പ്രതീക്ഷിച്ചത് കിട്ടിയില്ല, ആഗ്രഹിച്ചത് കൈവിട്ടുംപോയി ! യെദ്യൂരപ്പയുടെ ഗതികേട് ! ഇപ്പോള്‍ പാര്‍ട്ടിയില്‍ പടയൊരുക്കവും തുടങ്ങി 

Thursday, November 8, 2018

കര്‍ണ്ണാടക:  ജ്യോതിഷത്തിലും രാശിയിലുമൊക്കെ അങ്ങേയറ്റം വിശ്വാസമുള്ള നേതാവാണ്‌ ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദൂരപ്പ. പക്ഷേ, അടുത്തിടെ മിക്ക കണക്കുകൂട്ടലുകളും പിഴയ്ക്കുന്നത് ബി ജെ പി രാഷ്ട്രീയത്തിലെ ഈ ചാണക്യനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

2014 ല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് 4 വര്‍ഷം കൂടി ബാക്കിയുണ്ടായിരുന്നു. ആ നാല് വര്‍ഷം കേന്ദ്രത്തിനു പോയി പ്രതിരോധമന്ത്രിയായിട്ടു വരാം എന്ന കണക്കുകൂട്ടലിലായിരുന്നു ഷിമോഗയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച് പാര്‍ലമെന്റിലെത്തിയത്.

പക്ഷേ, ഒന്നുകില്‍ കേന്ദ്രമന്ത്രിസ്ഥാനം അല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം. അല്ലാതെ രണ്ടുംകൂടി നടക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി മോഡിയുടെ നിലപാട്. അതോടെ മുഖ്യമന്ത്രി സ്ഥാനം മതിയെന്ന് യെദ്യൂരപ്പ ഉറപ്പിച്ചു.

പകരം എതിരാളിയായ മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൌഡയെ മോഡി മന്ത്രിയാക്കി. അതോടെ യെദൂരപ്പ വെറും എം പിയായി തുടര്‍ന്നു. ആ 4 വര്‍ഷം കൊണ്ട് കര്‍ണ്ണാടകയില്‍ പോയി നന്നായി പണിയെടുത്ത് ഭരണം പിടിക്കാനായിരുന്നു അമിത് ഷായുടെ നിര്‍ദ്ദേശം.

കോണ്‍ഗ്രസിന്റെ ഭരണമായത് കൊണ്ട് നന്നായി പണിയെടുത്തില്ലെങ്കിലും ഭരണവിരുദ്ധ വികാരത്തില്‍ അധികാരം പിടിക്കാമെന്നായിരുന്നു ഈ ചാണക്യ തന്ത്രക്കാരന്റെ കണക്കുകൂട്ടല്‍. പണിയെടുക്കുകയും ചെയ്തു. പക്ഷേ, ഫലം വന്നപ്പോള്‍ ബി ജെ പി തോറ്റു.

ജെ ഡി എസിനെ കൂട്ടുപിടിച്ച് ഭരണം പിടിക്കാന്‍ ആലോചിച്ചപ്പോഴേക്കും അവരെയുമായി ഡി കെ ശിവകുമാറും ദിനേശ് ഗുണ്ടറാവുവും കടന്നുകഴിഞ്ഞിരുന്നു. എന്നിട്ടും വാശി പിടിച്ച് ഗവര്‍ണറെ ചാക്കിട്ട് മുഖ്യമന്ത്രിയായി. കുതിരക്കച്ചവടമായിരുന്നു ലക്‌ഷ്യം. പക്ഷേ, അതും പാളി. ഒടുവില്‍ നാണംകെട്ട് പടിയിറക്കം.

വീണ്ടും കുതിരക്കച്ചവടത്തിലൂടെ സഖ്യ സര്‍ക്കാരിനെ മറിച്ചിട്ട് അധികാരം പിടിക്കാമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ഉപതെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയോടെ ആ പ്രതീക്ഷയും പൊലിഞ്ഞു. ഇപ്പോള്‍ സ്വന്തം പാളയത്തിലെ 5 എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാത്രമല്ല, യെദ്യൂരപ്പയെ ബാംഗ്ലൂരില്‍ നിര്‍ത്തിക്കൊണ്ട് ഇനിയൊരു ബി ജെ പി ഭരണം കര്‍ണ്ണാടകയിലുണ്ടാകില്ലെന്ന നിലപാടിലാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഈശ്വരപ്പയും കൂട്ടരും.  അതോടെ ബി ജെ പിയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തമായി.

ഇതോടെ പാര്‍ട്ടിയില്‍ ദേശീയ തലത്തില്‍ തന്നെ ശക്തനായ നേതാവായിട്ടും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആവലാതിയാണ് യെദ്യൂരപ്പയ്ക്ക്. മോഡിയ്ക്കൊപ്പം സീനിയോറിറ്റി ഉണ്ടായിട്ടും 4 വര്‍ഷം കേന്ദ്രമന്ത്രി പദവി നല്കാതിരുന്നതിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ട്.

ഗോവയില്‍ നിന്നും മനോഹര്‍ പരീക്കറെ വിളിച്ച് വരുത്തി കേന്ദ്രമന്ത്രിയാക്കി, പിന്നീട് വീണ്ടും ഗോവയ്ക്ക് മടക്കി മുഖ്യമന്ത്രിയാക്കി. എന്നിട്ടും പാര്‍ട്ടി തനിക്ക് മാത്രം നീതി നല്‍കിയില്ലെന്ന പരിഭവം യെദ്യൂരപ്പയ്ക്കുണ്ട്.

×