Advertisment

കോണ്‍ഗ്രസിന്‍റെ വിശാല പ്രതിപക്ഷ സഖ്യത്തിന് വിലങ്ങുതടിയായി മായാവതിയുടെ എസ് പി - ബി എസ് പി - ആര്‍എല്‍ഡി സഖ്യം ! പഴയ വിശ്വസ്തര്‍ കൂടൊഴിഞ്ഞ ക്ഷീണത്തില്‍ ബിജെപിയും ! ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ചരടുവലികള്‍ സജീവം !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ന്യൂഡല്‍ഹി:  ബി ജെ പിക്കെതിരെ വിശാല - മതേതര പ്രതിപക്ഷ ഐക്യ നിര എന്ന ലക്ഷ്യത്തിന് വെല്ലുവിളി ഉയര്‍ത്തി അഖിലേഷ് യാദവ് - മായാവതി - അജിത്‌ സിംഗ് സഖ്യം രംഗത്ത്.

കോണ്‍ഗ്രസ് വിശാല സഖ്യത്തിനൊരുങ്ങുമ്പോള്‍ എസ് പിയും ബി എസ് പിയും ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള ധാരണയുമായാണ് മുന്നോട്ട് നീങ്ങുന്നത്. ഒപ്പം ആര്‍ എല്‍ ഡിയെയും ഇവര്‍ കൂടെക്കൂട്ടിയിട്ടുണ്ട്.

publive-image

മായാവതിയുടെ ലക്‌ഷ്യം പ്രധാനമന്ത്രി പദമാണ്. അതിന് സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് അഖിലേഷ് യാദവിനോട് മായാവതിയുടെ ഡിമാന്റ്. പിതാവ് മുലായം സിംഗ് യാദവ് അത്തരം മോഹങ്ങള്‍ ഉപേക്ഷിച്ച് പാര്‍ട്ടിയില്‍ അപ്രസക്തനായി മാറുന്നതോടെ തല്‍ക്കാലം കേന്ദ്ര പദവികളില്‍ അഖിലേഷ് മോഹം ഉയര്‍ത്തുന്നില്ല. അതിനാലാണ് കേന്ദ്ര താല്പര്യങ്ങള്‍ മായാവതിക്ക് വിട്ടുകൊടുത്ത് സംസ്ഥാനത്ത് അദ്ദേഹം മായാവതിയുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കിയത്.

ഒപ്പം ആര്‍ എല്‍ ഡി കൂടി ചേര്‍ന്നാല്‍ മറ്റാരുടെയും സഹായമില്ലാതെ യു പിയില്‍ നിന്നും ബി ജെ പിയെയും യോഗി സര്‍ക്കാരിനെയും കെട്ടുകെട്ടിക്കാന്‍ അഖിലേഷിന് കഴിയും.

publive-image

യു പിയില്‍ നിന്നും മാത്രം 55 - 60 സീറ്റുകള്‍ വരെ സ്വന്തമാക്കാമെന്നാണ് മായാവതി - അഖിലേഷ് കൂട്ടുകെട്ടിന്റെ മനസിലിരുപ്പ്. മമതാ ബാനര്‍ജിയും ബീഹാറില്‍ നിധീഷ് കുമാറും ഒറീസയില്‍ ബിജു പട്നായിക്കും തമിഴ്നാട്ടിലെ ഡി എം കെയും ഒപ്പം നിന്നാല്‍ 100 ലേറെ സീറ്റുകള്‍ തരപ്പെടുത്താം.

പക്ഷെ ഇവരെയൊക്കെ ഒന്നിച്ചു കൂട്ടുക അത്ര എളുപ്പമല്ല. കോണ്‍ഗ്രസ് ശ്രമിച്ചിട്ടും നടക്കാതെ പോയതാണ്.

കോണ്‍ഗ്രസും ഇടത് പക്ഷവും മമതയും യോജിച്ചു നിന്ന് പ്രതിപക്ഷ ഐക്യ നിര സംഘടിപ്പിക്കാന്‍ നീക്കം തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഈ നീക്കം അധികം മുന്നോട്ട് പോയില്ല. അതിനിടെയില്‍ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി കാരാട്ടും സീതാറാം യെച്ചൂരിയും കൊമ്പുകോര്‍ത്തു.

ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് യെച്ചൂരിയുടെ കോണ്‍ഗ്രസ് ലൈനില്‍ അംഗീകാരം നല്‍കിയതോടെ ഈ നീക്കം വീണ്ടും സജീവമായിട്ടുണ്ട്.

publive-image

എന്നാല്‍ ഇടത് പക്ഷത്തിന് കാര്യമായ സീറ്റെണ്ണം കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നില്ല. ഏറിയാല്‍ പത്തിനോടടുത്താണ് കോണ്‍ഗ്രസിന്റെ കണക്ക്. മാത്രമല്ല, 150 സീറ്റുകളില്‍ കുറയാതെ നേടാനായില്ലെങ്കില്‍ പ്രതിപക്ഷ നിരയില്‍ നിന്നും കോണ്‍ഗ്രസ് അപ്രത്യക്ഷമാകുമെന്നതാണ് സാഹചര്യം. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങി പ്രധാന മന്ത്രിയാകാനുള്ള ശ്രമങ്ങളാണ് മായാവതിയും മമതാ ബാനര്‍ജിയും നടത്തുന്നത്.

പ്രതിപക്ഷത്തെ സംഘടിപ്പിക്കാന്‍ ഒന്നിലേറെ പ്രധാനമന്ത്രി പദവി മോഹികള്‍ രംഗത്തിറങ്ങുന്നു എന്നതാണ് ബി ജെ പിയ്ക്ക് ആശ്വാസം. അതേസമയം, ബി ജെ പി രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണ ശാലയായ യു പിയില്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുള്ള തിരിച്ചടികളില്‍ മോഡിയും അമിത് ഷായും അങ്കലാപ്പിലാണ്.

publive-image

വലിയ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ബി ജെ പിയുടെ നില പരുങ്ങലിലാണ്. രാജസ്ഥാനും മധ്യപ്രദേശും ഉദാഹരണം. ഗുജറാത്തില്‍ പോലും കഴിഞ്ഞ തവണത്തെ മുന്നേറ്റം പ്രതീക്ഷിക്കാനാകാത്തതാണ് സ്ഥിതി.

വിശ്വസ്തരായ സഖ്യ കക്ഷികളാണ് ബി ജെ പിയെ കയ്യൊഴിഞ്ഞു മാറി നില്‍ക്കുന്നത്; ശിവസേനയും തെലുങ്കുദേശവും എന്‍ ഡി എയുടെ ആണിക്കല്ലാണ് ഇളക്കുന്നത്.

തമിഴ്നാട്ടില്‍ അണ്ണാ ഡി എം കെയെ ഒന്നാകെ വിഴുങ്ങാമെന്ന് കരുതിയെങ്കിലും ബി ജെ പി തന്ത്രങ്ങള്‍ പാളി. ഈ സാഹചര്യത്തില്‍ സ്വന്തം നിലയില്‍ സീറ്റുകള്‍ നേടാനായില്ലെങ്കില്‍  ബി ജെ പിയുടെ നിലയും പരുങ്ങലിലാകും.

akhilesh yadav mayavati
Advertisment