കര്‍ണ്ണാടകയില്‍ യെദൂരപ്പയും ബിജെപിയും ഇടയുന്നു. 45 എംഎല്‍എമാരെ ഒപ്പംകൂട്ടി കോണ്‍ഗ്രസുമായി ചേര്‍ന്ന്‍ പുതിയ നീക്കത്തിനൊരുങ്ങി യെദൂരപ്പ. ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ചത് പിന്തുണ അഭ്യര്‍ഥിച്ച് ?

കൈതയ്ക്കന്‍
Friday, November 30, 2018

ബാംഗ്ലൂര്‍:  കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ബി എസ് യെദൂരപ്പ ബി ജെ പിയുമായി ഇടയുന്നു. പാര്‍ട്ടി പിളര്‍ത്തി കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം യെദൂരപ്പ ആരംഭിച്ചതായാണ് കര്‍ണ്ണാടകയിലെ ഏറ്റവും പുതിയ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച യെദൂരപ്പ 45 എം എല്‍ എമാര്‍ ഒപ്പമുണ്ടെന്നും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താല്പര്യമുണ്ടെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ജനതാദള്‍ (എസ്) നെ ഒഴിവാക്കി യെദൂരപ്പ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുമായി ചേര്‍ന്ന്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യമാണ് യെദൂരപ്പ ശിവകുമാറിന് മുന്നില്‍ വച്ചതെന്ന് പറയപ്പെടുന്നു.

പാര്‍ട്ടി പിളര്‍ത്തണമെങ്കില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. 104 എം എല്‍ എമാരാണ് കര്‍ണ്ണാടകയില്‍ ബി ജെ പിക്കുള്ളത്. അതില്‍ 70 എം എല്‍ എമാരുടെ പിന്തുണ സമാഹരിക്കുക എളുപ്പമല്ല. അതിനാല്‍ 45 എം എല്‍ എമാരും രാജിവച്ച് വീണ്ടും കോണ്‍ഗ്രസ് സഹകരണത്തോടെ മത്സരിച്ച് വിജയിച്ചാല്‍ മാത്രമേ ഈ നീക്കത്തിന് സാധ്യതയുള്ളൂ.

എന്നാല്‍ നിലവില്‍ ജനതാദള്‍ എസുമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ സുഖകരമായി കോണ്‍ഗ്രസ് ആധിപത്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതുപേക്ഷിച്ച് കുടിലതന്ത്രജ്ഞനായ യെദൂരപ്പയുമായി ചേര്‍ന്ന്‍ ഒരു രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസിന് താല്പര്യക്കുറവുണ്ട്. അതിനാല്‍ തന്നെ യെദൂരപ്പയുടെ നീക്കങ്ങള്‍ ഫലപ്രാപ്തിയിലെത്തുക പ്രയാസമുള്ള കാര്യമാണ്.

എന്നാല്‍ അതില്‍ കോണ്‍ഗ്രസിന് ഗുണപരമായ മറ്റൊരു രാഷ്ട്രീയ ലാഭം ദേശീയ തലത്തില്‍ ഉണ്ടാകാവുന്ന പ്രതിഫലനമാണ്. യെദൂരപ്പയെപ്പോലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒരു നേതാവിനെ ബി ജെ പിയില്‍ നിന്നും അടര്‍ത്തി മാറ്റാനായാല്‍ അത് ദേശീയ തലത്തില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും.

മാത്രമല്ല, കര്‍ണ്ണാടക പോലെ ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് ഏറ്റവുമധികം സ്വാധീനമുള്ള ഒരു സംസ്ഥാനത്ത് ബി ജെ പിയെ നിലംപരിശാക്കാനായാല്‍ അത് ദക്ഷിണേന്ത്യയിലെ കാവി മുന്നേറ്റത്തിന്റെ മുളയൊടിക്കുന്ന നീക്കവുമാകും. ലിംഗായത്ത് സമുദായത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള യദൂരപ്പയെ കൂടെ നിര്‍ത്തിയാല്‍ കര്‍ണ്ണാടകയില്‍ അത് വന്‍ മുന്നേറ്റത്തിനു കാരണമാകും എന്ന തിരിച്ചറിവും കോണ്‍ഗ്രസിനുണ്ട് .

ആ നിലയ്ക്ക് യെദൂരപ്പയുടെ നീക്കത്തോട് കോണ്‍ഗ്രസിന് താല്പര്യമുണ്ട്. പക്ഷേ, അതിനായി കര്‍ണ്ണാടകയിലെ ദള്‍ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന സംശയവും കോണ്‍ഗ്രസിനുണ്ട്. പകരം യെദൂരപ്പയ്ക്ക് യു പി എ ഭരണത്തില്‍ നിര്‍ണ്ണായകമായ റോള്‍ വാഗ്ദാനം ചെയ്യാനാണ് കോണ്‍ഗ്രസ് ആലോചന.

ബി ജെ പി കേന്ദ്ര നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നാണ് യെദൂരപ്പയുടെ പരാതി. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്ര ക്യാബിനറ്റില്‍ സ്ഥാനം ലഭിക്കാതെപോയ ഏക മുതിര്‍ന്ന നേതാവ് യെദൂരപ്പ മാത്രമായിരുന്നു.

മുന്‍ മുഖ്യമന്ത്രിയെന്ന ഭരണപരിചയം പോലും ഇക്കാര്യത്തില്‍ മോഡി പരിഗണിച്ചില്ല. പകരം 4 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിക്കൊള്ളൂ എന്നായിരുന്നു മോഡിയുടെ നിര്‍ദ്ദേശം. ഈ അപമാനം സഹിച്ച് 4 വര്‍ഷം തുടര്‍ന്നിട്ട് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ യെദൂരപ്പയുടെ സ്വപ്നങ്ങള്‍ തകര്‍ന്നു.

ആദ്യം മുഖ്യമന്ത്രിയാകാന്‍ പിടിവാശി കാണിച്ചപ്പോള്‍ കേന്ദ്രം ഗവര്‍ണറെ ഉപയോഗിച്ച് അതിന് അവസരം ഒരുക്കി. വിശ്വാസവോട്ടെടുപ്പില്‍ നാണംകെട്ട് രാജിവയ്ക്കേണ്ടി വന്നത് പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ നാണക്കേടായെന്ന പരാതിയായിരുന്നു അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുണ്ടായത്. അതോടെ ബി ജെ പിയില്‍ യെദൂരപ്പയുടെ കഷ്ടകാലം ആരംഭിച്ചു.

ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും തൂത്തെറിയപ്പെട്ടതോടെ ഇനി തനിക്ക് ബി ജെ പിയില്‍ ഭാവിയില്ലെന്ന് യദൂരപ്പ തിരിച്ചറിയുകയാണ്. കര്‍ണ്ണാടകയിലെ രാഷ്ട്രീയ ചാണക്യനായ അദ്ദേഹം ഇനി സ്വന്തം ലാഭം നോക്കിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കായിട്ടായിരിക്കും കരുക്കള്‍ നീക്കുക.

×