സര്‍ക്കാരുണ്ടാക്കിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.

കുമാരസ്വാമിയുമായി ഭിന്നതയിലുള്ള മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയെയും ഗ്രൂപ്പിനെയും ഒതുക്കി, ഇവര്‍ക്ക് കര്‍ശന താക്കീത് നല്‍കിക്കൊണ്ടാണ് എ ഐ സി സി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്.  കുമാരസ്വാമിയെയും ജെ ഡി എസിനെയും പ്രകോപിപ്പിക്കുന്ന ഒരു നീക്കവും ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന താക്കീതാണ് സിദ്ദരാമയ്യയ്ക്കും പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിനും രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്.

നേരത്തെ സഖ്യ കക്ഷികള്‍ തമ്മിലുള്ള ഭിന്നത ശക്തമായതിനെ തുടര്‍ന്ന്‍ കുമാരസ്വാമി ബി ജെ പിയുമായി ചേര്‍ന്ന് മാര്‍ച്ച് 5 ന് മുമ്പ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്. കര്‍ണ്ണാടകയിലെ പ്രമുഖ മാധ്യമങ്ങള്‍ തന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.  വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ രാഹുല്‍ ഗാന്ധിയും പ്രശ്നത്തില്‍ ഇടപെടല്‍ നടത്തിയത്.

കോണ്‍ – ജെ ഡി എസ് സഖ്യത്തിലെ ഭിന്നത പരിഹരിച്ചെന്ന തരത്തിലുള്ള പ്രസ്താവന ഇന്ന് മുഖ്യമന്ത്രി കുമാരസ്വാമിയില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. കോണ്‍ – ജെ ഡി എസ് സഖ്യം 5 വര്‍ഷവും ഭരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന.

മാത്രമല്ല, സഖ്യ സര്‍ക്കാരിനെ തകര്‍ത്ത് ബി ജെ പിയുടെ ഓപ്പറേഷന്‍ കമലയുമായി ചേരാന്‍ തയാറുള്ളവരുടെ ലിസ്റ്റ് തന്റെ പക്കലുണ്ടെന്നും അവര്‍ അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അവരുടെ ഫ്യൂസ് ഊരാന്‍ തക്ക കാര്യങ്ങള്‍ തന്റെ പക്കലുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഓപ്പറേഷന്‍ കമല തങ്ങള്‍ പൊളിച്ചടുക്കുമെന്നായിരുന്നു കുമാരസ്വാമിയുടെ മുന്നറിയിപ്പ്.

മാത്രമല്ല, സഖ്യ സര്‍ക്കാരിനെ തകര്‍ത്ത് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്ന ബി എസ് യെദൂരപ്പയോട് താല്പര്യമില്ലാത്ത ഒരു കൂട്ടം ബിജെപി എം എല്‍ എമാര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും വീണ്ടും പ്രതിസന്ധി ഉണ്ടാക്കാന്‍ യെദൂരപ്പ ശ്രമിച്ചാല്‍ അവരെ ഒപ്പം കൂട്ടുമെന്നുമായിരുന്നു കുമാരസ്വാമിയുടെ മുന്നറിയിപ്പ്.

ഇതോടെ കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ തല്‍ക്കാലം അടഞ്ഞ അധ്യായമായി. ലോക്സഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ജെ ഡി എസും ഒറ്റക്കെട്ടായി നേരിടും എന്നും ഉറപ്പായിരിക്കയാണ്.

×